റാഞ്ചി: ഇന്ത്യന്‍ കുപ്പായത്തിലും ആഭ്യന്തര ക്രിക്കറ്റിലുമെല്ലാം കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയുടെ അഴിഞ്ഞാട്ടം തുടരുകയാണ്. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിന്റെ പുതിയ സീസണിലെ ആദ്യ റൗണ്ടില്‍ തന്നെ തീപ്പൊരി സെഞ്ച്വറിയോടെ ചരിത്രം കുറിച്ചിരിക്കുകയാണ് ഈ 14 കാരന്‍. അരുണാല്‍ പ്രദേശുമായുള്ള മല്‍സരത്തിലാണ് ബിഹാറിനായി ഇറങ്ങി വെറും 36 ബോളില്‍ വൈഭവ് നൂറടിച്ചത്.
ദിവസങ്ങള്‍ക്കു മുമ്പാണ് യുഎഇ വേദിയായ അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യക്കു വേണ്ടി ഒരു കളിയില്‍ 171 റണ്‍സിന്റെ മാരത്തണ്‍ ഇന്നിങ്‌സ് കളിച്ചത്. അതിനു പിന്നാലെയാണ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമുള്ള ആദ്യ കളിയില്‍ തന്നെ വൈഭവ് വീണ്ടുമൊരു ഇടിവെട്ട് സെഞ്ച്വറിയോടെ കൈയടി നേടിയത്. കളിയില്‍ 84 ബോളില്‍ 190 റണ്‍സ് വാരിക്കൂട്ടിയാണ് താരം മടങ്ങിയത്. 16 ഫോറും 15 സിക്‌സും ഇതില്‍പ്പെടും. ലിസ്റ്റ് എയിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറും കൂടിയാണിത്.

റെക്കോര്‍ഡിട്ട് വൈഭവ്
ലിസ്റ്റ് എ ക്രിക്കറ്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിക്കു കൂടിയാണ് വൈഭവ് സൂര്യവംശി അര്‍ഹനായത്. വെറുമൊരു ബോള്‍ വ്യത്യാസത്തിലാണ് ഓള്‍ടൈം റെക്കോര്‍ഡിനൊപ്പമെത്താനുള്ള സുവര്‍ണാവസരം താരത്തിനു നഷ്ടമായത്.
റാഞ്ചിയില്‍ നടന്ന കളിയില്‍ അരുണാചല്‍ പ്രദേശിന്റെ ബൗളര്‍മാരെ വൈഭവ് അക്ഷരാര്‍ഥത്തില്‍ പഞ്ഞിക്കിട്ടു. 36 ബോളില്‍ 10 ഫോറുകളും എട്ടു സിക്‌സറുമുള്‍പ്പെടെയാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 12ാം ഓവറിന്റെ തുടക്കത്തില്‍ സിംഗിളിലൂടെയായിരുന്നു താരം മൂന്നക്കം പൂര്‍ത്തിയാക്കിയത്.
ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ ഇന്ത്യന്‍ സെഞ്ച്വറി വീരന്‍മാരുടെ ലിസ്റ്റിലെ പുതിയ രണ്ടാം നമ്പറുകാരനായിരിക്കുകയാണ് വൈഭവ്. നേരത്തേ ഈ പൊസിഷനില്‍ മുന്‍ വെടിക്കെട്ട് താരവും ഓള്‍റൗണ്ടറുമായ യൂസുഫ് പഠാനായിരുന്നു. 40 ബോളിലായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറി.
2010ല്‍ മഹാരാഷ്ട്രയ്‌ക്കെതിരേ ബറോഡയ്ക്കു വേണ്ടിയായിരുന്നു യൂസുഫിന്റെ നേട്ടം. ഇതാണ് 36 ബോള്‍ സെഞ്ച്വറിയോടെ വൈഭവ് തിരുത്തിയത്. ഈ ലിസ്റ്റില്‍ തലപ്പത്ത് പഞ്ചാബ് താരം അന്‍മോല്‍പ്രീത് സിങാണ്. കഴിഞ്ഞ വര്‍ഷം 35 ബോളില്‍ സെഞ്ച്വറിയടിച്ചായിരുന്നു അദ്ദേഹം ചരിത്രം കുറിച്ചത്.
യൂസുഫിനെ മാത്രമല്ല, നിലവിലെ ലോക ഒന്നാംനമ്പര്‍ ടി20 ബാറ്റര്‍ കൂടിയായ അഭിഷേക് ശര്‍മയെയും എലൈറ്റ് ക്ലബ്ബില്‍ വൈഭവ് ഓവര്‍ടേക്ക് ചെയ്തിരിക്കുകയാണ്. 42 ബോളില്‍ സെഞ്ച്വറി കുറിച്ച അഭിഷേക് ഈ ലിസ്റ്റിലെ അഞ്ചാമനാണ്.
2021ല്‍ മധ്യപ്രദേശിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. ടോപ്പ് ഫൈവ് ലിസ്റ്റില്‍ അഭിഷേകിനു മുകളിലായി നാലാമന്‍ ഗുജറാത്തിന്റെ ഉര്‍വില്‍ പട്ടേലാണ്. 2023ല്‍ 41 ബോളില്‍ സെഞ്ച്വറിയടിച്ചാണ് താരം ഈ ക്ലബ്ലില്‍ ഇടം പിടിച്ചത്.
അതേസമയം, ലിസ്റ്റ് എയിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയെന്ന ലോകറെക്കോര്‍ഡ് ഓസ്‌ട്രേലിയന്‍ യുവതാരം ജേക്ക് ഫ്രേസര്‍ മഗ്യുര്‍ക്കിനു അവകാശപ്പെട്ടതാണ്. 2023-24 സീസണില്‍ ടാസ്മാനിയക്കെതിരായ മാച്ചി സൗത്ത് ഓസ്‌ട്രേലിയക്കു വേണ്ടി നൂറിലെത്താന്‍ വെറും 29 ബോളുകള്‍ മാത്രമേ മഗ്യുര്‍ക്കിനു വേണ്ടി വന്നുള്ളൂ.

സെഞ്ച്വറികളുടെ ചാകര
ചുരുങ്ങിയ കാലത്തിനിടെ തന്നെ വിവിധ ടീമുകള്‍ക്കൊപ്പം വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ സെഞ്ച്വറികളുടെ ചാകര തീര്‍ത്തിരിക്കുകയാണ് വൈഭവ് സൂര്യവംശി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം അരങ്ങേറ്റ സീസണിലെ രണ്ടാമത്തെ കളിയില്‍ തന്നെ സെഞ്ച്വറിയടിച്ച താരമാണ് ഈ 14കാരന്‍.
ഇതുകൂടാതെ യൂത്ത് ഏകദിനത്തിലു യൂത്ത് ടെസ്റ്റിലും ഇന്ത്യന്‍ ടീമുകള്‍ക്കായി വൈഭവ് സെഞ്ച്വറി കണ്ടെത്തി. കൂടാതെ ഇന്ത്യന്‍ എ ടീമിനായും നൂറടിച്ച ഇടംകൈയന്‍ ബാറ്റര്‍ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ബിഹാറിനു വേണ്ടിയും സെഞ്ച്വറി കണ്ടെത്തി. പിന്നാലെ അണ്ടര്‍ 19 ഏഷ കപ്പില്‍ സെഞ്ച്വറി നേടിയ വൈഭവ് ഇപ്പോള്‍ വിജയ് ഹസാരെ ട്രോഫിയിലും നേട്ടമാവര്‍ത്തിച്ചു.