നാട്ടില്‍ നടന്ന കഴിഞ്ഞ ഏകദിന ലോകകപ്പില്‍ തന്നെ തഴഞ്ഞതിലൂടെ എത്ര മാത്രം വലിയ അബദ്ധമാണ് ഇന്ത്യ വരുത്തിയതെന്നു മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ കാണിച്ചു തന്നിരിക്കുകയാണ്. വിജയ് ഹസാരെ ട്രോഫിയില്‍ അഞ്ചാം നമ്പറില്‍ ഇറങ്ങിയ ശേഷം കേരളത്തിനു വേണ്ടി അദ്ദേഹം കുറിച്ച സെഞ്ച്വറി ശരിക്കും ക്ലാസ് ഇന്നിങ്‌സ് തന്നെയായിരുന്നു. 139 ബോളില്‍ എട്ടു ഫോറുകളും ആറു സിക്‌സറുകളും സഞ്ജുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ക്ഷമയോടെ ഇന്നിങ്‌സ് പടുത്തുയര്‍ത്തിയ ശേഷം ടീമിനു ആവശ്യമുള്ളപ്പോള്‍ അവസാനത്തെ പത്ത് ഓവറുകളില്‍ എങ്ങനെ ബാറ്റിങില്‍ ഗിയര്‍ മാറ്റണമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണം തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. കഴിഞ്ഞ ലോകകപ്പില്‍ സഞ്ജുവിനു പകരം ഇന്ത്യ ആറാം നമ്പറില്‍ പരീക്ഷിച്ച സൂര്യകുമാര്‍ യാദവ് ഫൈനലിലടക്കം ടൂര്‍ണമെന്റിലെ ഏറ്റവും വലിയ ഫ്‌ളോപ്പായി മാറിയിരുന്നു. അദ്ദേഹത്തിനു പകരം സഞ്ജുവാണ് കളിച്ചതെങ്കില്‍ ഒരു പക്ഷെ ഫലം മറ്റൊന്നാവുമായിരുന്നുവെന്നു സെഞ്ച്വറി നേട്ടം കാണിച്ചുതരുന്നു.

റെയില്‍വേസിനെതിരേ 256 റണ്‍സ് പിന്തുടര്‍ന്ന കേരളത്തിന്റെ തുടക്കം പാളിയിരുന്നു. കേരളം മൂന്നിനു 26 റണ്‍സെന്ന നിലയില്‍ വിറയ്ക്കവെയാണ് നായകനായ സഞ്ജുവിന്റെ വരവ്. അമിതാവേശം കാണിക്കാതെ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിച്ച് ടീമിനെ ലക്ഷ്യത്തിനു പരമാവധി അരികില്‍ വരെയത്തിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ പ്ലാന്‍. അതില്‍ സഞ്ജു വിജയിക്കുകയും ചെയ്തു.
ലക്ഷ്യത്തിലേക്കു അടുക്കാന്‍ ക്രീസില്‍ മികച്ചൊരു പങ്കാളിയെ അദ്ദേഹത്തിനു ആവശ്യമായിരുന്നു. ശ്രേയസ് ഗോപാല്‍ ഈ റോള്‍ ഏറ്റെടുക്കുകയും ചെയ്തു. നാലാമത്തെ വിക്കറ്റ് വീഴുമ്പോള്‍ കേരളത്തിന്റെ സ്‌കോര്‍ ബോര്‍ഡില്‍ 59 റണ്‍സേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്നാണ് സഞ്ജുവിനു കൂട്ടായി ശ്രേയസ് എത്തിയത്. കളിയില്‍ കേരളത്തിന്റെ മടങ്ങിവരവ് ആരംഭിച്ചതും അവിടെ നിന്നായിരുന്നു. 138 റണ്‍സ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. 45ാം ഓവറില്‍ ശ്രേയസ് പുറത്തായതോടെയാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്.

40ാമത്തെ ഓവര്‍ വരെ സഞ്ജു നേരിട്ടത് 110 ബോളുകളായിരുന്നു. നേടിയതാവട്ടെ വെറും രണ്ടു ഫോറുകളും ഒരു സിക്‌സറും മാത്രം. എന്നാല്‍ അവസാനത്തെ 10 ഓവറില്‍ അദ്ദേഹം ബാറ്റിങിലെ ഗിയര്‍ മാറ്റുകയായിരുന്നു. അതുവരെ ടെസ്റ്റ് ശൈലിയില്‍ കളിച്ചുകൊണ്ടിരുന്ന സഞ്ജു പൊടുന്നനെയാണ് ടി20യിലേക്കു ചുവടു മാറ്റിയത്. അടുത്ത 28 ബോളുകളില്‍ അദ്ദേഹം ഫോറുകളുടെയും സിക്‌സറുകളെയും ചാകര തീര്‍ത്തു. ആറു ഫോറുകളും അഞ്ചു സിക്‌സറുകളുമാണ് സഞ്ജു വാരിക്കൂട്ടിയത്. വെറും 28 ബോളില്‍ അദ്ദേഹം അടിച്ചെടുത്തത് 54 റണ്‍സാണ്.
പക്ഷെ സഞ്ജുവിന്റെ ഈ ഉജ്ജ്വല ഇന്നിങ്‌സും കേരളത്തെ രക്ഷിച്ചില്ല. ഫിഫ്റ്റിയുമായി ക്രീസില്‍ നിലയുറപ്പിച്ച് ബാറ്റ് വീശിയ ശ്രേയസിന്റെ അപ്രതീക്ഷിത പുറത്താവല്‍ കേരളത്തിന്റെ താളം തെറ്റിക്കുകയായിരുന്നു. അടുത്ത ഓവറില്‍ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ അബ്ദുള്‍ ബാസിത്തിനെ നഷ്ടമായ കേരളത്തിനു രണ്ടു ബോളുകളുടെ വ്യത്യാസത്തില്‍ മറ്റൊരു വിക്കറ്റ് കൂടി നഷ്ടമായി.
അഖില്‍ സ്‌കറിയയാണ് പുറത്തായത്. പക്ഷെ ക്രീസിന്റെ മറുവശത്തുണ്ടായിരുന്ന സഞ്ജു തളര്‍ന്നില്ല. സിക്‌സറടക്കം നേടി അദ്ദേഹം ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും 50ാം ഓവറിലെ അഞ്ചാമത്തെ ബോളില്‍ പുറത്താവുകയായിരുന്നു. കേരളം 18 റണ്‍സിനു മല്‍സരം കൈവിടുകയും ചെയ്തു.