കൊച്ചി: സയ്യിദ് മുഷ്താഖ് അലി ട്രോഫിക്ക് പിന്നാലെ വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെയും സഞ്ജു സാംസണ്‍ നയിക്കും. സഞ്ജുവിന്റെ കീഴില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്. അതുകൊണ്ടുതന്നെയാണ് സീനിയര്‍ താരത്തെ നായകസ്ഥാനത്ത് നിലനിര്‍ത്തി കേരളം വിജയ് ഹസാരെ ട്രോഫിയിലിറങ്ങുന്നത്. 15 അംഗ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലാണ്. സഞ്ജുവിനെക്കാളും മികച്ച പ്രകടനമാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ രോഹന്‍ കാഴ്ചവെച്ചത്.
സഞ്ജു രണ്ട് അര്‍ധ സെഞ്ച്വറികളാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നേടിയത്. ടീമിനെ കിരീടത്തിലേക്കെത്തിക്കാന്‍ സഞ്ജുവിനായില്ലെങ്കിലും ഭേദപ്പെട്ട പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ശ്രേയസ് ഗോപാലും ടീമില്‍ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ വെടിക്കെട്ട് ഓപ്പണറായി മുഹമ്മദ് അസ്ഹറുദ്ദീനുമുണ്ട്. സീനിയര്‍ താരം സച്ചിന്‍ ബേബിയും ടീമിലുണ്ട്.
അബ്ദുല്‍ ബാസിത്, സിജോമോന്‍ ജോസഫ്, വൈശാഖ് ചന്ദ്രന്‍, ബേസില്‍ തമ്പി, സല്‍മാന്‍ നിസാര്‍, അജ്‌നാസ്, അഖില്‍ സ്‌കറിയ, ബേസില്‍ എന്‍പി, അഖിന്‍ സത്താര്‍, മിഥുന്‍ എസ് എന്നിവരാണ് ടീമിലെ മറ്റുള്ളവര്‍.
എം വെങ്കട്ടരാമനാണ് നിലവിലെ കേരളത്തിന്റെ മുഖ്യ പരിശീലകന്‍. പ്രതിഭാശാലികളായ താരങ്ങളുണ്ടെങ്കിലും കിരീടത്തിലേക്കെത്താന്‍ കേരളത്തിന് സാധിക്കുന്നില്ല. വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജുവിന് കീഴില്‍ കേരളം ഗംഭീര പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കാം.
ഈ മാസം 23നാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്. സഞ്ജുവിനെ കേരള ടീമിന്റെ നായകനായി പ്രഖ്യാപിച്ചതോടെ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് താരം തഴയപ്പെടാനുള്ള സാധ്യത കൂടിയിരിക്കുകയാണ്.
ഏകദിന ലോകകപ്പ് അവസാനിക്കുന്നതിന് പിന്നാലെ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കും. സീനിയര്‍ താരങ്ങള്‍ക്കെല്ലാം ഈ പരമ്പരയില്‍ വിശ്രമം അനുവദിക്കുമെന്നാണ് വിവരം. അങ്ങനെ വരുമ്പോള്‍ സഞ്ജു ഉള്‍പ്പെടെയുള്ള യുവതാരനിരക്കാണ് അവസരം ലഭിക്കുക. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ ടി20 പരമ്പരകളെ വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യ കാണുന്നത്.

യുവതാരങ്ങളെ സംബന്ധിച്ച് ടി20 ലോകകപ്പ് ടീമിലിടം നേടാന്‍ ഇനിയുള്ള പരമ്പരകളെല്ലാം മുതലാക്കേണ്ടതായുണ്ട്. ഇന്ത്യയുടെ ടി20 പദ്ധതികളില്‍ സഞ്ജുവിന് വലിയ സ്ഥാനമില്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ നിന്നും സഞ്ജു തഴയപ്പെട്ടേക്കും. ഇഷാന്‍ കിഷന്‍ ലോകകപ്പില്‍ അധികം മത്സരം കളിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഓസീസ് പരമ്പരയില്‍ ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറായി ഉണ്ടാവും.
ബാക്കപ്പ് കീപ്പറായി ജിതേഷ് ശര്‍മയെ കൊണ്ടുവരാനാണ് ഇന്ത്യയുടെ പദ്ധതി. സൂര്യകുമാര്‍ യാദവ്, റുതുരാജ് ഗെയ്ക് വാദ് എന്നിവരിലൊരാളാവും ഇന്ത്യയെ നയിക്കുക. സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ ഫൈനലിനുള്ള പ്ലേയിങ് 11ലും ഉള്‍പ്പെട്ടേക്കും. അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വിശ്രമം നല്‍കാനാണ് സാധ്യത. ഇതോടെ റുതുരാജിലേക്ക് നായകസ്ഥാനം എത്തിയേക്കും. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ നയിച്ചത് റുതുരാജായിരുന്നു.
ഓസീസ് പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് തഴയപ്പെട്ടാല്‍ സഞ്ജുവിന്റെ ചീട്ടുകീറുമെന്നുറപ്പ്. പിന്നീടൊരു തിരിച്ചുവരവ് പ്രയാസമായിരിക്കും. അടുത്ത ഐപിഎല്ലിലും രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായി സഞ്ജു സാംസണുണ്ടായിരിക്കും.
എന്നാല്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് തഴയപ്പെട്ടാല്‍ സഞ്ജുവിന്റെ രാജസ്ഥാനിലെ നായകസ്ഥാനവും വൈകാതെ തെറിച്ചേക്കും. ഓസീസ് പരമ്പരക്ക് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയും വരാനിരിക്കുന്നുണ്ട്. ഇതിലും സഞ്ജുവിന് ഇടം ലഭിച്ചേക്കില്ല.
നിലവിലെ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമില്‍ നിന്ന് സഞ്ജു തഴയപ്പെട്ടേക്കും. വിജയ് ഹസാരെ ട്രോഫിയില്‍ ഗംഭീര പ്രകടനം നടത്തി കേരളത്തെ കിരീടത്തിലേക്കെത്തിക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. അല്ലാത്ത പക്ഷം ദേശീയ ടീമിലേക്കുള്ള മടങ്ങിവരവ് സഞ്ജുവിന് എളുപ്പമാവില്ല.