വെങ്കടേഷ് 'വണ്ടര്‍ ബോയ്', സൂര്യകുമാര്‍ 'ഹതഭാഗ്യന്‍', അരങ്ങേറ്റത്തിനായി കാത്തിരുന്നത് 10 വര്‍ഷം

ബോളണ്ട് പാര്‍ക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിലൂടെ ഏകദിന അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ യുവ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍. ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പരക്കായി ടീമിലേക്ക് താരത്തിന് വിളിയെത്തി. ഈ പരമ്പരയിലൂടെത്തന്നെ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. ഇപ്പോഴിതാ അധികം കാത്തിരിക്കാതെ ഏകദിന അരങ്ങേറ്റവും സാധ്യമായിരിക്കുന്നു. ഐപിഎല്ലിന്റെ 14ാം സീസണില്‍ കെകെആറിനൊപ്പം നടത്തിയ മിന്നും പ്രകടനമാണ് വെങ്കടേഷിന്റെ തലവിധി മാറ്റിയത്.
വെറും 10 മത്സരം മാത്രം കെകെആറിനായി കളിച്ച താരം നാല് അര്‍ധ സെഞ്ച്വറിയടക്കം 370 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് വിക്കറ്റും മീഡിയം പേസറായ താരം സ്വന്തമാക്കി. ഈ പ്രകടനത്തോടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ താരം വിജയ് ഹസാരെ ട്രോഫിയിലും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ആറ് മത്സരങ്ങളില്‍ നിന്ന് 63.69 ശരാശരിയില്‍ 379 റണ്‍സാണ് ടൂര്‍ണമെന്റില്‍ അദ്ദേഹം നേടിയത്. വെറും 10 ഐപിഎല്‍ ഇന്നിങ്‌സുകൊണ്ട് ഇന്ത്യക്കായി രണ്ട് ഫോര്‍മാറ്റിലും വെങ്കടേഷ് അരങ്ങേറിയപ്പോള്‍ ഇന്ത്യന്‍ ടീമിലെ അരങ്ങേറ്റത്തിന് മുമ്പ് കൂടുതല്‍ മത്സരം കളിച്ച താരത്തെക്കുറിച്ച് അറിയേണ്ടതായുണ്ട്.

അത് മറ്റാരുമല്ല, മുംബൈ ഇന്ത്യന്‍സിലൂടെ ഇന്ത്യന്‍ ടീമിലേക്കെത്തിയ സൂര്യകുമാര്‍ യാദവാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിനുള്ള പ്ലേയിങ് 11ല്‍ സൂര്യകുമാര്‍ ഇല്ല. എന്നാല്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ നിര്‍ണ്ണായക സ്ഥാനം സൂര്യക്കുണ്ട്. ഐപിഎല്ലിലേക്കെത്തിയത് മുതല്‍ ദേശീയ ക്രിക്കറ്റ് ടീമിലേക്കെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന സൂര്യക്ക് അരങ്ങേറ്റത്തിനുള്ള അവസരം ലഭിച്ചത് 2021ലാണ്. മാര്‍ച്ചില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ടി20 പരമ്പരയിലൂടെയാണ് താരം വരവറിയിച്ചത്. അതിന് പിന്നാലെ നടന്ന ഏകദിന പരമ്പരയിലും ഇന്ത്യക്കായി സൂര്യ കളിച്ചു.
2012ലാണ് സൂര്യകുമാര്‍ ഐപിഎല്ലിലേക്കെത്തുന്നത്. മുംബൈ ഇന്ത്യന്‍സായിരുന്നു ആദ്യ ടീം. എന്നാല്‍ അവസരം ലഭിക്കാതെ 2013ന് ശേഷം തഴയപ്പെട്ട താരം 2014ലാണ് കെകെആറിലെത്തുന്നത്. ഗൗതം ഗംഭീര്‍ ക്യാപ്റ്റനായിരിക്കെ ടീമിന്റെ ഫിനിഷര്‍ റോളില്‍ സൂര്യയായിരുന്നു. താരത്തിന്റെ മിന്നും പ്രകടനം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും അന്ന് എംഎസ് ധോണി നിറഞ്ഞുനില്‍ക്കുന്നതിനാല്‍ മറ്റൊരു ഫിനിഷറെ ഇന്ത്യക്ക് ആവിശ്യമില്ലായിരുന്നു. പിന്നീട് 2018ല്‍ മുംബൈ ഇന്ത്യന്‍സില്‍ തിരിച്ചെത്തിയത് സൂര്യയുടെ തലവിധി മാറ്റി.

