റുതുരാജിന് ഹാട്രിക്ക് സെഞ്ച്വറി, കേരളം പതറിയില്ല- വിഷ്ണുവിന്റെ സെഞ്ച്വറിയില്‍ മിന്നും ജയം
രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ ഹാട്രിക്ക് സെഞ്ച്വറിയുമായി റുതുരാജ് ഗെയ്ക്വാദ് ഹാട്രിക്ക് സെഞ്ച്വറിയുമായി മിന്നിച്ചിട്ടും മഹാരാഷ്ട്രയെ മലര്‍ത്തിയടിച്ചു. എലൈറ്റ് ഗ്രൂപ്പ് ഡിയിലെ ആവേശകരമായ മല്‍സരത്തില്‍ നാലു വിക്കറ്റിനായിരുന്നു കേരളത്തിന്റെ വിജയം. ഒരു ഘട്ടത്തില്‍ തോല്‍വി മുന്നില്‍ കണ്ട കേരളത്തിനു അപ്രതീക്ഷിത വിജയം സമ്മാനിച്ചത് വാലറ്റത്തിന്റെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമായിരുന്നു.
ഗ്രൂപ്പില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും കേരളത്തിന്റെ രണ്ടാമത്തെ വിജയമാണിത്. നേരത്തേ ആദ്യ കളിയില്‍ ഛത്തീസ്ഗഡിനെയും കേരളം തകര്‍ത്തുവിട്ടിരുന്നു. മധ്യപ്രദേശിനെതിരായ രണ്ടാമത്തെ കളിയില്‍ പരാജയം നേരിട്ടെങ്കിലും മഹാരാഷ്ട്രയ്‌ക്കെതിരേ ഇപ്പോള്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്.

റണ്‍വേട്ട തുടര്‍ന്ന് റുതുരാജ്
മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നിവര്‍ക്കെതിരായ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും സെഞ്ച്വറിമായി തിളങ്ങിയ റുതുരാജ് കേരളത്തിനെതിരേയും പ്രകടനമാവര്‍ത്തിച്ചു. 123 റണ്‍സോടെ അദ്ദേഹം ടോപ്‌സ്‌കോററായി മാറി. 129 ബോളില്‍ ഒമ്പതു ബൗണ്ടറികളും മൂന്നു സിക്‌സറും റുതുരാജിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. അദ്ദേഹത്തെക്കൂടാതെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്്‌റൈഡേഴ്‌സിന്റെ താരമായ രാഹുല്‍ ത്രിപാഠിയും മഹാരാഷ്ട്രയ്ക്കു വേണ്ടി ഉജ്ജ്വല പ്രകടനം നടത്തി. പക്ഷെ ഒരു റണ്‍സകലെ അദ്ദേഹത്തിനു സെഞ്ച്വറി നഷ്ടമാവുകയായിരുന്നു. 108 ബോളില്‍ 11 ബൗണ്ടറികളടക്കം ത്രിപാഠി 99 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിനു 291 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. ഒരു ഘട്ടത്തില്‍ രണ്ടിന് 216 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു മഹാരാഷ്ട്ര എന്നാല്‍ അവസാനത്തെ 10 ഓവറില്‍ തുടരെ വിക്കറ്റുകളെടുത്ത് കേരളം അവരെ 300ല്‍ താഴെ റണ്‍സിലൊതുക്കുകയായിരുന്നു. അഞ്ചു വിക്കറ്റുകളെടുത്ത എംഡി നിതീഷാണ് ബൗളിങില്‍ കേരളത്തിന്റെ ഹീറോയായത്. ബേസില്‍ തമ്പിക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

റണ്‍ചേസില്‍ കേരളം പതറി
292 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ കേരളത്തിന്റെ തുടക്കം പാളി. ടോപ്പ് ഫോര്‍ ഫ്‌ളോപ്പായതായിരുന്നു കാരണം. ആദ്യത്തെ നാലു പേരില്‍ മൂന്നു പേരും ഒറ്റയക്ക സ്‌കോറിനു പുറത്തായി. രോഹന്‍ കുന്നുമ്മല്‍ (5), മുഹമ്മദ് അസ്ഹറുദ്ദീന്‍ (2), വത്സല്‍ ഗോവിന്ദ് (18), സച്ചിന്‍ ബേബി (0) എന്നിവര്‍ പെട്ടെന്നു മടങ്ങിയതോടെ 11 ഓവറാവുമ്പോഴേക്കും കേരളം നാലു വിക്കറ്റിന് 35 റണ്‍സിലേക്കു കൂപ്പുകുത്തി.
പിന്നീട് ജലജ് സക്‌സേന, നായകന്‍ സഞ്ജു സാംസണ്‍ എന്നിവരുടെ ഇന്നിങ്‌സുകളാണ് കേരളത്തെ കളിയിലേക്കു തിരിച്ചുകൊണ്ടു വന്നത്. ജലജ് 54 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 44 റണ്‍സെടുത്ത് മടങ്ങി. സഞ്ജു 35 ബോളില്‍ നാലു ബൗണ്ടറിയും രണ്ടു സിക്‌സറുമുള്‍പ്പെടെ 42 റണ്‍സുമെടുത്ത് പുറത്തായി. ഇതോടെ 26ാം ഓവറില്‍ കേരളം ആറിന് 120 റണ്‍സിലേക്കു വീണു.

വിഷ്ണുവിന്റെ വെടിക്കെട്ട് സെഞ്ച്വറി
ആറിന് 120 റണ്‍സിലേക്കു വീണ കേരളത്തിനു ഇനിയൊരു തിരിച്ചുവരവുണ്ടാവില്ലെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ വിഷ്ണു വിനോദിനും സിജോ മോന്‍ ജോസഫിനും തോല്‍ക്കാന്‍ മനസ്സില്ലായിരുന്നു. പിന്നീടങ്ങോട്ട് ഇരുവരുടെയും ബാറ്റിങ് വിരുന്ന് തന്നെയായിരുന്നു കണ്ടത്.
മഹാരാഷ്ട്ര ബൗളര്‍മാരെ കൂസലില്ലാതെ നേരിട്ട ഇരുവരും റണ്‍സ് വാരിക്കൂട്ടി. അപരാജതിമായ ഏഴാം വിക്കറ്റില്‍ 174 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുമായി ഇവര്‍ കേരളത്തിനു ത്രസിപ്പിക്കുന്ന വിജയം സമ്മാനിക്കുകയും ചെയ്തു. ഇതിനിടെ വിഷ്ണു സെഞ്ച്വറിയും സിജോമോന്‍ ഫിഫ്റ്റിയുമടിച്ചു. വിഷ്ണു വെറും 82 ബോളില്‍ എട്ടു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 100 റണ്‍സെടുത്തപ്പോള്‍ സിജോമോന്‍ 70 ബോളില്‍ നാലു സിക്‌സറും രണ്ടു ബൗണ്ടറിയുമുള്‍പ്പെടെ 71 റണ്‍സുമെടുത്തു. ഇരുവരും ചേര്‍ന്ന് 48.5 ഓവറില്‍ കേരളത്തെ വിജയത്തിലെത്തിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications