ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താന്‍ തന്നെയാണെന്നു വീണ്ടുമൊരു സ്‌ഫോടനാത്മക ഇന്നിങ്‌സിലൂടെ തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശി. സമാപിച്ച ഐപിഎല്ലിലെ കണ്ടെത്തലുകളിലൊരാളായ ഈ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ഒരു മാരത്തണ്‍ ഇന്നിങ്‌സിലൂടെയാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിനായി തന്റെ അരങ്ങേറ്റം വൈകാതെ പ്രതീക്ഷിക്കാമെന്ന സൂചനയാണ് ഈ 14കാരന്‍ നല്‍കിയിരിക്കുന്നത്. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) നടന്ന ഒരു പരിശീലന മല്‍സത്തിലാണ് ബൗളര്‍മാരെ പഞ്ഞിക്കിട്ട് വൈഭവ് കിടിലന്‍ സെഞ്ച്വറി കണ്ടെത്തിയത്.

കൊടുങ്കാറ്റായി വൈഭവ്
കഴിഞ്ഞ ഐപിഎല്ലില്‍ രാജസ്ഥാന്‍ കുപ്പായത്തില്‍ വൈഭവ് സൂര്യവംശിയുടെ 35 ബോളില്‍ സെഞ്ച്വറി പ്രകടനം ക്രിക്കറ്റ് പ്രേമികള്‍ മറന്നിട്ടുണ്ടാവില്ല. സമാനമായ ഒരു ബാറ്റിങ് വിസ്‌ഫോടനമാണ് എന്‍സിഎയിലെ പരിശീലന മല്‍സരത്തിലും 14 കാരന്‍ കാഴ്ചവച്ചത്. വെറും 90 ബോളില്‍ വൈഭവ് വാരിക്കൂട്ടിയത്. പതിവുപോലെ സ്ഥിരം ശൈലിയില്‍ ഫോറുകളേക്കാള്‍ സിക്‌സറുകള്‍ അടിച്ചുകൂട്ടിയാണ് താരം അതിവേഗം 190 റണ്‍സിലേക്കു കുതിച്ചെത്തിത്.
പക്ഷെ വൈഭവിന്റെ ഇന്നിങ്‌സില്‍ എത്ര വീതം ഫോറുകളും സിക്‌സറുകളും ഉണ്ടായിരുന്നുവെന്നതിനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല. ഐപിഎല്ലില്‍ നിര്‍ത്തിയ ഇടത്തു തന്നെയാണ് ഇടംകൈയന്‍ ബാറ്റര്‍ ഇപ്പോള്‍ തുടങ്ങിയിരിക്കുന്നതെന്നു വീഡിയോയില്‍ നിന്നും വ്യക്തമാണ്. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ പോലും അത്രയും അനായാസമായിട്ടാണ് കണ്ണഞ്ചിക്കുന്ന ടൈമിങിലൂടെ വൈഭവ് സിക്‌സര്‍ പറത്തിയത്.
എന്‍സിഎയിലെ പരിശീലന മല്‍സരത്തില്‍ വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് പ്രകടനം. വീഡിയോ കാണാം
ഇംഗ്ലണ്ട് പര്യടനത്തിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണ്് വൈഭവ് എന്‍സിഎയിലെത്തിയിരിക്കുന്നത്. ഇംഗ്ലണ്ട് എയുമായി വൈ് ബോള്‍, റെഡ് ബോള്‍ പരമ്പരകളാണ് ഇന്ത്യന്‍ എ ടീം കളിക്കുക. ഇന്ത്യന്‍ ടീമിലെ ഏറ്റവും വലിയ താരസാന്നിധ്യങ്ങളിലൊരാളാണ് വൈഭവ്.
കഴിഞ്ഞ ഐപിഎല്‍ സീസണിലെ മറ്റൊരു കണ്ടെത്തലായ ചെന്നൈ സൂപ്പര്‍ കിങ്‌സന്റെ കൗമാര ഓപ്പണര്‍ ആയുഷ് മാത്രെയാണ് ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ എ ടീമിനെ നയിക്കുക. മാത്രെയും വൈഭവുമായിരിക്കും ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിനായി ഒാപ്പണിങില്‍ ഇറങ്ങുക.
ഐപിഎല്ലിലെ പ്രകടനം
കഴിഞ്ഞ ഐപിഎല്‍ മെഗാ ലേലത്തില്‍ 1.10 കോടി രൂപയ്ക്കു രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായതു മുതല്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയമായി വൈഭവ് സൂര്യവംശി മാറിയിരുന്നു. വെറും 14 വയസ്സ് മാത്രമുള്ള ഈ താരത്തിനു ഇത്ര വലിയ ഓഫര്‍ ലഭിച്ചതെങ്ങനെയെന്നു ക്രിക്കറ്റ് ലോകവും അദ്ഭുതപ്പെട്ടു. റോയല്‍സിന്റെ ഭാഗമായെങ്കിലും ഉടനെയൊന്നു വൈഭവിന്റെ അരങ്ങേറ്റം കണ്ടേക്കില്ലെന്നും എല്ലാവരും ഉറപ്പിച്ചു. അവിടെയും ഈ ഇടംകൈയന്‍ ബാറ്റര്‍ അദ്ഭുതപ്പെടുത്തി.

സീസണിലെ എട്ടാമത്തെ മല്‍സരത്തില്‍ തന്നെ റോയല്‍സിന്റെ പിങ്ക് ജഴ്‌സിയില്‍ വൈഭവ് അരങ്ങേറി. കന്നി മല്‍സരത്തിലെ ആദ്യ ബോളില്‍ തന്നെ സിക്‌സര്‍ പറത്തിയ താരം താന്‍ വളരെ സ്‌പെഷ്യല്‍ തന്നെയാണെന്നും കാണിച്ചു തന്നു. അവിടെയും തീര്‍ന്നില്ല അദ്ഭുതങ്ങള്‍. മൂന്നാമത്തെ ഐപിഎല്‍ മല്‍സരത്തില്‍ കന്നി സെഞ്ച്വറിയും താരം കുറിച്ചു.
ഗുജറാത്ത് ടൈറ്റന്‍സുമായുള്ള പോരാട്ടത്തിലാണ് വെറും 35 ബോളില്‍ വൈഭവ് മൂന്നക്കത്തിലെത്തിയത്. പല റെക്കോര്‍ഡുകളും ഇതോടെ ഈ 14 കാരന്‍ കടപുഴക്കുകയും ചെയ്തു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയും ഒരു ഇന്ത്യന്‍ താരത്തിന്റെ അതിവേഗ സെഞ്ച്വറിയും കൂടിയായിരുന്നു ഇത്. ഏഴു മല്‍സരങ്ങളില്‍ നിന്നും 200ന് മുകളില്‍ സ്‌ട്രൈക്ക്‌റേറ്റോടെ 252 റണ്‍സ് അടിച്ചെടുത്താണ് വൈഭവ് സീസണ്‍ അവസാനിപ്പിച്ചത്.