Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിജയ് ഹസാരെ ട്രോഫി: വെങ്കടേഷിന് വെടിക്കെട്ട് സെഞ്ച്വറി, കേരളം തോറ്റു; നൂറടിച്ച് വീണ്ടും റുതുരാജ്

1

രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമന്റിലെ രണ്ടാമത്തെ ഗ്രൂപ്പ് മല്‍സരത്തില്‍ കേരളത്തിനു പിഴച്ചു. എലൈറ്റ് ഗ്രൂപ്പ് ഡിയിലെ രണ്ടാം മല്‍സരത്തില്‍ മധ്യപ്രദേശാണ് കേരളത്തെ കെട്ടുകെട്ടിച്ചത്. റണ്ണൊഴുകിയ ആവേശകരമായ പോരാട്ടത്തില്‍ 40 റണ്‍സിനായിരുന്നു മധ്യപ്രദേശിന്റെ വിജയം. ഇന്ത്യന്‍ ടീമിലെ പുതിയ ഓള്‍റൗണ്ടറായിരിക്കുന്ന വെങ്കടേഷ് അയ്യരായിരുന്നു മധ്യപ്രദേശിന്റെ ഹീറോ. തകര്‍പ്പന്‍ സെഞ്ച്വറിയുമായി താരം കസറി. വരാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമിലേക്കു തന്റെ അവകാശവാദമുന്നയിക്കുന്ന പ്രകടനമാണ് വെങ്കടേഷ് നടത്തിയത്.

തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും ടോസ് ലഭിച്ച കേരള ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ മധ്യപ്രദേശ് ഒമ്പതു വിക്കറ്റിന് 329 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. നാലാമനായി ബാറ്റ് ചെയ്ത വെങ്കടേഷിന്റെ (112) ഇന്നിങ്‌സാണ് മധ്യപ്രദേശിനെ 300ന് മുകളില്‍ അടിച്ചെടുക്കാന്‍ സഹായിച്ചത്. 84 ബോളില്‍ ഏഴു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു വെങ്കിയുടെ ഇന്നിങ്‌സ്. 82 റണ്‍സെടുത്ത ശുഭം ശര്‍മയാണ് മറ്റൊരു പ്രധാന സ്‌കോറര്‍. 67 ബോളില്‍ ഒമ്പതു ബൗണ്ടറിയും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. അഭിഷേക് ഭണ്ഡാരിയും രജത് പാട്ടിധറും 49 റണ്‍സ് വീതമെടുത്തു. കേരളത്തിനായി വിഷ്ണു വിനോദ് മൂന്നും ബേസില്‍ തമ്പി രണ്ടും വിക്കറ്റുകളെടുത്തു.

മറുപടി ബാറ്റിങില്‍ കേരളം വീറോടെ പൊരുതിയെങ്കിലും രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ 289 റണ്‍സിനു കേരളം പുറത്തായി. സഞ്ജു തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും വലിയ സ്‌കോര്‍ നേടാനാവാതെ മടങ്ങി. 18 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. 22 ബോളില്‍ ഒരു സിക്‌സറോടെയായിരുന്നു ഇത്.

കേരളത്തിനു വേണ്ടി ഓപ്പണര്‍ രോഹന്‍ കുന്നുമ്മലും സച്ചിന്‍ ബേബിയും 66 റണ്‍സ് വീതമെടുത്തു. 76 ബോളില്‍ ഏഴു ബൗണ്ടറിയും ഒരു സിക്‌സറുമടക്കമാണ് രോഹന്‍ 66 റണ്‍സ് നേടിയതെങ്കില്‍ സച്ചിന്‍ ബേബി 66 ബോളില്‍ മൂന്നു സിക്‌സറും രണ്ടു ബൗണ്ടറികളുമടിച്ചു. മുഹമ്മദ് അസ്ഹറുദ്ദീനും ജലജ് സക്‌സേനയും 34 റണ്‍സ് വീതമെടുത്ത് മടങ്ങി. ബാറ്റിങില്‍ കസറിയ വെങ്കടേഷ് ബൗളിങിലും മധ്യപ്രദേശിനായി കസറി. ഒമ്പത് ഓവറില്‍ 55 റണ്‍സിനു അദ്ദേഹം മൂന്നു വിക്കറ്റുകള്‍ വീഴത്തി. പുനീത് ദാത്തെ നാലു വിക്കറ്റുകളും നേടി.

റുതുരാജിനു വീണ്ടും സെഞ്ച്വറി

കഴിഞ്ഞ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പിന് അവകാശിയായ റുതുരാജ് ഗെയ്ക്വാദ് റണ്‍വേട്ട തുടരുകയാണ്. വിജയ് ഹസാരെ ട്രോഫിയില്‍ മഹാരാഷ്ട്ര ടീമിന്റെ നായകനായ അദ്ദേഹം തുടരെ രണ്ടാമത്തെ കളിയിലും സെഞ്ച്വറിയടിച്ചു. ഗ്രൂപ്പ് ഡിയില്‍ ഛത്തീസ്ഗഡിനെതിരേയാണ് റുതുരാജ് അപരാജിത സെഞ്ച്വറി നേടിയത്. ബുധനാഴ്ച ആദ്യ കളിയില്‍ മുംബൈയ്‌ക്കെതിരേയും അദ്ദേഹം സെഞ്ച്വറി കണ്ടെത്തിയിരുന്നു. ഛത്തീസ്ഗഡിനെ മഹാരാഷ്ട്ര എട്ടു വിക്കറ്റിനു തകര്‍ത്തുവിട്ട കളിയില്‍ ഓപ്പണറായി ഇറങ്ങിയ റുതുരാജിന്റെ (154*) വണ്‍മാന്‍ ഷോയാണ് ടീമിന്റെ വിജയം എളുപ്പമാക്കിയത്. വെറും 143 ബോളില്‍ 14 ബൗണ്ടറികളും അഞ്ചു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഛത്തീസ്ഗഡ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിനു 275 റണ്‍സ് നേടി. അമന്‍ദീപ് ഖാരെ (82), ശശാങ്ക് സിങ് (63) എന്നിവരുടെ ഫിഫ്റ്റികളാണ് ടീമിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. മറുപടി ബാറ്റിങില്‍ മൂന്നോവറുകള്‍ ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ മഹാരാഷ്ട്ര ലക്ഷ്യത്തിലെത്തി. റുതുരാജിന്റെ അപരാജിത ഇന്നിങ്‌സാണ് മഹാരാഷ്ട്രയുടെ വിജയം അനായാസമാക്കിയത്. യാഷ് നഹര്‍ 52 റണ്‍സും നേടി.

Story first published: Thursday, December 9, 2021, 18:59 [IST]
Other articles published on Dec 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+