അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ കുപ്പായില്‍ ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് യുവ സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂര്‍. ലിസ്റ്റ് എയിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെയാണ് ലോക ക്രിക്കറ്റില്‍ മറ്റൊരു താരത്തിനുമില്ലാത്ത അപൂല്‍വ്വനേട്ടം അദ്ദേഹത്തെ തേടിയെത്തിയത്.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം മിന്നിച്ചതോടെയാണ് വിഘ്‌നേഷ് ശ്രദ്ധിക്കപ്പെടുന്നത്. അരങ്ങേറ്റ മല്‍സരത്തില്‍ മൂന്നു വിക്കറ്റുകളുമായി അദ്ദേഹം വരവറിയിച്ചു. അഞ്ചു മല്‍സരങ്ങൡ നിന്നും ആറു വിക്കറ്റുകളാണ് വിഘ്‌നേഷ് വീഴ്ത്തിയത്. പക്ഷെ പരിക്കു കാരണം ടൂര്‍ണമെന്റില്‍ നിന്നും അദ്ദേഹത്തിനു പിന്‍മാറേണ്ടി വരികയായിരുന്നു.

റെക്കോഡ് ബുക്കില്‍ വിഘ്‌നേഷും
വിജയ് ഹസാരെ ട്രോഫിയില്‍ ത്രിപുരയ്‌ക്കെതിരായ മല്‍സരത്തിലായിരുന്നു വിഘ്‌നേഷ് പുത്തൂരിന്റെ അദ്ഭുത പ്രകടനം. അഹമ്മദാബാദിലെ ഗുജറാത്ത് കോളേജ് ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ ബൗളിങിലല്ല, മറിച്ച് ക്യാച്ചിങിലാണ് അദ്ദേഹം അവിശ്വസനീയ പ്രകടനത്തിലൂടെ ഞെട്ടിച്ചത്. കളിയില്‍ ആറു ക്യാച്ചുകളാണ് വിഘ്നേഷ് എടുത്തത്.
ഇതോടെയാണ് ലോക റെക്കോര്‍ഡും മലയാളി താരത്തെ തേടിയെത്തിയത്. ലിസ്റ്റ് എ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു മല്‍സരത്തില്‍ ആറു ക്യാച്ചുകളെടുത്ത ലോകത്തിലെ ആദ്യത്തെ താരമായി വിഘ്‌നേഷ് മാറുകയായിരുന്നു. നേരത്തേ ലിസ്റ്റ് എയില്‍ അഞ്ചു താരങ്ങള്‍ അഞ്ചു ക്യാച്ചുകള്‍ വീതം നേടിയിട്ടുണ്ട്. ഇതില്‍ നാലും വിദേശ താരങ്ങളുമാണ്.
സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ താരം ജോണ്ടി റോഡ്‌സ്, ഇംഗ്ലീഷ് യുവതാരം ഹാരി ബ്രൂക്ക്, ഓസ്‌ട്രേലിയയുടെ ബ്രാഡ് യങ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, ഇന്ത്യയുടെ അണ്‍ക്യാപ്ഡ് താരം അരിയെന്‍ സംഗ്മ എന്നിവരാണ് അഞ്ചു വീതംക്യാച്ചുകളുമായി റെക്കോര്‍ഡിട്ടവര്‍. ഇതാണ് വിഘ്‌നേഷ് ഇപ്പോള്‍ പഴങ്കഥയാക്കിയത്.
ത്രിപുരയ്‌ക്കെതിരേ കേരളം 145 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്ത മല്‍സരത്തില്‍ ആറു ക്യാച്ചുകളെടുക്കുന്നതിനൊപ്പം ഒരു വിക്കറ്റെടുക്കാനും അദ്ദേഹത്തിനായിരുന്നു. യുദിയന്‍ ബോസ് (29), ശ്രീദം പോള്‍ (67), സ്വപ്‌നില്‍ സിങ് (2), സെന്റു സര്‍ക്കാര്‍ (8), സൗരഭ് ദാസ് (2), അഭിജിത് കെ സര്‍ക്കാര്‍ (1), വിക്കി സാഹ (6) എന്നിവരുടെ ക്യാച്ചുകളെടുത്തതോടെയാണ് വിഘ്‌നേഷും ചരിത്രത്തിന്റെ ഭാഗമായത്.
ഇതില്‍ ഓപ്പണറായ യുദിയനെ സ്വന്തം ബൗളിങില്‍ അദ്ദേഹം പിടികൂടുകയായിരുന്നു. കളിയില്‍ ആറോവറുകളാണ് വിഘ്‌നേഷ് ബൗള്‍ ചെയ്തത്. 4.7 ഇക്കോണമി റേറ്റില്‍ വെറും 28 റണ്‍സ് വിട്ടുകൊടുത്താണ് ഒരു വിക്കറ്റും പോക്കറ്റിലാക്കിയത്.

സഞ്ജുവില്ലാതെ കേരളം
തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ സേവനം കേരളത്തിനു ലഭിച്ചില്ല. ത്രിപുരയുമായുള്ള ആദ്യ മല്‍സരത്തില്‍ വിട്ടുനിന്ന അദ്ദേഹം കര്‍ണാടകയ്‌ക്കെതിരേ ടീമിലേക്കു മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഈ മല്‍സരത്തിലും അദ്ദേഹത്തെ ടീമില്‍ കണ്ടില്ല.
രോഹന്‍ കുന്നുമ്മലാണ് ടൂര്‍ണമെന്റില്‍ കേരളത്തെ നയിക്കുന്നത്. കര്‍ണാടകയ്‌ക്കെതിരേ ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റിനു 284 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി. മുഹമ്മദ് അസ്ഹറുദ്ദീന്‍ (84*), ബാബ അപരിജിത് (71) എന്നിവരുടെ ഫിഫ്റ്റികളാണ് കേരളത്തിനു കരുത്തായത്.
ഏഴാമനായി ഇറങ്ങിയ അസ്ഹര്‍ 58 ബോളല്‍ നാലു സിക്‌സറും മൂന്നു ഫോറുമുള്‍പ്പെടെയാണ് കേരളത്തിന്റെ അമരക്കാരനായത്. ബാബ 62 ബോളില്‍ എട്ടു ഫോറും രണ്ടു സിക്‌സറുകളുമടിച്ചു. വിഷ്ണു വിനോദ് (35), എംഡി നിധീഷ് (34*) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.