ബെംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ താരനിബിഢമായ ഡല്‍ഹിയുമായുള്ള പോരാട്ടത്തില്‍ തകര്‍പ്പന്‍ ബൗളിങിലൂടെ കൈയടി നേടിയിരിക്കുകയാണ് ഗുജറാത്ത് താരം വിശാല്‍ ജയ്‌സ്വാള്‍. വിരാട് കോലി, ക്യാപ്റ്റന്‍ റിഷഭ് പന്ത് എന്നീ രണ്ടു വമ്പന്‍മാരുടേതടക്കം നാലു വിക്കറ്റുകളാണ് കളിയില്‍ സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹിയെ കൂറ്റന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടഞ്ഞു നിര്‍ത്തിയതും ജയ്‌സ്വാള്‍ തന്നെയാണ്. നിശ്ചിത 50 ഓവറില്‍ ഡല്‍ഹിക്കു ഒമ്പതു വിക്കറ്റുകള്‍ നഷ്ടത്തില്‍ 254 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ടീമിനെ ഭേദപ്പെട്ട ടോട്ടലിലെത്തിച്ചതാവട്ടെ കോലിയുടെയും റിഷഭിന്റെയും ഫിഫ്റ്റി പ്ലസ് സ്‌കോറുകളാണ്.
കോലി 61 ബോളില്‍ 77 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായപ്പോള്‍ റിഷഭ് 79 ബോളില്‍ 70 റണ്‍സും സ്‌കോര്‍ ചെയ്തു. ആരാണ് ഇരുവരെയും സെഞ്ച്വറിക്കു മുമ്പ് വീഴ്ത്തിയ ബൗളറായ ജയ്‌സ്വാളെന്നറിയാം.

ആരാണ് വിശ്വാല്‍ ജയ്‌സ്വാള്‍?
ആഭ്യന്തര ക്രിക്കറ്റില്‍ ഗുജറാത്തിനായി കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് ഓള്‍റൗണ്ടറും 27 കാരനുമായ വിശാല്‍ ജയ്‌സ്വാള്‍. ഇടംകൈയന്‍ ബാറ്ററും ഇടംകൈ സ്പിന്നറുമാണ് അദ്ദേഹം. ഗുജറാത്തിനായി 16 ടി20കളിലും 12 ലിസ്റ്റ് എ മല്‍സരങ്ങളിലും 11 ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളിലും ജയ്‌സ്വാള്‍ കളിച്ചു കഴിഞ്ഞു.
2022 ഒക്‌ടോറിലാണ് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ താരം അരങ്ങേറിയത്. കരിയറില്‍ ഇതിനകം 64 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി കഴിഞ്ഞു. ഇതില്‍ 40 വിക്കറ്റുകള്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലായിരുന്നു.
വിക്കറ്റുകളെടുക്കാന്‍ മിടുക്കുള്ള ബൗളര്‍ മാത്രമല്ല, ബാറ്റിങും വശമുള്ള താരം കൂടിയാണ് ജയ്‌സ്വാള്‍. ഫസ്റ്റ് ക്ലാസില്‍ ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും അദ്ദേഹം നേടിക്കഴിഞ്ഞു. ഇതു കൂടാതെ ലിസ്റ്റ് എയില്‍ ഒരു ഫിഫ്റ്റിയും ജയ്‌സ്വാളിന്റെ പേരിലുണ്ട്.
കോലിയുടെയും റിഷഭിന്റെയും വിക്കറ്റ്
നേരത്തേ ആദ്യ കളിയില്‍ തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ച വിരാട് കോലി തുടരെ രണ്ടാമത്തെ സെഞ്ച്വറിയിലേക്കു കുതിക്കവെയാണ് പുറത്താവുന്നത്. 22ാം ഓവറിലായിരുന്നു അദ്ദേഹത്തെ വിശ്വാല്‍ ജയ്‌സ്വാള്‍ വീഴ്ത്തിയത്. വിക്കറ്റ് കീപ്പര്‍ ഉര്‍വില്‍ പട്ടേലാണ് ഇതിഹാസ താരത്തെ സ്റ്റംപിങിലൂടെ മടക്കിയത്. 13 ഫോറും ഒരു സിക്‌സറുമടക്കമാണ് 61 ബോളില്‍ 77 റണ്‍സ് കോലി സ്‌കോര്‍ ചെയ്തത്.

അതിനു ശേഷം ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി റിഷഭ് പന്ത് ടീമിനെ മുന്നില്‍ നയിക്കവെ ഡല്‍ഹിക്കു ജയ്‌സ്വാള്‍ മൂക്കുകയറിടുകയായിരുന്നു. 44ാം ഓവറിലായിരുന്നു റിഷഭിന്റെ പുറത്താവല്‍. അഗ്രസീവായി ബാറ്റ് ചെയ്തു കൊണ്ടിരുന്ന അദ്ദേഹത്തെ ജയ്‌സ്വാള്‍ ബൗള്‍ഡാക്കുകയായിരുന്നു. 9 ബോളില്‍ എട്ടു ഫോറും രണ്ടു സിക്‌സറും പായിച്ചാണ് റിഷഭ് 70ലെത്തിയത്.
കോലി, റിഷഭ് എന്നിവരെക്കൂടാതെ ഓപ്പണര്‍ അര്‍പിത് റാണ (10), നിതീഷ് റാണ (12) എന്നിവരായിരുന്നു ജയ്‌സ്വാളിന്റെ ഇരകള്‍. 10 ഓവറില്‍ 4.2 ഇക്കോണമി റേറ്റില്‍ 42 റണ്‍സ് മാത്രം വഴങ്ങിയാണ് നാലു വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കിയത്. രവി ബിഷ്‌നോയ്ക്കു രണ്ടു വിക്കറ്റും ലഭിച്ചു.
ഡല്‍ഹിക്കു ത്രില്ലിങ് ജയം
ഗുജറാത്തുമായുള്ള മല്‍സരത്തില്‍ ഏഴു റണ്‍സിന്റെ ത്രില്ലിങ് ജയം സ്വന്തമാക്കിയിരിക്കുകയാണ് റിഷഭ് പന്തിന്റെ ഡല്‍ഹി ടീം. അവര്‍ നല്‍കിയ 255 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഗുജറാത്ത് 47.4 ഓവറില്‍ 247 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു.
ആര്യ ദേശായ് (57), എസ്ഡി ചൗഹാന്‍ (49), ഉര്‍വില്‍ പട്ടേല്‍ (31) എന്നിവര്‍ മികച്ച ഇന്നിങ്‌സുകള്‍ കളിച്ചെങ്കിലും മറ്റാരും കാര്യമായ സംഭവാന നല്‍കിയില്ല. ഡല്‍ഹിക്കു വേണ്ടി പ്രിന്‍സ് യാദവ് മൂന്നു വിക്കറ്റുകളെടുത്തു.