ഐപിഎല്ലിന്റെ 18ാം സീസണിനു ശേഷം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ തരംഗമായി മാറിയ താരമാണ് 14 കാരനായ വൈഭവ് സൂര്യവംശി. രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെ വെറും 35 ബോളില്‍ നിന്നും സെഞ്ച്വറി കുറിച്ചതോടെയാണ് ബിഹാറില്‍ നിന്നുള്ള ഈ വണ്ടര്‍ കിഡ് ഹീറോയായത്. ഇപ്പോഴിതാ ബിഹാറില്‍ നിന്നും മറ്റൊരു വണ്ടര്‍കിഡ് കൂടി വാര്‍ത്തകളില്‍ നിറയുകയാണ്.
വൈഭവിന്റെ കൂട്ടുകാരന്‍ കൂടിയായ 13 കാരനായ അയാന്‍ രാജാണ് കിടിലന്‍ ട്രിപ്പിള്‍ സെഞ്ച്വറിയോടെ കൈയടി നേടിയിരിക്കുന്നത്. വൈഭവിന്റെ വഴിയെ തന്നെയാണ് തന്റെയും യാത്രയെന്നാണ് താരം കാണിച്ചു തന്നിരിക്കുന്നത്. ഐപിഎല്‍ ഫ്രാഞ്ചൈസികളും ഇപ്പോള്‍ വൈഭവിനെ നോക്കി വച്ചിട്ടുണ്ടാവുമെന്നുറപ്പാണ്.

അവിശ്വസനീയ ഇന്നിങ്‌സ്
ജില്ലാ ക്രിക്കറ്റ് ലീഗിലായിരുന്നു അയാന്‍ രാജിന്റെ ബാറ്റിങ് വിരുന്ന്. മുസാഫര്‍പൂരില്‍ നടന്ന കളിയില്‍ അവിശ്വസനീയ ഇന്നിങ്‌സാണ് താരം കളിച്ചത്. 30 ഓവറുകള്‍ വീതമുള്ള മാച്ചില്‍ വെറും 134 ബോളില്‍ അയാന്‍ വാരിക്കൂട്ടിയത് 327 റണ്‍സാണ്.
63 ബൗണ്ടറികള്‍ ഇതിലുള്‍പ്പെടുമെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ഇതില്‍ 41 എണ്ണം ഫോറുകളായിരുന്നെങ്കില്‍ ശേഷിച്ച 22ഉം സിക്‌സറുകളായിരുന്നു. 244.02 സ്‌ട്രൈക്ക് റേറ്റിലാണ് ഈ 13 കാരന്‍ എതില്‍ ടീം ബൗളര്‍മാരെ പഞ്ഞിക്കിട്ടത്.
താരം ആകെ നേടിയ റണ്‍സിന്റെ 90 ശതമാനവും ബൗണ്ടറികളില്‍ നിന്നായിരുന്നുവെന്നതാണ് കൗതുകകരമായ കാര്യം. അതായത് 327 റണ്‍സില്‍ 296ഉം ബൗണ്ടറിയിലൂടെയാണ് വന്നത്. ടി20 ക്രിക്കറ്റിന്റെ വരവ് തന്നെയാണ് ഈ തരത്തിലുള്ള അഗ്രസീവ് ഇന്നിങ്‌സുകള്‍ കളിക്കാന്‍ പുതുതലമുറയിലെ താരങ്ങളെ പ്രചോദിപ്പിക്കുന്നത് എന്നതില്‍ സംശയമില്ല.
വൈഭവിന്റെ വഴിയെ അയാനും
കൂട്ടുകാരന്‍ കൂടിയായ വൈഭവ് സൂര്യവംശയിയെ തന്നെയാണ് താനും പിന്തുടരുതെന്നും അതേ ശൈലിയിലുള്ള അറ്റാക്കിങ് ഗെയിം കളിക്കാനാണ് ഇഷ്ടമെന്നുമാണ് അയാന്‍ രാജ് പറയുന്നത്.
ഓരോ തവണ ഞാന്‍ വൈഭവ് ഭായിയോടു സംസാരിത്തുമ്പോള്‍ ഒരു പ്രത്യേക അനുഭവമാണ് എനിക്കു ലഭിക്കാറുള്ളത്. ഞങ്ങള്‍ വളരെ ചെറുപ്പം മുതല്‍ തന്നെ ഒരുമിച്ച് കളിച്ചിട്ടുള്ളവരാണ്. ഇപ്പോള്‍ അദ്ദേഹം ക്രിക്കറ്റില്‍ വലിയൊരു പേരുണ്ടാക്കി കഴിഞ്ഞു. ഞാനും വൈഭവ് ഭായിയുടെ കാല്‍പ്പാടുകളാണ് പിന്തുടരുന്നതെന്നും അയാന്‍ പറയുന്നു.

അതേസമയം, ഐപിഎല്ലിലെ മാജിക്കല്‍ പ്രകടനത്തിനു ശേഷം ഇനി ഇന്ത്യന്‍ ടീമിനു വേണ്ടി ജൂനിയര്‍ ക്രിക്കറ്റിലും ഹീറോയായി മറാന്‍ തയ്യാറെടുക്കുകയാണ് വൈഭവ്. ഈ മാസം അവസാനത്തോടെ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ ഭാഗമാണ് താരം. ആയുഷ് മാത്രെ നയിക്കുന്ന ഇന്ത്യന്‍ കൗമാര നിര മൂന്നു ഫോര്‍മാറ്റിലും ഇംഗ്ലണ്ടില്‍ പരമ്പര കളിക്കുന്നുണ്ട്.
നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഇംഗ്ലണ്ട് പര്യടനത്തിനു വേണ്ടിയുള്ള അവസാന തയ്യാറെടുപ്പുകളിലാണ് വൈഭവ്. ഇതിനിടെ ഒരു പരിശീലന മല്‍സരത്തില്‍ തീപ്പൊരി സെഞ്ച്വറിയുമായി താരം വീണ്ടും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. 90 ബോളില്‍ വൈഭവ് വാരിക്കൂട്ടിയത് 190 റണ്‍സാണ്.
കഴിഞ്ഞ ഐപിഎല്‍ മെഗാ ലേലത്തില്‍ 1.10 കോടി രൂപയ്ക്കു രാജസ്ഥാന്‍ റോയല്‍സ് വാങ്ങിയതോടെയാണ് വൈഭവിന്റെ തലവരമാറിയത്. ആദ്യത്തെ ഏഴു മല്‍സരങ്ങളില്‍ അവസരം കിട്ടിയില്ലെങ്കിലും സഞ്ജു സാംസണിനു പരിക്കേറ്റതോടെ താരത്തിനു ടീമിലേക്കു വഴി തുറന്നു. കളിച്ച മൂന്നാമത്തെ മല്‍സരത്തില്‍ തന്നെ വെറും 35 ബോളില്‍ വൈഭവ് കന്നി സെഞ്ച്വിയും കുറിക്കുകയായിരുന്നു. പിന്നീട് ഈ 13 കാരനു തിരിഞ്ഞു നോക്കേണ്ടിയും വന്നിട്ടില്ല.