ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ വണ്ടര്‍ കിഡെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന കൗമാര ബാറ്റര്‍ വൈഭവ് സൂര്യവംശിയെ ദേശീയ ടീമിലേക്കു പരിഗണിക്കരുതെന്ന ആവശ്യവുമായി മുന്‍ സ്പിന്നര്‍ വെങ്കടപതി രാജു. ഈ സീസണിലെ ഐപിഎല്ലിലൂടെ രാജസ്ഥാന്‍ റോയല്‍സിനായി അരങ്ങേറിയതു മുതല്‍ ലോക ക്രിക്കറ്റിലെ സംസാരവിഷയമാണ് ഈ 14 കാരന്‍.
നേരിട്ട ആദ്യ ബോളില്‍ തന്നെ സിക്‌സറടിച്ച് തുടങ്ങിയ വൈഭവ് മൂന്നാമത്തെ കളിയില്‍ കന്നി സെഞ്ചറിയും കുറിച്ചിരുന്നു. വെറും 25 ബോളുകളിലായിരുന്നു ഇത്. ഐപിഎല്‍ ഷോയ്ക്കു ശേഷം ഈ മാസം ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന പരമ്പരകളില്‍ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനായി കളിക്കാന്‍ തയ്യാറെടുക്കുകയാണ് ഈ ഇടംകൈയന്‍ ബാറ്റര്‍.
വൈഭവിനെ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കും വിളിക്കമെന്നു പലരും ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാല്‍ അത്തരമൊരു മണ്ടത്തരം ഇന്ത്യ കാണിക്കരുതെന്ന അഭിപ്രായമാണ് രാജുവിനുള്ളത്. അതിന്റെ കാരണവും അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

വൈഭ് ഇപ്പോള്‍ വേണ്ട
ഇന്ത്യന്‍ സീനിയര്‍ ടീമില്‍ വൈഭവ് സൂര്യവംശിയെ ഇപ്പോള്‍ ഉള്‍പ്പെടുത്തരുതെന്നാണ് തന്റെ അഭിപ്രായമെന്നു വെങ്കടപതി രാജു വ്യക്തമാക്കി. 2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം ജേതാക്കളായപ്പോള്‍ അന്നത്തെ മുഖ്യ സെലക്ടര്‍ കൂടിയായിരുന്നു അദ്ദേഹം.
വൈഭവ് സൂര്യവംശി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാനായിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്. അവനു അതിനായി ഇനിയുമൊരുപാട് സമയം വേണം. ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പുകളില്‍ ഇന്ത്യക്കു വേണ്ടി നന്നായി പെര്‍ഫോം ചെയ്യേണ്ട കളിക്കാരില്‍ ഒരാളാണ് വൈഭവ്. ആഭ്യന്തര ക്രിക്കറ്റിലും അവന്‍ കുറച്ചു നല്ല പ്രകടനങ്ങള്‍ നടത്തേണ്ടതുണ്ട്. ചതുര്‍ദിന മല്‍സരങ്ങളിലും തിളങ്ങണം.
നമുക്കു അവനു സമയം നല്‍കാം. പ്രതിഭയുടെ കാര്യത്തിലാണെങ്കില്‍ വൈഭവിനെ നമ്മള്‍ ഇതിനകം കണ്ടു കഴിഞ്ഞു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ അവനു എന്തു ചെയ്യാന്‍ സാധിക്കുമെന്നും നമ്മള്‍ കണ്ടതായും രാജു വ്യക്തമാക്കി.
സച്ചിനുമായി താരമ്യം ചെയ്യരുത്
കരിയറിന്റെ തുടക്കത്തില്‍ തന്നെ ഇത്ര ചെറിയ പ്രായത്തില്‍ പല മാജിക്കല്‍ പ്രകടനങ്ങളും നടത്തിയതിനാല്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമായും വൈഭവ് സൂര്യവംശി താരതമ്യം ചെയ്യപ്പെടാറുണ്ട്. പക്ഷെ ഒരിക്കലും അതു പാടില്ലെന്നാണ് വെങ്കടപതി രാജുവിന്റെ അഭിപ്രായം.

സച്ചിന്‍ ടെണ്ടുല്‍ക്കറുമായി ഒരു താരം താരതമ്യം ചെയ്യപ്പെടേണ്ടത് സ്ഥിരതയെ ആശ്രയിച്ചാവണം. നമ്മളെല്ലാം ഉറച്ച വിശ്വാസമുള്ളവരാണ്, സച്ചിന്‍ ടെണ്ടുല്‍ക്കറെ പോലെയൊരൊളെ കുറിച്ച് നമ്മള്‍ സംസാരിച്ചേക്കുകയും ചെയ്യും.
രഞ്ജി ട്രോഫിയിലെ അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ അദ്ദേഹം സെഞ്ച്വറി നേടിയിട്ടുണ്ട്. ദുലീപ് ട്രോഫിയിലും റെസ്റ്റ് ഓഫ് ഇന്ത്യക്കു വേണ്ടിയുമെല്ലാം സച്ചിന്‍ സെഞ്ച്വറികള്‍ നേടുകയു ചെയ്തു. ഇവയെല്ലാം ത്രിദിന മല്‍സരങ്ങളോ, ചതുര്‍ദിന മല്‍സരങ്ങളോ, അഞ്ചു ദിവസത്തെ മല്‍സരങ്ങളോയാണ്.
അതുപോലെ തന്നെ നിങ്ങള്‍ ഒരു പ്രതിഭയെ കണ്ടെത്തിയാല്‍ അയാള്‍ക്കു നന്നായി കളിക്കാനുള്ള സമയം നമ്മള്‍ നല്‍കണം. നന്നായി പെര്‍ഫോം ചെയ്യാന്‍ ആ താരത്തിനു സാധിക്കുന്നുണ്ടെങ്കില്‍ നമുക്ക് അയാളെ ഇന്ത്യന്‍ ടീമിലേക്കു കൊണ്ടു വരാവുന്നതാണെന്നും രാജു വിശദമാക്കി.
അതേസമയം, ഐപിഎല്ലില്‍ ഇത്തവണ ആദ്യത്തെ ഏഴു മല്‍സരങ്ങളിലും പുറത്തിരുന്ന ശേഷം ബാക്കിയുള്ള ഏഴു കളികളിലാണ് വൈഭവിനു അവസരം ലഭിച്ചത്. 206.57 സ്‌ട്രൈക്ക് റേറ്റോടെ 252 റണ്‍സും താരം അടിച്ചെടുത്തു. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കമാണിത്.