ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലൂടെ ലോക ക്രിക്കറ്റില്‍ വരവറിയിച്ച ശേഷം പിന്നീട് ഇന്ത്യന്‍ ടീമിലുമെത്തിയ താരമാണ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍. സമാപിച്ച കഴിഞ്ഞ സീസണിലും കെകെആറിനായി മോശമല്ലാത്ത പ്രകടനം കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനായിരുന്നു. 2021ലെ ഐപിഎല്ലിനു ശേഷമാണ് വെങ്കടേഷിനു ഇന്ത്യന്‍ ടീമിനു വിളിയെത്തിയത്.
സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഫിറ്റ്‌നസ് വീണ്ടെടുക്കുന്നതിനായി മാസങ്ങളോളം ബ്രേക്കെടുത്തപ്പോള്‍ ഇന്ത്യന്‍ ടീമിലേക്കു നറുക്കുവീണ താരമായിരുന്നു വെങ്കടേഷ്. പിന്നീട് ഹാര്‍ദിക് ടീമിലേക്കു മടങ്ങിയെത്തിയപ്പോള്‍ അദ്ദേഹത്തിനു സ്ഥാനവും നഷ്ടമാവുകയായിരുന്നു. എങ്കിലും വൈകാതെ തന്നെ ടീമില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയിലാണ് വെങ്കടേഷ്.

നിലവിലെ താരങ്ങളില്‍ ഫേവറിറ്റുകള്‍ രജത് പാട്ടിധറും ശുഭ്മാന്‍ ഗില്ലുമാണ് താന്‍ ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. രാജ് ഷമാനിയുടെ യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വെങ്കടേഷ്. രജത് പാട്ടിധര്‍ വളരെ മനോഹരമായി ബാറ്റ് ചെയ്യുന്ന താരമാണ്. അദ്ദേഹത്തിന്റെ ബാറ്റിങ് കാണുമ്പോള്‍ ആരും ഫാനായിപ്പോവും.
വളരെയധികം കഠിനാധ്വാനിയായ ക്രിക്കറ്ററാണ് രജത്. ഞാന്‍ ഇതു കണ്ടിട്ടുള്ളതുമാണ്. താഴെ നിന്നും അവന്‍ മുകളിലേക്കു ഉയര്‍ന്നു വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. രജത്തിനെ ആരാധിക്കുന്നതു പോലെ മറ്റൊരു ബാറ്ററെയും ഞാന്‍ ആരാധിക്കുന്നില്ലെന്നും വെങ്കടേഷ് വ്യക്തമാക്കി.
ടെക്സ്റ്റ് ബുക്ക് സ്റ്റൈല്‍ രീതിയില്‍ ബാറ്റ് ചെയുന്ന താരമാണ് രജത്. ടെസ്റ്റ്, ടി20, ഏകദിനം എന്നീ ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റുകളുമായി നിങ്ങള്‍ക്കു അഡ്ജസ്റ്റ് ചെയ്യുകയെന്നതു ബുദ്ധിമുട്ടേറിയ കാര്യമാണ്. പക്ഷെ രജത് വളരെ പെട്ടെന്നു മൂന്നു ഫോര്‍മാറ്റുകളുമായും പൊരുത്തപ്പെടും. അതു അവന്റെ വളരെ നല്ലൊരു കഴിവായിട്ടാണ് ഞാന്‍ കാണുന്നത്.
രജത് ഏതെങ്കിലുമൊരു ബോളില്‍ ഔട്ടാവുകയാണെങ്കില്‍ അതു വളരെ മികച്ച ബോളായിരിക്കുമെന്നു നമ്മളെല്ലാം പറയും. അതാണ് ഒരു ബാറ്റ്‌സ്മാന്റെ കഴിവ്. 2022ലെ ഐപിഎല്ലില്‍ രജത്തിന്റെ കഴിവ് ലോകം കണ്ടതാണ്. ആര്‍സിബിക്കൊപ്പം കന്നി സെഞ്ച്വറി അവന്‍ നേടിയിരുന്നു. നിര്‍ഭാഗ്യവശാല്‍ പരിക്കു കാരണം കഴിഞ്ഞ സീസണില്‍ കളിക്കാനായില്ല. പരിക്ക് ഇല്ലായിരുന്നെങ്കില്‍ ഇത്തവണയും നന്നായി പെര്‍ഫോം ചെയ്യുമായിരുന്നെന്നും വെങ്കടേഷ് അഭിപ്രായപ്പെട്ടു.
രജത് വ്യത്യസ്ത തലത്തില്‍ നമുക്കു പെടുത്താവുന്ന ബാറ്ററാണ്. അധികം സംസാരിക്കുകയൊന്നു ചെയ്യാറില്ല. തന്റേതായ സോണില്‍ കഴിയാനാണ് രജത്തിനു ഇഷ്ടം. അതും ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന അവന്റെയൊരു കഴിവാണ്. ഞാനും അതുപോലെയിരിക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷെ സാധിക്കാറില്ലെന്നും വെങ്കടേഷ് കൂട്ടിച്ചേര്‍ത്തു.
ശുഭ്മന്‍ ഗില്ലിന്റെ കാര്യമെടുത്താല്‍ അവന്‍ എല്ലാം തികഞ്ഞ ബാറ്ററായിട്ടാണ് എനിക്കു തോന്നിയത്. ശുഭ്മന്റെ ബാറ്റിങ് ടെക്‌നിക്കില്‍ തെറ്റുകള്‍ തിരയുകയെന്നത് അസാധ്യമായ കാര്യമാണ്. ക്രിക്കറ്റിലെ എല്ലാ കാര്യങ്ങളും കവര്‍ ചെയ്ത ശേഷമാണ് അവന്‍ വന്നതെന്നു തോന്നാറുണ്ട്.
ഫ്രണ്ട് ഫൂട്ട് ഗെയിം, ബാക്ക്ഫൂട്ട് ഗെയിം, ഡിഫന്‍സീവ്, അറ്റാക്കിങ്, ഒരു ഫോര്‍മാറ്റില്‍ നിന്നും മറ്റൊന്നിലേക്കുള്ള കൂടുമാറ്റം തുടങ്ങി എല്ലാം ശുബ്മന്റെ പക്കലുണ്ട്. ശരിക്കുമൊരു കംപ്ലീറ്റ് ബാറ്ററാണ് ഗില്‍. കഴിഞ്ഞ ഐപിഎല്ലില്‍ മൂന്നു സെഞ്ച്വറികളാണ് അവന്‍ അടിച്ചെടുത്തത്. എത്ര വലിയ കാര്യമാണത്. ഒന്നു നേടിയപ്പോള്‍ തന്നെ ഇതു വലിയ കാര്യമാണെന്നായിരുന്നു ഞാന്‍ ചിന്തിച്ചതെന്നും വെങ്കടേഷ് കൂട്ടിച്ചേര്‍ത്തു.