അമ്പമ്പോ കരുണ്‍, വീണ്ടും സെഞ്ച്വറി; ലിസ്റ്റ് എയിലെ ലോക റെക്കോഡ് തകര്‍ത്തു! തലപ്പത്ത്
വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ആവേശകരമായി പുരോഗമിക്കവെ മിന്നും ബാറ്റിങ് പ്രകടനവുമായി കസറുകയാണ് കരുണ്‍ നായര്‍. സ്ഥിരതകൊണ്ട് ഞെട്ടിക്കുന്ന കരുണ്‍ നായര്‍ അഞ്ച് ഇന്നിങ്‌സില്‍ നാലിലും സെഞ്ച്വറിയോടെയാണ് മിന്നിക്കുന്നത്. ഇന്ത്യയുടെ മറ്റൊരു താരത്തിനും നേടാനാവാത്ത റെക്കോഡാണ് ഇപ്പോള്‍ കരുണ്‍ നായര്‍ സ്വന്തം പേരിലാക്കിയിരിക്കുന്നത്. വലിയ പ്രകടനത്തോടെ കൈയടി നേടുന്ന കരുണ്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ്.
ഐസിസി ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ കരുണ്‍ നായരുടെ പ്രകടനം സെലക്ടര്‍മാര്‍ പരിഗണിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ച്വറി നേടിയ താരമാണ് കരുണ്‍ നായര്‍. പാതി മലയാളിയായ കരുണ്‍ ഗംഭീര റെക്കോഡും കരിയറില്‍ നേടിയിട്ടുണ്ട്. ഇന്ത്യക്കൊപ്പം വലിയ ഭാവിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതാണെങ്കിലും വേണ്ടത്ര പിന്തുണ ലഭിച്ചില്ല. ഇപ്പോള്‍ ശക്തമായ തിരിച്ചുവരവിനാണ് കരുണ്‍ നായര്‍ തയ്യാറെടുക്കുന്നത്.
ലിസ്റ്റ് എ ക്രിക്കറ്റില്‍ ചരിത്ര റെക്കോഡ്
ലിസ്റ്റ് എ ക്രിക്കറ്റില്‍ പുറത്താവാതെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡില്‍ കരുണ്‍ നായര്‍ തലപ്പത്തേക്കെത്തിയിരിക്കുകയാണ്. 527 റണ്‍സെടുത്ത ജെയിംസ് ഫ്രാങ്ക്‌ലിന്റെ റെക്കോഡാണ് കരുണ്‍ മറികടന്നത്. വാന്‍ ഹീര്‍ഡര്‍ 512 റണ്‍സും നേടിയിട്ടുണ്ട്. ആദ്യ നാല് മത്സരത്തിലും നോട്ടൗട്ടായിരുന്ന കരുണ്‍ നായര്‍ 541 റണ്‍സെടുത്ത ശേഷമാണ് പുറത്താവുന്നത്. അഞ്ചാം മത്സരത്തില്‍ 112 റണ്‍സാണ് കരുണ്‍ നേടിയത്. വിദര്‍ഭ നായകനായ കരുണ്‍ 101 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ് മിന്നിച്ചത്.
ആദ്യ മത്സരത്തില്‍ 108 പന്തില്‍ 112* റണ്‍സോടെ തുടങ്ങിയ കരുണ്‍ രണ്ടാം മത്സരത്തില്‍ 52 പന്തില്‍ 44* റണ്‍സും നേടി. മൂന്നാം മത്സരത്തിലാണ് കരുണിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. 107 പന്തില്‍ പുറത്താവാതെ 163 റണ്‍സോടെയാണ് കരുണ്‍ നിറഞ്ഞാടിയത്. നാലാം മത്സരത്തില്‍ 103 പന്തില്‍ പുറത്താവാതെ 111 റണ്‍സും നേടാന്‍ കരുണ്‍ നായര്‍ക്കായി. ആഭ്യന്തര ക്രിക്കറ്റില്‍ മറ്റൊരു ഇന്ത്യക്കാരനും കാട്ടാനാവാത്ത സ്ഥിരതയോടെയാണ് കരുണ്‍ മിന്നിക്കുന്നത്.

