ബെംഗളൂരു: ഇന്ത്യന്‍ ടീമില്‍ തന്റെ സ്ഥാനമുറപ്പിക്കാന്‍ വേണമെങ്കില്‍ ഓള്‍റൗണ്ടറാവാന്‍ പോലും താന്‍ തയ്യാറാണെന്നു കാണിച്ചു തന്നിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പറെന്ന നിലയില്‍ ദേശീയ ടീമില്‍ അധികം അവസരങ്ങള്‍ ഇനി പ്രതീക്ഷിക്കേണ്ടെന്നു ഉറപ്പായതോടെയാണ് അദ്ദേഹം ബൗളിങിലേക്കു ചുവടുമാറ്റിയതെന്നു ആരാധകര്‍ സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്.
ബാറ്റിങിനൊപ്പം പാര്‍ട്ട്‌ടൈം ബൗളറായും ഉപയോഗിക്കാന്‍ സാധിക്കുന്നവര്‍ക്കാണ് ഇപ്പോള്‍ ഇന്ത്യ മുന്‍തൂക്കം നല്‍കുന്നത്. ഇതു മുന്നില്‍ കണ്ടാണ് സഞ്ജുവിന്റെ ഈ നീക്കമെന്നാണ് സൂചന. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ ഇന്നു സിക്കിമിനെതിരേ കേരളം ജയിച്ച മല്‍സരത്തിലായിരുന്നു സഞ്ജു ബൗളിങിലും ഒരു കൈനോക്കിയത്. ഒരോവര്‍ മാത്രമേ മല്‍സരത്തില്‍ അദ്ദേഹം ബൗള്‍ ചെയ്തുള്ളൂ. വിക്കറ്റ് കീപ്പിങിന്റെ ചുമതല മുഹമ്മദ് അസ്ഹറുദ്ദീന് നല്‍കിയതോടെയാണ് സഞ്ജുവിനു ബൗള്‍ ചെയ്യാന്‍ സാധിച്ചത്.

ഒരോവര്‍ ബൗള്‍ ചെയ്ത സഞ്ജു മൂന്ന് ഇക്കോണമി റേറ്റില്‍ വിട്ടുകൊടുത്തത് വെറും മൂന്നു റണ്‍സ് മാത്രമാണ്. പക്ഷെ വിക്കറ്റൊന്നും അദ്ദേഹത്തിനു ലഭിച്ചില്ല. മൂന്നു സിംഗിളുകള്‍ മാത്രമേ സഞ്ജുവിന്റെ ഓവറില്‍ സിക്കിം ബാറ്റര്‍മാര്‍ക്കു നേടാനായുള്ളൂ. ടൂര്‍ണമെന്റില്‍ അദ്ദേഹം ബൗള്‍ ചെയ്തതും ഇതാദ്യമായിട്ടാണ്.
ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ വിക്കറ്റ് കീപ്പിങ് ഓപ്ഷനുകളായി നിരവധി പേരുണ്ട്. ഇഷാന്‍ കിഷന്‍ മൂന്നു ഫോര്‍മാറ്റുകളിലും വിക്കറ്റ് കീപ്പറായി സ്ഥിരം സാന്നിധ്യമായപ്പോൾ കെഎല്‍ രാഹുല്‍ ഏകദിനത്തിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാണ്. ടി20യില്‍ സഞ്ജുവിനെ പിന്തള്ളി ജിതേഷ് കുമാര്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി മാറിക്കൊണ്ടിരിക്കുകയാണ്. അതു മാത്രമല്ല മൂന്നു ഫോമാറ്റുകളിലും നേരത്തേ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറായിരുന്ന റിഷഭ് പന്ത് പരിക്കില്‍ നിന്നു മുക്തനായി മടങ്ങിവരാന്‍ തയ്യാറെടുക്കുകയും ചെയ്യുന്നു.
ഇവയെല്ലാം പരിഗണിക്കുമ്പോള്‍ സഞ്ജുവിനു കാര്യങ്ങള്‍ അത്ര ശുഭകരമല്ല. ഈ കാരണത്താല്‍ തന്നെയാവും വിജയ് ഹസാരെ ട്രോഫിയില്‍ ബൗളിങിലും തന്റെ കഴിവുകള്‍ വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവുകയെന്നു ആരാധകര്‍ പറയുന്നു. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ സഞ്ജു ഇനിയും കൂടുതല്‍ ഓവറുകള്‍ ബൗള്‍ ചെയ്യുമോയെന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നു ഫോര്‍മാറ്റുകളിലേക്കുള്ള ഇന്ത്യന്‍ ടീമുകളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇവയില്‍ ടി20യില്‍ നിന്നും ഒഴിവാക്കപ്പെട്ടെങ്കിലും ഏകദിനത്തില്‍ രാഹുലിനു പിറകില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി സഞ്ജുവും ടീമില്‍ ഇടം പിടിച്ചിരുന്നു. പക്ഷെ ക്യാപ്റ്റന്‍സിക്കൊപ്പം രാഹുല്‍ തന്നെ വിക്കറ്റ് കാക്കുകയും ചെയ്യുമെന്നതിനാല്‍ പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തിനു സ്ഥാനം ലഭിക്കുമോയെന്നതു കണ്ടുതന്നെ അറിയണം.

വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനായി ബാറ്റിങില്‍ സഞ്ജുവിന്റെ പ്രകടനം മോശമാണ്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരെയെടുത്താല്‍ അദ്ദേഹം 99ാംസ്ഥാനത്താണുള്ളത്. നാലു ഇന്നിങ്‌സുകളില്‍ നിന്നായി 25.25 ശരാശരിയില്‍ 156 ബോളില്‍ നിന്നും 101 റണ്‍സ് മാത്രമാണ് സഞ്ജുവിന്റെ സമ്പാദ്യം. ഒരു ഫിഫ്റ്റി നേടിയതൊഴിച്ചാല്‍ മറ്റൊന്നും അദ്ദേഹത്തിനു എടുത്തുകാണിക്കാനില്ല.
ടൂര്‍ണമെന്റില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും നാലാമത്തെ വിജയമാണ് സിക്കിമിനെതിരേ ഇന്നു കേരളം സ്വന്തമാക്കിയത്. ഗ്രൂപ്പ് എയിലെ തികച്ചും ഏകപക്ഷീയമായ കളിയില്‍ സിക്കിമിനെ കേരളം ഏഴു വിക്കറ്റിനു കെട്ടുകെട്ടിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിക്കിം തകര്‍ന്നടിയുകയായിരുന്നു. 100 റണ്‍സ് പോലും തികയ്ക്കാനാവാതെ അവര്‍ പുറത്തായി.
33.5 ഓവറില്‍ വെറും 83 റണ്‍സിനു അവര്‍ കൂടാരത്തില്‍ തിരിച്ചെത്തി. മറുപടിയില്‍ 13.2 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം ലക്ഷ്യത്തിലത്തുകയും ചെയ്തു. കൃഷ്ണ പ്രസാദ് പുറത്താവാതെ 38 റണ്‍സും രോഹന്‍ കുന്നുമ്മല്‍ 25 റണ്‍സും നേടി. സഞ്ജു ബാറ്റിങിനു ഇറങ്ങിയില്ല.