രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം സെമിയില്‍ കര്‍ണാടകയെ തോല്‍പ്പിച്ച് രാജസ്ഥാന്‍ ഫൈനലിലെത്തിയിരിക്കുകയാണ്. ആവേശകരമായ സെമിയില്‍ ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 8 വിക്കറ്റിന് 282 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 43.4 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ടോപ് ഓഡര്‍ നിരാശപ്പെടുത്തിയപ്പോഴും മധ്യനിര അവസരത്തിനൊത്ത് ഉയര്‍ന്നതാണ് രാജസ്ഥാന് കരുത്തായത്.
ഇതില്‍ എടുത്തു പറയേണ്ടത് രാജസ്ഥാന്‍ നായകന്‍ ദീപക് ഹൂഡയുടെ പ്രകടനമാണ്. 128 പന്തില്‍ 180 റണ്‍സുമായി ഹൂഡ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാന് ജയം സമ്മാനിച്ചത്. 19 ഫോറും 5 സിക്‌സും ഉള്‍പ്പെടെയാണ് ഹൂഡയുടെ വെടിക്കെട്ട്. ഈ പ്രകടനത്തോടെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവാണ് ഹൂഡ ലക്ഷ്യംവെക്കുന്നത്. നായകനായതിന്റെ ഭാരമില്ലാതെ ബാറ്റിങ് വെടിക്കെട്ട് തീര്‍ക്കാന്‍ ദീപക് ഹൂഡക്ക് സാധിച്ചു.
അടുത്ത വര്‍ഷം നടക്കാന്‍ പോകുന്ന ടി20 ലോകകപ്പില്‍ ഹൂഡ ടീമില്‍ ഉള്‍പ്പെടുമോയെന്നതാണ് കണ്ടറിയേണ്ടത്. അതിനായുള്ള തീവ്ര ശ്രമത്തിലാണ് ഹൂഡ. സ്പിന്നറെന്ന നിലയിലും ടീമിന് ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് ഹൂഡ. നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണ് ഹൂഡയുടെ സ്ഥാനം. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമാണ് ഹൂഡയുള്ളത്. ഇത്തവണത്തെ ഐപിഎല്ലില്‍ മികവ് കാട്ടിയാല്‍ ഹൂഡക്ക് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് അസാധ്യമായിരിക്കില്ല.
ഇന്ത്യക്കായി ടി20 സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ഹൂഡ. പന്തുകൊണ്ടും ഭേദപ്പെട്ട പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ മികവ് കാട്ടിയാല്‍ ഇന്ത്യ ഹൂഡയെ പരിഗണിച്ചേക്കും. ഏത് ബാറ്റിങ് പൊസിഷനിലും കളിപ്പിക്കാന്‍ സാധിക്കുന്ന ഹൂഡയുടെ അവസാന ഐപിഎല്ലിലെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടി ഹൂഡ തിരിച്ചുവരവ് അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ അദ്ദേഹത്തിനാവുമോയെന്നതാണ് കണ്ടറിയേണ്ടത്. വരുന്ന ഐപിഎല്‍ സീസണ്‍ ഹൂഡക്ക് നിര്‍ണ്ണായകമാവുമെന്ന കാര്യം ഉറപ്പാണ്. സെമി ഫൈനലില്‍ കര്‍ണാടകയുടെ പ്രധാന താരങ്ങള്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. ഓപ്പണറും നായകനുമായ മായങ്ക് അഗര്‍വാള്‍ നിരാശപ്പെടുത്തി. 22 പന്തില്‍ 13 റണ്‍സാണ് മായങ്ക് നേടിയത്. ഇതില്‍ മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടും. സീനിയര്‍ താരം മനീഷ് പാണ്ഡെയും നിരാശപ്പെടുത്തി.
48 പന്തില്‍ 28 റണ്‍സാണ് മനീഷിന് നേടാനായത്. 250നുള്ളില്‍ ഒതുങ്ങേണ്ടിയിരുന്ന കര്‍ണാടകയെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് അഭിനവ് മനോഹറാണ്. 80 പന്തില്‍ 91 റണ്‍സാണ് അഭിനവ് മനോഹര്‍ നേടിയത്. 10 ഫോറും 3 സിക്‌സും ഇതില്‍ ഉള്‍പ്പെടും.
വാലറ്റത്ത് മനോജ് ബാന്‍ഡ്ജി 39 പന്തില്‍ 63 റണ്‍സും നേടി. ഇതാണ് 282 എന്ന സ്‌കോറിലേക്ക് കര്‍ണാടകയെ എത്തിച്ചത്. രാജസ്ഥാനായി ഖലീല്‍ അഹമ്മദും രാഹുല്‍ ചഹാറും ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. അനികിത് ചൗധരിയും കുക്ക്‌ന അജയ് സിങ്ങും 2 വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മറുപടിക്കിറങ്ങിയ രാജസ്ഥാന്റെ ഓപ്പണര്‍മാരായ അഭിജിത് തൊമാര്‍ (0) റാം മോഹന്‍ ചൗഹാന്‍ (0) എന്നിവര്‍ ഡെക്കിന് പുറത്തായപ്പോള്‍ മഹിപാല്‍ ലോംറോറും (14) നിരാശപ്പെടുത്തി. പിന്നീടാണ് ഹൂഡയുടെ വെടിക്കെട്ട്. കരണ്‍ ലാംബ് (73*) അര്‍ധ സെഞ്ച്വറിയോടെ രാജസ്ഥാന്റെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. നായകനെന്ന നിലയില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ദീപക് ഹൂഡക്ക് സാധിച്ചു. മികച്ച ഫിറ്റ്‌നസുള്ള താരമാണ് ദീപക് ഹൂഡ.
അതുകൊണ്ടുതന്നെ പരിമിത ഓവറിലേക്ക് തിരിച്ചുവരവ് ഹൂഡക്ക് പ്രയാസമായിരിക്കില്ല. സ്ഥിരതയോടെ വരുന്ന മത്സരങ്ങളില്‍ തിളങ്ങാനായാല്‍ ഹൂഡയെ ഇന്ത്യ തിരിച്ചുവിളിക്കാനുള്ള സാധ്യത കൂടുതലാണെന്ന് പറയാം.