മുംബൈ ഫിനിഷര്‍ റോളില്‍ നിന്ന് മാറ്റി ഓപ്പണിങ്ങിലേക്കും മൂന്നാം നമ്പറിലേക്കുമെല്ലാം സൂര്യകുമാറിനെ പരീക്ഷിച്ചു. ഇത് ക്ലിക്കായി. ടോപ് ഓഡറില്‍ സൂര്യകുമാര്‍ ഗംഭീര പ്രകടനം നടത്തി. തുടര്‍ച്ചയായ സീസണുകളില്‍ 400ലധികം റണ്‍സ് നേടിയതോടെ സൂര്യയെ ടീമിലേക്ക് പരിഗണിക്കാന്‍ സെലക്ടര്‍മാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. വലിയ താരനിര ഇന്ത്യക്കൊപ്പമുള്ളതിനാല്‍ സൂര്യയെ എവിടെ കളിപ്പിക്കുമെന്നത് വലിയ ചോദ്യം തന്നെയായിരുന്നു.
എന്നാല്‍ ശ്രേയസ് അയ്യര്‍ക്ക് പരിക്കേറ്റതോടെ നാലാം നമ്പര്‍ സ്ഥാനം സൂര്യകുമാറിന് ലഭിച്ചു. സിക്‌സറിലൂടെ വരവറിയിച്ച അദ്ദേഹം തനിക്ക് ലഭിച്ച അവസരങ്ങളെല്ലാം മുതലാക്കുകയും ചെയ്തു. എന്നാല്‍ 2021ലെ ടി20 ലോകകപ്പില്‍ പ്രതീക്ഷിച്ച പ്രകടനം കാട്ടാനായില്ല. എങ്കിലും ഇന്ന് ഇന്ത്യന്‍ ടീമിന്റെ പരിമിത ഓവര്‍ ടീമിനൊപ്പം സൂര്യക്ക് സ്ഥാനം ഉറപ്പാണ്. 2012ല്‍ ഐപിഎല്ലിലേക്കെത്തി 2021ലാണ് അദ്ദേഹത്തിന് ദേശീയ ടീമിലേക്ക് വിളിയെത്തുന്നത്. 10 മത്സരംകൊണ്ട് വെങ്കടേഷ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്തിയപ്പോള്‍ ഏകദേശം 10 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സൂര്യക്ക് അരങ്ങേറ്റം സാധ്യമായത്.

ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികവ് കാട്ടിയിട്ടും ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറാന്‍ സാധിക്കാതെ പോയ താരങ്ങളുടെ പട്ടിക വളരെ വലുതാണ്. നിലവിലെ താരങ്ങളില്‍ ബാബ അപരാജിതാണ് വലിയ നിര്‍ഭാഗ്യവാന്‍. 2012ലെ അണ്ടര്‍ 19 ലോകകപ്പ് മുതല്‍ തന്റെ മികവ് തെളിയിച്ചുകൊണ്ടിരിക്കുന്ന അപരാജിതിന് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. നിലവിലെ ടീം ഘടന പരിശോധിക്കുമ്പോള്‍ അപരാജിതിന് അവസരം ലഭിക്കാനും സാധ്യത കുറവാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications