അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിലെ ഡു ഒാര്‍ ഡൈ മാച്ചില്‍ കേരളത്തെ കൈവിട്ട സൂപ്പര്‍ താരം സഞ്ജു സാംസണിനു വിമര്‍ശനം. കരുത്തരായ തമിഴ്‌നാടിനെതിരേയുള്ള ഇന്നത്തെ പോരാട്ടത്തില്‍ അദ്ദേഹമില്ലാതെയാണ് കേരളം കളിക്കാനിറങ്ങിയത്. ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ കേരളത്തിനു ഈ മല്‍സരത്തില്‍ ജയിച്ചേ തീരൂ.
ഗ്രൂപ്പുഘട്ടത്തില്‍ കേരളത്തിന്റെ അവസാനത്തെ മല്‍സരം കൂടിയാണിത്. കളിച്ച ആറു മല്‍സരങ്ങളിലും ജയിച്ച കര്‍ണാടകയാണ് ഗ്രൂപ്പ് എയില്‍ തലപ്പത്തുള്ളത്. അവര്‍ ഇതിനകം ക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാമതാണ് കേരളം. ആറു മല്‍സരങ്ങളില്‍ നിന്നും നാലു ജയവും രണ്ടു തോല്‍വിയുമുള്‍പ്പെടെ 16 പോയിന്റുള്ള കേരളം രണ്ടാമതാണ്.

ഇതേ പോയിന്റ് വീതം നേടി ജാര്‍ഖണ്ഡ്, മധ്യപ്രദേശ് എന്നിവരും തൊട്ടു പിന്നാലെയുണ്ട്. കേരളത്തിനൊപ്പം തന്നെ ഇവരും ക്വാര്‍ട്ടറിനായി പോരടിക്കുന്നവരാണ്. അതുകൊണ്ടു തന്നെ അവസാന റൗണ്ട് മല്‍സരങ്ങളിലെ ഫലമായിരിക്കും ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. ഇത്തരമൊരു സാഹര്യത്തില്‍ സഞ്ജു കേരളാ ടീം വിട്ടതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.
എന്തുകൊണ്ട് കളിച്ചില്ല?
വിജയ് ഹസാരെയില്‍ കേരളത്തിന്റെ അവസാന റൗണ്ട് മല്‍സരത്തില്‍ സഞ്ജു സാംസണ്‍ കളിക്കാതിരുന്നതിന് ഒരു കാരണം കൂടിയുണ്ട്. ഐസിസി ടി20 ലോകകപ്പിനായി തിരഞ്ഞെടുത്തിട്ടുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമായ കളിക്കാര്‍ വിജയ് ഹസാരെയില്‍ രണ്ടു മല്‍സരങ്ങളില്‍ കളിച്ചാല്‍ മതിയെന്നാണ് നിര്‍ദേശം. ഈ കളികള്‍ ഏതൊക്കെയാണെന്നതു താരങ്ങള്‍ക്കു തീരുമാനിക്കാം.
ആദ്യത്തെ നാലു മല്‍സരങ്ങളിലും വിട്ടുനിന്ന ശേഷമാണ് അഞ്ചാം റൗണ്ടില്‍ കേരളാ ടീമിനോടൊപ്പം സഞ്ജു ചേര്‍ന്നത്. ജാര്‍ഖണ്ഡുമായുള്ള കളിയില്‍ ഓപ്പണറായി ഇറങ്ങിയ അദ്ദേഹം 101 റണ്‍സോടെ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.
പക്ഷെ ദുര്‍ബലരായ പുതുച്ചെരിക്കെതിരേയുള്ള കളിയില്‍ സഞ്ജു ഫ്‌ളോപ്പായി മാറി. നേടാനായത് വെറും 11 റണ്‍സ് മാത്രമാണ്.
ഇന്നു തമിഴ്‌നാടിനെതിരേ കൂടി കളിച്ച് അദ്ദേഹം ടീം വിടുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ ഈ മല്‍സരത്തിനു കാത്തുനില്‍ക്കാതെ സഞ്ജു കേരളത്തോടു ഗുഡ്‌ബൈ പറഞ്ഞു. രണ്ടിന്നിങ്‌സുകളില്‍ നിന്നും 56 എന്ന മികച്ച ശരാശിയില്‍ 112 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

വിമര്‍ശനം
നിര്‍ണായക ഘട്ടത്തില്‍ കേരളാ ടീമിനെ കൈവിട്ടതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ നേരിടുകയാണ് സഞ്ജു സാംസണ്‍. കേരളത്തിനു വേണ്ടി അദ്ദേഹം തീര്‍ച്ചയായും ഈ മല്‍സരം കളിക്കണമായിരുന്നെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
സഞ്ജു സാംസണിന്റെ ഭാഗത്തു നിന്നും ഇതു പ്രതീക്ഷിച്ചില്ല. കേരളത്തോടു കടുത്ത ചതിയാണ് അദ്ദേഹം കാണിച്ചത്. ടീമിനു സഞ്ജുവിന്റെ സേവനം ഏറ്റവുമധികം ആവശ്യമാ സമയമാണിത്. പക്ഷെ രണ്ടു മല്‍സരങ്ങളെന്ന ബിസിസിഐ പറഞ്ഞ ക്വാട്ട കഴിഞ്ഞപ്പോള്‍ അദ്ദഹം പിന്മാറി. ഇതിനോടു ഒട്ടും യോജിക്കുന്നില്ല.
ഇന്ത്യന്‍ ടി20 ടീമിലുള്ള താരങ്ങള്‍ രണ്ടു മല്‍സരങ്ങളില്‍ കളിച്ചാല്‍ മതിയെന്ന ബിസിസിഐ നിര്‍ദേശം ശരി തന്നെ. പക്ഷെ അതില്‍ കൂടുതല്‍ മല്‍സരം കളിച്ചാലും ശിക്ഷാ നടപടിയയൊന്നും വരില്ല. അഭിഷേക് ശര്‍യും ഇഷാന്‍ കിഷനും മൂന്നു വീതം മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞു. റിങ്കു സിങ് കളിച്ചത് ആറു മല്‍സരങ്ങളാണ്. പിന്നെ സഞ്ജുവിന് മാത്രം എന്താണ് കുഴപ്പം?- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.