അഹമ്മദാബാദ്: രണ്ടു വര്‍ഷത്തിനു ശേഷം കേരളാ ജഴ്‌സിയില്‍ ലിസ്റ്റ് എ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് ഗംഭീര സെഞ്ച്വറിയുമായി ആഘോഷിച്ചിരിക്കുകയാണ് സൂപ്പര്‍ താരം സഞ്ജു സാംസണ്‍. ടി20 ലോകകപ്പ് ടീമിലെ മുഖ്യ എതിരാളിയായ ഇഷാന്‍ കിഷന്‍ നയിച്ച ജാര്‍ണ്ഡിനെതിരേയായിരുന്നു ഓപ്പണറായി ഇറങ്ങി അദ്ദേഹം മിന്നിച്ചത്.
95 ബോളില്‍ 101 റണ്‍സ് നേടി സഞ്ജു ക്രീസ് വിടുകയായിരുന്നു. ഒമ്പതു ഫോറും മൂന്നു കൂറ്റന്‍ സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്. പക്ഷെ ഓപ്പണിങ് പങ്കാളിയായ ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മലിന്റെ (124) തീപ്പൊരി ഇന്നിങ്‌സിനു മുന്നില്‍ സഞ്ജുവിന്റെ പ്രകടനത്തിന്റെ തിളക്കം അല്‍പ്പം കുറഞ്ഞെന്നു പറയാം. എങ്കിലും ടി20 ലോകകപ്പ് പടിവാതില്‍ നില്‍ക്കവെ അദ്ദേഹത്തിന്റെ മാജിക്കല്‍ ഫോം തീര്‍ച്ചയായും ടീം ഇന്ത്യയെ ഏറെ സന്തോഷിപ്പിക്കുമെന്നുറപ്പാണ്.

സൂപ്പര്‍ സഞ്ജു
ഇന്ത്യന്‍ ഏകദിന ടീമില്‍ ഇടമില്ലെങ്കിലും ഈ ഫോര്‍മാറ്റില്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിക്കുന്നയാളാണ് താനെന്നു സഞ്ജു സാംസണ്‍ വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ലിസ്റ്റ് എ കരിയറെടുത്താല്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് അദ്ദേഹത്തിന്റെ സെഞ്ച്വറി നേട്ടം. 20243ല്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ പാളില്‍ നടന്ന ഏകദിനത്തിലാണ് സഞ്ജു അവസാനമായി കളിച്ചത്.
അന്നു ഇന്ത്യന്‍ കുപ്പായത്തില്‍ കന്നി സെഞ്ച്വറിയും അദ്ദേഹം കുറിച്ചിരുന്നു. ഇന്ത്യ 78 റണ്‍സിന്റെ വിജയം കൊയ്ത മല്‍സരത്തില്‍ 114 ബോളില്‍ 108 റണ്‍സാണ് സഞ്ജു നേടിയത്. അദ്ദേഹത്തിന്റെ കന്നി ഏകദിന സെഞ്ച്വറിയും കൂടിയായിരുന്നു ഇത്. ഇന്ത്യ ജയിച്ച മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായും സഞ്ജു തിരഞ്ഞെടുക്കപ്പെട്ടു.
പക്ഷെ അതിനു ശേഷം ഇന്ത്യക്കായി ഒരു ഏകദിന പോലും കളിക്കാനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. രണ്ടു വര്‍ഷത്തെ ഗ്യാപ്പിനു ശേഷമാണ് വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിനൊപ്പം ലിസ്റ്റ് എയിലേക്കു സഞ്ജു തിരിച്ചെത്തിയത്. സെഞ്ച്വറിയോടെ അദ്ദേഹം അതു ആഘോഷിക്കുകയും ചെയ്തു. 90 ബോളിലാണ് താരം സെഞ്ച്വറി കണ്ടെത്തിയത്.
അതേസമയം, അവസാനമായി കളിച്ച 10 ഏകദിനങ്ങളെടുത്താല്‍ റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരേക്കാള്‍ മികച്ച റെക്കോര്‍ഡാണ് സഞ്ജുവിനെന്നു കണക്കുകള്‍ പറയുന്നു. 49 ശരാശരിയില്‍ 103 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം അടിച്ചെടുത്തത് 392 റണ്‍സാണ്. സഞ്ജു കഴിഞ്ഞാല്‍ മികച്ച ശരാശരിയുള്ള അടുത്തയാള്‍ റുതുരാജാണ്. 40 ശരാശരിയാണ് അദ്ദേഹത്തിനുള്ളത്.
മൂന്നാമതാണ് ഇഷാന്‍. 37.10 ശരാശരിയില്‍ 105 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം നേടിയത് 371 റണ്‍സാണ്. ഇവരില്‍ ഏറ്റവും പിറകിലാണ് ഇന്ത്യയുടെ ബാക്കപ്പ്് കീപ്പറായ റിഷഭ്. 32.60 ശരാശരിയില്‍ അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത് 326 റണ്‍സാണ്.
ജാര്‍ഖണ്ഡിനെ ഞെട്ടിച്ച് കേരളം
രോഹന്‍ കുന്നുമ്മലിന്റെയും സഞ്ജു സാംസണിന്റെയും സെഞ്ച്വറികളുടെ മികവില്‍ ജാര്‍ഖണ്ഡിനെതിരേ എട്ടു വിക്കറ്റിന്റെ ആധികാരിക വിജയം കൊയ്തിരിക്കുകയാണ് കേരളാ ടീം. ആദ്യം ബാറ്റ് ചെയ്ത ജാര്‍ഖണ്ഡ് 50 ഓവറില്‍ ഏഴു വിക്കറ്റിന് 311 റണ്‍സലെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തി.
കുമാര്‍ കുശാഗ്രയുടെ (143) അപരാജിത സെഞ്ച്വറിയാണ് അര്‍ക്കു കരുത്തായത്. അനുകുല്‍ റോയ് 72 റണ്‍സും നേടി. പക്ഷെ ക്യാപ്റ്റന്‍ ഇഷാന്‍ കിഷന് 21 റണ്‍സെടുക്കാനേ ആയുള്ളൂ.
മറുപടിയില്‍ കേരളം വെറും 42.3 ഓവറില്‍ വിജയത്തിലേക്കു കുതിച്ചെത്തി. രോഹനും (124) സഞ്ജുവും (101) പുറത്തായ ശേഷം ബാബ അപരാജിതും (41) വിഷ്ണു വിനോദും ചേര്‍ന്നാണ് കേരളത്തിന്റെ വിജയം പൂര്‍ത്തിയാക്കിയത്.