
ഹെയ്ഡന്‍ വാല്‍ഷ് (വെസ്റ്റ് ഇന്‍ഡീസ്)
വെസ്റ്റ് ഇന്‍ഡീസ് ലെഗ് സ്പിന്നര്‍ ഹെയ്ഡന്‍ വാല്‍ഷാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. അടുത്തിടെ നടന്ന നിശ്ചിത ഓവര്‍ പരമ്പരകളില്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ വാല്‍ഷിനെ നേരിടാന്‍ വിഷമിച്ചിരുന്നു. മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ താരം ഏഴും അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ 12ഉം വിക്കറ്റുകളെടുത്തിരുന്നു. ഈ പ്രകടനമാണ് വാല്‍ഷിനു ടി20 ലോകകപ്പിനുള്ള വിന്‍ഡീസ് ടീമില്‍ ഇടം നേടിക്കൊടുത്തത്.
ഓസീസിനെതിരായ പരമ്പരയില്‍ വാല്‍ഷിനെ വളരെ നന്നായി പ്രയോജനപ്പെടുത്താന്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ കരെണ്‍ പൊള്ളാര്‍ഡിനായിരുന്നു. ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ വിന്‍ഡീസിന്റെ തുറുപ്പുചീട്ടുകളിലൊന്നായിരിക്കും വാല്‍ഷ്. ലെഗ് സ്പിന്നര്‍മാര്‍ ഏതു ടീമുകളെ സംബന്ധിച്ചും പ്രധാനപ്പെട്ടവരാണ്. കളിയില്‍ ബ്രേക്ക്ത്രൂകള്‍ നല്‍കാനുള്ള കഴിവാണ് ഇവരെ അപകടകാരികളാക്കുന്നത്.

കേശവ് മഹാരാജ് (സൗത്താഫ്രിക്ക)
സൗത്താഫ്രിക്കന്‍ ടീമിലുള്ള ഇന്ത്യന്‍ വംശജനായ സ്പിന്നറാണ് കേശവ് മഹാരാജ്. ശ്രീലങ്കയ്‌ക്കെതിരേ അവസാനമായി നടന്ന നിശ്ചിത ഓവര്‍ പരമ്പരയിലെ മികച്ച പ്രകടനമാണ് നേരത്തേ ടെസ്റ്റിലെ സ്ഥിരം സാന്നിധ്യമായിരുന്ന ഓഫ് സ്പിന്നര്‍ കേശവിനു ലോകകപ്പ് ടീമിലേക്കു നറുക്കുവീഴാന്‍ കാരണം. ലങ്കയ്‌ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര സൗത്താഫ്രിക്ക തൂത്തുവാരിയപ്പോള്‍ 4.22 ഇക്കോണമി റേറ്റില്‍ താരം മൂന്നു വിക്കറ്റുകളെടുത്തിരുന്നു. കേശവിന്റെ ടി20 അരങ്ങേറ്റവും ഈ പരമ്പരയിലൂടെയായിരുന്നു.
നിലവില്‍ ലോകകപ്പിനുള്ള സൗത്താഫ്രിക്കന്‍ ടീമിലെ മറ്റു സ്പിന്നര്‍മാര്‍ തബ്രെയ്‌സ് ഷാംസി, ബ്യോണ്‍ ഫോര്‍ട്ട്യുണ്‍, ജോര്‍ജ് ലിന്‍ഡെ എന്നിവരാണ്. ഷാംസിക്കൊപ്പം കേശവിനു പ്ലെയിങ് ഇലവനിലേക്കു നറുക്കു വീഴാനിടയുണ്ടെന്നാണ് സൂചനകള്‍.

ഡെവന്‍ കോണ്‍വേ (ന്യൂസിലാന്‍ഡ്)
ന്യൂസിലാന്‍ഡിന്റെ ഓപ്പണിങ് ബാറ്റ്‌സ്മാനാണ് ഡെവന്‍ കോണ്‍വേ. ജന്‍മരാജ്യമായ സൗത്താഫ്രിക്കയില്‍ കാര്യമായി അവസരങ്ങള്‍ ലഭിക്കാതിരുന്നതോടെയാണ് അദ്ദേഹം ന്യൂസിലാന്‍ഡിലേക്കു ചേക്കേറിയത്. ആഭ്യന്തര ക്രിക്കറ്റിലെ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കോണ്‍വേയ്ക്കു ദേശീയ ടീമിലേക്കു വഴി തുറക്കുകയും ചെയ്തു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലൂടെയായിരുന്നു കോണ്‍വേയുടെ അരങ്ങേറ്റം. ഇതിനു ശേഷം അദ്ദേഹത്തിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
14 മല്‍സരങ്ങളില്‍ നിന്നും 59.12 ശരാശരിയില്‍ 473 റണ്‍സാണ് കോണ്‍വേ വാരിക്കൂട്ടിയത്. താരത്തിന്റെ ഈ പ്രകടനം ടീമിലെ സ്ഥിരം ഓപ്പണറായ കോളിന്‍ മണ്‍റോയ്ക്കു സ്ഥാനം നഷ്ടമാക്കുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ മിന്നുന്ന പ്രകടനത്തിലൂടെ ന്യൂസിലാന്‍ഡിന്റെ തുറുപ്പുചീട്ടായി കോണ്‍വേ മാറിയാന്‍ അദ്ഭുതപ്പെടാനില്ല.