ഗ്രൂപ്പ് ഡിയില്‍ വിദര്‍ഭ തലപ്പത്ത്
വിജയ് ഹസാരെ ട്രോഫിയില്‍ ഗ്രൂപ്പ് ഡിയില്‍ വിദര്‍ഭ തലപ്പത്താണുള്ളത്. അഞ്ച് മത്സരത്തിലും ജയിക്കാന്‍ വിദര്‍ഭക്ക് സാധിച്ചു. 20 പോയിന്റോടെയാണ് വിദര്‍ഭ തലപ്പത്തുള്ളത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാടിന് 14 പോയിന്റാണുള്ളത്. ഉത്തര്‍ പ്രദേശ് 6 മത്സരത്തില്‍ നിന്ന് 14 പോയിന്റാണ് നേടിയത്. കരുണിന്റെ മികവിലാണ് വിദര്‍ഭയുടെ കുതിപ്പ്. നായകറോളില്‍ മാതൃകയാവുന്ന പ്രകടനമാണ് അദ്ദേഹം കാഴ്ചവെക്കുന്നത്. ടോപ് ഓഡറില്‍ മൂന്നാമനായി ഇറങ്ങിയാണ് കരുണിന്റെ മിന്നും പ്രകടനം.
റണ്‍വേട്ടക്കാരിലും കരുണാണ് മുന്നില്‍. 67 ഫോറും ആറ് സിക്‌സും കരുണ്‍ നേടി. മായങ്ക് അഗര്‍വാളും തകര്‍പ്പന്‍ പ്രകടനമാണ് ടൂര്‍ണമെന്റില്‍ കാഴ്ചവെക്കുന്നത്. ആറ് മത്സരത്തില്‍ നിന്ന് 497 റണ്‍സാണ് മായങ്ക് ഇതുവരെ നേടിയത്. ഐപിഎല്ലിലും സജീവമായ മായങ്കിന് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് സാധ്യതയില്ല. പ്രഭ്‌സിംറാന്‍ സിങ് ആറ് മത്സരത്തില്‍ നിന്ന് 473 റണ്‍സാണ് നേടിയെടുത്തത്. അഭിഷേക് ശര്‍മ ആറ് മത്സരത്തില്‍ നിന്ന് 397 റണ്‍സാണ് നേടിയത്. മഹിപാല്‍ ലോംറോര്‍ ആറ് മത്സരത്തില്‍ നിന്ന് 346 റണ്‍സും അടിച്ചെടുത്തു.
കരുണ്‍ ദേശീയ ടീമിലേക്കെത്തുമോ?
കരുണ്‍ നായരില്‍ വലിയ പ്രതീക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നു. ടോപ് ഓഡറിലും മധ്യനിരയിലും കളിക്കാന്‍ ശേഷിയുള്ള കരുണ്‍ ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്തുന്നവനായിരുന്നു. എന്നാല്‍ സ്ഥിരത കാട്ടാതെ വന്നതോടെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയിട്ടും ടീമില്‍ നിന്ന് തഴയപ്പെട്ടു. പിന്നീട് സെലക്ടര്‍മാര്‍ വരുണിനെ തിരിഞ്ഞു നോക്കിയില്ലെന്നതാണ് വസ്തുത. ഇനി കരുണ്‍ ദേശീയ ടീമിലേക്ക് മടങ്ങിയെത്താന്‍ സാധ്യത കുറവാണ്. നിലവില്‍ ഇന്ത്യയുടെ പദ്ധതികളില്‍ കരുണ്‍ നായരില്ലെന്ന് നിസംശയം പറയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications