
രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റിനു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി തുടക്കമായി. സഞ്ജു സാംസണ്‍ നയിച്ച കേരളം തകര്‍പ്പന്‍ വിജയത്തോടെ ടൂര്‍ണമെന്റിലെ തുടക്കം ഉ്ജ്ജ്വലമാക്കിയിരിക്കുകയാണ്. രാജ്‌കോട്ടില്‍ നടന്ന എലൈറ്റ് ഗ്രൂപ്പ് ഡി മല്‍സരത്തില്‍ ചണ്ഡീഗഡിനെയാണ് കേരളം കെട്ടുകെട്ടിച്ചത്. ആറു വിക്കറ്റിനായിരുന്നു കേരളത്തിന്റെ വിജയം. ബൗളിങ് കരുത്തിലാണ് കേരളം ജയിച്ചുകയറിയത്.
മല്‍സരത്തില്‍ ടോസ് ലഭിച്ചത് സഞ്ജുവിനായിരുന്നു. അദ്ദേഹം ബൗളിങാണ് തിരഞ്ഞെടുത്തത്. തകര്‍പ്പന്‍ ബൗളിങിലൂടെ മനന്‍ വോറ നയിച്ച ചണ്ഡീഗഡിനെ കേരളം വരിഞ്ഞുകെട്ടി. നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റിനു 184 റണ്‍സാണ് അവര്‍ക്കു നേടാനായത്. ഓപ്പണര്‍ കൂടിയായ വോറയുടെ (56) ഫിഫ്റ്റിയാണ് ചണ്ഡീഗഡിനെ വന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത്. അദ്ദേഹം 69 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടിച്ചു. മൂന്നു വിക്കറ്റുകളെടുത്ത സിജോമോന്‍ ജോസഫും രണ്ടു പേരെ പുറത്താക്കിയ ബേസില്‍ തമ്പിയുമാണ് ചണ്ഡീഗഡിനു കടിഞ്ഞാണിട്ടത്.
മറുപടിയില്‍ 34 ഓവറില്‍ നാലു വിക്കറ്റിനു കേരളം ലക്ഷ്യത്തിലെത്തി. വെടിക്കെട്ട് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ (9) നിരാശപ്പെടുത്തിയെങ്കിലും മറ്റുള്ളവരെല്ലാം വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 59 റണ്‍സുമായി പുറത്താവാതെ നിന്ന സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ്‌സ്‌കോറര്‍. 78 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. സഞ്ജു 27 ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 24 റണ്‍സെടുത്ത് പുറത്തായി. ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ (46), വിഷ്ണു വിനോദ് (32) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. സച്ചിന്‍ ബേബിയും വിനൂപ് മനോഹരനും (5*) ചേര്‍ന്നാണ് കേരളത്തിന്റെ വിജയം പൂര്‍ത്തിയാക്കിയത്.
റുതുരാജിനു സെഞ്ച്വറി, തമിഴ്‌നാടിനായി ഷാരൂഖിന്റെ വെടിക്കെട്ട്
കേരളമുള്‍പ്പെട്ട ഗ്രൂപ്പ് ഡിയിലെ മറ്റൊരു ആവേശകരമായ മല്‍സരത്തില്‍ റുതുരാജ് ഗെയ്ക്വാദ് നയിച്ച മഹാരാഷ്ട്ര അഞ്ചു വിക്കറ്റിനു മധ്യപ്രദേശിനെ തോല്‍പ്പിച്ചു. റണ്‍മഴ കണ്ട പോരാട്ടത്തിലായിരുന്നു മഹാരാഷ്ട്രയുടെ ത്രസിപ്പിക്കുുന്ന വിജയം. ആദ്യം ബാറ്റ് ചെയ്ത മധ്യപ്രദേശ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റിന് 328 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി. ശുഭ്മാന്‍ വര്‍മ (108), നായകന്‍ ആദിത്യ ശ്രീവാസ്തവ (104) എന്നിവരുടെ സെഞ്ച്വറികളാണ് ടീമിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. അഭിഷേക് ഭണ്ഡാരി 70 റണ്‍സ് നേടി. വെങ്കടേഷ് അയ്യര്‍ അഞ്ചു ബോളില്‍ രണ്ടു സിക്‌സറടക്കം 14 റണ്‍സെടുത്ത് പുറത്തായി.
റണ്‍ചേസില്‍ റുതുരാജിന്റെ (136) ഉജ്ജ്വല സെഞ്ച്വറിയാണ് മഹാരാഷ്ട്രയുടെ വിജയത്തിനു അടിത്തറയിട്ടത്. 112 ബോളില്‍ 14 ബൗണ്ടറികളും നാലു സിക്‌സറുമടക്കം താരം 136 റണ്‍സ് നേടി. രാഹുല്‍ ത്രിപാഠിയാണ് (56) മറ്റൊരു പ്രധാന സ്‌കോറര്‍. 50 ബോളില്‍ ത്രിപാഠി ആറു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. യഷ് നഹര്‍ (49), നൗഷാഗ് ഷെയ്ഖ് (34) എന്നിവരും മോശമല്ലാത്ത പ്രകടനം നടത്തി. നാലു ബോളുകള്‍ ബാക്കിനിക്കെയാണ് അഞ്ചു വിക്കറ്റിന് മഹാരാഷ്ട്ര 328 റണ്‍സെന്ന വിജയലക്ഷ്യം മറികടന്നത്.

മറ്റൊരു ശ്രദ്ധേയമായ മല്‍സരത്തില്‍ സയ്ദ് മുഷ്താഖ് അലി ട്രോഫി ജേതാക്കളായ തമിഴ്‌നാട് 54 റണ്‍സിനു മുംബൈയെ തകര്‍ത്തുവിട്ടു. പഞ്ചാബ് കിങ്‌സ് മുന്‍ താരം ഷാരൂഖ് ഖാന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് എന്‍ ജഗദീശന്‍ നയിച്ച തമിഴ്‌നാടിനു വിജയം നേടിക്കൊടുത്തത്. ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് എട്ടു വിക്കറ്റിന് 290 റണ്‍സ് നേടി. 38ാം ഓവറില്‍ തമിഴ്‌നാട് അഞ്ചിന് 179 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ 35 ബോളില്‍ ആറു ബൗണ്ടറികളും അഞ്ചു സിക്‌സറുമടക്കം 66 റണ്‍സെടുത്ത ഷാരൂഖ് ടീമിനെ 300ന് അടുത്തെത്തിച്ചു. മറുപടിയില്‍ 46.4 ഓവറില്‍ 236 റണ്‍സിനു ഷാംസ് മ്യുലാനി നയിച്ച മുംബൈ പുറത്തായി. 100 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 75 റണ്‍സെടുത്ത മ്യുലാനിയാണ് ടോപ്‌സ്‌കോറര്‍.