വരുണ്‍ ചക്രവര്‍ത്തി (ഇന്ത്യ)
ഐപിഎല്ലില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റിനു ലഭിച്ചിരിക്കുന്ന മറ്റൊരു മിന്നും താരമാണ് മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. കരിയറിലെ ആദ്യത്തെ ലോകകപ്പാണ് വരുണ്‍ യുഎഇയില്‍ കളിക്കാനൊരുങ്ങുന്നത്. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെ ഉയര്‍ന്നുവന്ന ലെഗ് സ്പിന്നര്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തിയതോടയാണ് ലോക ശ്രദ്ധയാകര്‍ഷിക്കുന്നത്. ബൗളിങിലെ വേരിയേഷനുകളും അപരമ്പരാഗതമല്ലാത്ത ബൗളിങ് ആക്ഷനുമാണ് വരുണിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.
പഞ്ചാബ് കിങ്‌സിലൂടെയാണ് വരുണ്‍ ഐപിഎല്‍ അരങ്ങേറിയതെങ്കിലും കെകെആറിന്റ ഭാഗമായതോടെയാണ് തലവര മാറിയത്. കെകെആറില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചതോടെ വരുണ്‍ തന്റെ പ്രതിഭയും പുറത്തെടുത്തു. കഴിഞ്ഞ സീസണിലും ഈ സീസണിലും കെകെആറിനു വേണ്ടി ഉജ്ജ്വല പ്രകടനമാണ് വരുണ്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ ശ്രീലങ്കയില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലൂടെയായിരുന്നു വരുണിന്റെ അന്താരാഷ്ട്ര അരങ്ങേറ്റം. രണ്ടു വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു. ഇനി ലോകകപ്പിലും തന്റെ മാജിക്ക് ആവര്‍ത്തിക്കാനാണ് വരുണിന്റെ ശ്രമം.

ചാമിക കരുണരത്‌നെ (ശ്രീലങ്ക)
ശ്രീലങ്കയുടെ ഓള്‍റൗണ്ടറായ ചാമിക കരുണരത്‌നെ ലോകകപ്പില്‍ ടീമിന്റെ നിര്‍ണയക താരങ്ങളിലൊരാളായി മാറിയേക്കും. ഇതുവരെയുള്ള പ്രകടനം പരിശോധിച്ചാല്‍ കരുണരത്‌നെയുടെ പ്രകടനം ഉജ്ജ്വലമാണെന്നൊന്നും പറയാന്‍ കഴിയില്ല. പക്ഷെ ലോകകപ്പില്‍ താരം ലങ്കയ്ക്കു വേണ്ടി ആശ്ചര്യപ്പെടുത്താനുള്ള സാധ്യത തള്ളാനും കഴിയില്ല. ഇതുവരെ ആറു ടി20കളിലാാണ് കരുണരത്‌നെ കളിച്ചിട്ടുള്ളത്. 55 ബോളുകളില്‍ നിന്നു നേടിയതാവട്ടെ 69 റണ്‍സുമാണ്.
ഇന്ത്യക്കെതിരേ ഈ വര്‍ഷം നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലൂടെയായിരുന്നു കരുണരത്‌നെയുടെ അരങ്ങേറ്റം. ലങ്ക 2-1ന്റെ അട്ടിമറി ജയം നേടിയ മൂന്നു മല്‍സരങ്ങളിലും താരം കളിക്കുകയും ചെയ്തു. ലോവര്‍ ഓര്‍ഡറില്‍ ചില അതിവേഗ ഇന്നിങ്‌സുകള്‍ കളിക്കാന്‍ കരുണരത്‌നെയ്ക്കായിരുന്നു.


Click it and Unblock the Notifications











