ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച പ്രതിഭാശാലികളായ താരങ്ങളിലൊരാളാണ് വിനോദ് കാംബ്ലി. സച്ചിന്‍ ടെണ്ടുല്‍ക്കറെക്കാളും കേമനെന്ന് ക്രിക്കറ്റ് ലോകം തുടക്കത്തില്‍ വിലയിരുത്തിയ കളിക്കാരനാണ് കാംബ്ലി. രമാകാന്ദ് അഛരേക്കറെന്ന ഇതിഹാസ പരിശീലകന് കീഴില്‍ കളിച്ചുവളര്‍ന്ന സച്ചിനും കാംബ്ലിയും ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നട്ടെല്ലായിരുന്നു. ക്രിക്കറ്റിന് പുറത്തും സച്ചിനും കാംബ്ലിയും ഉറ്റ സുഹൃത്തുക്കളായിരുന്നു.
1988ലെ ഹാരിസ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ 662 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച് എല്ലാവരേയും ഞെട്ടിപ്പിക്കാന്‍ സച്ചിനും കാംബ്ലിക്കുമായി. ആ സമയത്ത് അത്ഭുത കൂട്ടുകെട്ടായിരുന്നു ഇത്. ഇരുവരുടേയും ഈ കൂട്ടുകെട്ട് ഇന്ത്യന്‍ ടീമിലേക്കും വളര്‍ന്നു. എന്നാല്‍ കാംബ്ലിയുടെ കരിയര്‍ പല കാരണങ്ങളാല്‍ പിന്നോക്കം പോയപ്പോള്‍ സച്ചിന്‍ ഇതിഹാസമായി മാറി. ലോക ക്രിക്കറ്റിലെ ദൈവമായി സച്ചിന്‍ മാറിയപ്പോള്‍ കാംബ്ലിക്ക് ഒന്നുമാവാന്‍ സാധിക്കാതെ പോയി എന്നതാണ് എടുത്തു പറയേണ്ടത്.
ഇപ്പോള്‍ ഗുരുതര രോഗാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് കാംബ്ലി. ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. തന്റെ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് സച്ചിനോട് പറഞ്ഞിട്ടില്ലെന്നാണ് കാംബ്ലി ആശുപത്രിയില്‍ നിന്ന് വെളിപ്പെടുത്തിയത്. ഇപ്പോള്‍ തനിക്ക് പഴയ പിണക്കമില്ലെന്നും കാംബ്ലി പറയുന്നു.
ഉറ്റ സുഹൃത്തുക്കള്‍ പിന്നീട് ശത്രുക്കളായി
ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും അഭിമാനമായി ഇരുവരും പെട്ടെന്ന് പേരെടുത്തു. എന്നാല്‍ സച്ചിന്‍ കരിയറിന് പ്രാധാന്യം നല്‍കിയപ്പോള്‍ പെട്ടെന്നുണ്ടായ പണത്തിലും ആഡംഭരങ്ങളും കാംബ്ലിയുടെ ശ്രദ്ധ തെറ്റിച്ചു. ക്രിക്കറ്റിനെക്കാള്‍ കൂടുതല്‍ ലഹരിയെ സ്‌നേഹിച്ച് തുടങ്ങിയതോടെ കാംബ്ലിയുടെ കരിയര്‍ പിന്നോട്ട് പോകാന്‍ തുടങ്ങി. പതിയെ മോശം ഫോമിലേക്കും പിന്നീട് ഇന്ത്യന്‍ ടീമിന് പുറത്തേക്കും കാംബ്ലിക്ക് പോകേണ്ടി വന്നു.
ഇതിന് ശേഷമാണ് സച്ചിനുമായി അകലുന്നത്. കാംബ്ലിയുടെ ലഹരി മാഫിയകളുമായുള്ള ബന്ധം അന്ന് പുറത്തുവന്നിരുന്നതിനാല്‍ സച്ചിന്‍ ഈ സൗഹൃദത്തില്‍ നിന്ന് പതിയെ മാറുകയായിരുന്നു. തന്റെ കരിയറിനെ അത് പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവാണ് സച്ചിന്റെ പിന്മാറ്റത്തിന് കാരണം. ഇതിന് ശേഷം കാംബ്ലി പോലീസ് കേസുകളിലടക്കം അകപ്പെട്ടു. ലഹരിക്ക് അടിമയായി പല തവണ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.

എന്നാല്‍ ഈ സാഹചര്യത്തിലൊന്നും സച്ചിന്‍ കാംബ്ലിയെ തിരിഞ്ഞുനോക്കിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതോടെ സച്ചിനെ നിരന്തരം വിമര്‍ശിക്കുന്ന ശത്രുവായി കാംബ്ലി മാറി. സച്ചിനെ നേരില്‍ കാണുമ്പോള്‍ പോലും കാംബ്ലി സംസാരിക്കാത്ത തരത്തില്‍ ഇവര്‍ ശത്രുക്കളായി.
ഇപ്പോള്‍ കാംബ്ലിക്ക് തിരിച്ചറിവായി
52 വയസുകാരനായ കാംബ്ലി ഇപ്പോള്‍ പഴയ ശത്രുതയെല്ലാം മറന്നിരിക്കുകയാണ്. സച്ചിന്റെ കാര്യത്തില്‍ തനിക്കുണ്ടായിരുന്നത് തെറ്റിദ്ധാരണ ആണെന്നാണ് കാംബ്ലി പറയുന്നത്. സച്ചിന്‍ എന്റെ ആരോഗ്യപരമായ കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ടായിരുന്നു. സാമ്പത്തികമായും അദ്ദേഹം സഹായിച്ചിരുന്നു. ഇതെല്ലാം ഞാന്‍ വളരെ വൈകിയാണ് അറിഞ്ഞത്. 2013ല്‍ എനിക്ക് രണ്ട് ശത്രക്രിയകള്‍ ആവശ്യമായി വന്നു. ഇതിനുള്ള പണം സച്ചിനായിരുന്നു നല്‍കിയതെന്നാണ് കാംബ്ലി വെളിപ്പെടുത്തിയത്.
ലഹരിക്ക് അടിമപ്പെട്ട് ആരോഗ്യവും കരിയറും നഷ്ടപ്പെടുത്തിയ കാംബ്ലിയുടെ നിലവിലെ ഏക വരുമാനമാര്‍ഗം ബിസിസി ഐ നല്‍കുന്ന പെന്‍ഷനാണ്. ഇത് വളരെ കുറവ് തുകയുമാണ്. ഇപ്പോള്‍ കാംബ്ലിയുടെ ചികിത്സ സൗജന്യമായാണ് നടത്തുന്നത്. കഴിഞ്ഞിടെ ഒരു പൊതുവേദിയില്‍ സച്ചിനും കാംബ്ലിയും ഒരുമിച്ച് വേദി പങ്കിട്ടിരുന്നു. ഇന്ത്യയുടെ ഇതിഹാസമായി മാറേണ്ട താരത്തില്‍ നിന്നാണ് ഇന്നത്തെ നിലയിലേക്ക് കാംബ്ലി എത്തിയതെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.