ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു സാംസണ്‍ നയിച്ച കേരളാ ടീം ഗ്രൂപ്പുഘട്ടത്തില്‍ തലപ്പത്തു ഫിനിഷ് ചെയ്തിട്ടും എന്തുകൊണ്ടു ക്വാര്‍ട്ടര്‍ ഫൈനലിലേക്കു യോഗ്യത നേടിയില്ല എന്ന സംശയത്തിലാണ് ആരാധകര്‍. പ്രീക്വാര്‍ട്ടറിലേക്കാണ് കേരളാ ടീം ടിക്കറ്റെടുത്തത്. ഇതില്‍ ജയിച്ചാല്‍ മാത്രമേ കേരളം ക്വാര്‍ട്ടറില്‍ കടക്കുകയുള്ളൂ. ശക്തരായ മഹാരാഷ്ട്രയാണ് പ്രീക്വാര്‍ട്ടറില്‍ കേരളാ ടീമിനെ കാത്തിരിക്കുന്നത്.
ഇന്നു നടന്ന ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ റെയില്‍വേസിനോടു കേരളം പൊരുതിത്തോറ്റിരുന്നു. നായകന്‍ സഞ്ജു സെഞ്ച്വറിയുമായി കസറിയ കളിയില്‍ 18 റണ്‍സിനായിരുന്നു കേരളം കീഴടങ്ങിയത്. ജയിച്ചിരുന്നെങ്കില്‍ കേരളം ക്വാര്‍ട്ടറിലേക്കു മുന്നേറുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ ജയത്തിനു അരികില്‍ വരെയെത്തിയ ശേഷം സഞ്ജുവും സംഘവും കീഴടങ്ങുകയായിരുന്നു.

റെയില്‍വേസിനോടു തോറ്റെങ്കിലും ഗ്രൂപ്പുഘട്ടത്തിലെ ഏഴു മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ കേരളം തന്നെയാണ് ഗ്രൂപ്പ് എയില്‍ തലപ്പത്ത്. ഏഴു കളിയില്‍ നിന്നും അഞ്ചു ജയവും രണ്ടു തോല്‍വിയുമടക്കം 20 പോയിന്റാണ് കേരളത്തിനു ലഭിച്ചത്. +1.553 എന്ന മികച്ച നെറ്റ് റണ്‍റേറ്റും കേരളത്തിനുണ്ട്.
മുബൈയ്ക്കും ഏഴും മല്‍സരങ്ങളില്‍ നിന്നും അഞ്ചു ജയവും രണ്ടു തോല്‍വിയുമടക്കം 20 പോയിന്റ് തന്നെയാണ് ലഭിച്ചത്. നെറ്റ് റണ്‍റേറ്റില്‍ അവര്‍ കേരളത്തിനു പിറകിലുമാണ്. +1.017 ആയിരുന്നു മുംബൈയുടെ നെറ്റ് റണ്‍റേറ്റ്. ഈ കാരണത്താല്‍ തന്നെയാണ് ഗ്രൂപ്പില്‍ മുംബൈയെ പിന്തള്ളി കേരളം ഒന്നാംസ്ഥാനത്തു ഫിനിഷ് ചെയ്തത്. എന്നിട്ടും കേരളത്തിനു ക്വാര്‍ട്ടറിലെത്താന്‍ കഴിയാതെ പോയപ്പോള്‍ മുംബൈ നേരിട്ട് ക്വാര്‍ട്ടറില്‍ കടക്കുകയും ചെയ്തു.
വളരെ വിചിത്രമായ ഒരു നിയമമാണ് കേരളത്തെ പിന്തള്ളി മുംബൈ ക്വാര്‍ട്ടറിലെത്താന്‍ കാരണം. സാധാരണയായി ഇത്തരം സാഹചര്യങ്ങളില്‍ ഒന്നിലേറെ ടീമുകള്‍ക്കു ഒരേ പോയിന്റ് ലഭിച്ചാല്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ളവരാണ് അടുത്ത റൗണ്ടിലേക്കു മുന്നേറാറുള്ളത്. പക്ഷെ വിജയ് ഹസാരെ ട്രോഫിയിലെ നിയമം തികച്ചും വ്യത്യസ്തമാണ്.
ഗ്രൂപ്പുഘട്ടത്തില്‍ ഒന്നിലേറെ ടീമുകള്‍ക്കു ഒരേ പോയിന്റ് ലഭിക്കുകയാണെങ്കില്‍ നെറ്റ് റണ്‍റേറ്റല്ല പരിഗണിക്കുക. മറിച്ച് ഈ രണ്ടു ടീമുകള്‍ തമ്മില്‍ നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ആര്‍ക്കായിരുന്നു ജയമെന്നതാണ് കണക്കിലെടുക്കുക. കേരളത്തിന്റെ കാര്യത്തിലും സംഭവിച്ചത് ഇതാണ്. നേരത്തേ ആലൂരില്‍ കഴിഞ്ഞ മാസം നടന്ന കളിയില്‍ കേരളത്തിനെതിരേ മുംബൈ മഴ നിയമപ്രകാരം എട്ടു വിക്കറ്റിന്റെ വിജയം കൊയ്തിരുന്നു.

അന്നത്തെ പരാജയത്തിനു ഇത്ര വലിയ തിരിച്ചടി നേരിടുമെന്നു കേരളാ ടീം കരുതിക്കാണില്ല. ഈ തോല്‍വിയോടെ മികച്ച നെറ്റ് റണ്‍റേറ്റുണ്ടായിട്ടും കേരളം മുംബൈയ്ക്കു പിറകിലേക്കു പിന്തള്ളപ്പെടുകയായിരുന്നു. മുംബൈയാവട്ടെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കു ടിക്കറ്റ് വാങ്ങുകയും ചെയ്തു.
അതേസമയം, റെയില്‍വേസുമായുള്ള മല്‍സരത്തില്‍ ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി സഞ്ജു മുന്നില്‍ നിന്നു നയിച്ചിട്ടും ടീമിലെ മറ്റുള്ളവരില്‍ നിന്നും കാര്യമായ പിന്തുണ ലഭിക്കാതെ പോയതാണ് കേരളത്തെ തോല്‍വിയിലേക്കു തള്ളിയിട്ടത്. 256 റണ്‍സ് പിന്തുടര്‍ന്ന കേരളം എട്ടു വിക്കറ്റിനു 237 റണ്‍സ് നേടി മല്‍സരം അടിയറവയ്ക്കുകയായിരുന്നു.
സഞ്ജു 139 ബോളില്‍ എട്ടു ഫോറും ആറു സിക്‌സറുകളുമടക്കം 128 റണ്‍സുമായി തിളങ്ങി. 53 റണ്‍സെടുത്ത ശ്രേയസ് ഗോപാലാണ് മറ്റൊരു പ്രധാന സ്‌കോറര്‍. ഇവരെക്കൂടാതെ ഓപ്പണര്‍ കൃഷ്ണ പ്രസാദ് 29 റണ്‍സ് നേടിയതൊഴിച്ചാല്‍ മറ്റാരും കേരളാ നിരയില്‍ രണ്ടക്കം തികച്ചില്ല.