IPL 2026:എനിക്ക് വെറുമൊരു ഹിറ്ററാകേണ്ട,ലക്ഷ്യം മറ്റൊന്നാണ്!ഗവാസ്കറുടെ മുന്നിൽ മനസ്സ് തുറന്ന് വൈഭവ് സൂര്യവംശി
ഇന്ത്യൻ ക്രിക്കറ്റിലെ യുവ വിസ്മയം വൈഭവ് സൂര്യവംശി തന്റെ കളിശൈലിയെക്കുറിച്ചും ടെസ്റ്റ് ക്രിക്കറ്റിനോടുള്ള തന്റെ അടങ്ങാത്ത ആഗ്രഹത്തെക്കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ്. മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കറെയും ഹർഭജൻ സിങ്ങിനെയും സാക്ഷിനിർത്തിയാണ് യുവതാരം തന്റെ വലിയ ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിച്ചത്.
ടെസ്റ്റ് ക്രിക്കറ്റാണ് ഏറ്റവും വലുത്; അച്ഛൻ തന്ന പാഠം
തന്റെ സ്വാഭാവികമായ ആക്രമണ ശൈലിയെ ആളുകൾ തെറ്റിദ്ധരിക്കാറുണ്ടെന്ന് വൈഭവ് സൂര്യവംശി പറയുന്നു.
"എന്റെ കളിശൈലി പ്രകൃത്യാ തന്നെ അൽപ്പം അഗ്രസീവ് (Aggressive) ആണ്. അതുകൊണ്ടുതന്നെ ഞാൻ എല്ലാ പന്തും അടിച്ചുപറത്താൻ നോക്കുന്ന ആളാണെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ എനിക്ക് റെഡ് ബോൾ ക്രിക്കറ്റ് (ടെസ്റ്റ് മത്സരം) കളിക്കണമെന്നാണ് ആഗ്രഹം. ടെസ്റ്റ് ക്രിക്കറ്റാണ് ഈ കളിയുടെ ഏറ്റവും പരിശുദ്ധമായ രൂപം (Purest form) എന്നാണ് അച്ഛൻ എന്നെ എപ്പോഴും പഠിപ്പിച്ചിട്ടുള്ളത്. അച്ഛൻ എപ്പോഴും എനിക്ക് നിങ്ങളുടെ (സുനിൽ ഗവാസ്കർ) ഉദാഹരണമാണ് തരാറുള്ളത്." വൈഭവ് പറഞ്ഞു.

മഹത്വത്തിന് മുന്നിലാണ് നീ നിൽക്കുന്നത്; ഹർഭജൻ സിങ്
വൈഭവ് ഇത് പറഞ്ഞതിന് പിന്നാലെ ഹർഭജൻ സിങ് യുവതാരത്തിന് വലിയൊരു ഉപദേശം നൽകി:
"നീ ഇപ്പോൾ നിൽക്കുന്നത് ക്രിക്കറ്റിലെ ഏറ്റവും വലിയ മഹത്വത്തിന് (Greatness) മുന്നിലാണ്. അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങൂ, അദ്ദേഹത്തിൽ നിന്നും കാര്യങ്ങൾ പഠിക്കൂ, എങ്കിൽ സുനിൽ ഗവാസ്കറെപ്പോലെ മികച്ചൊരു കരിയർ നിനക്കും സ്വന്തമാക്കാം."
കാൽ തൊട്ട് വന്ദിച്ചു, പിന്നാലെ റൺമഴ!
ഹർഭജന്റെ വാക്കുകളോട് വളരെ കൗതുകകരമായ ഒരു മറുപടിയാണ് വൈഭവ് സൂര്യവംശി നൽകിയത്.
"എനിക്കറിയാം സാർ... കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഞാൻ അദ്ദേഹത്തിന്റെ (സുനിൽ ഗവാസ്കർ) കാൽ തൊട്ട് വന്ദിച്ചിട്ടാണ് കളിക്കാൻ ഇറങ്ങിയത്. അതിനുശേഷമാണ് ഞാൻ ഒരുപാട് റൺസ് അടിച്ചുകൂട്ടിയത്!" താരം ചിരിച്ചുകൊണ്ട് പറഞ്ഞു നിർത്തി.
ടി20 ഫോർമാറ്റുകളിൽ തിളങ്ങുമ്പോഴും ടെസ്റ്റ് ക്രിക്കറ്റിന് പ്രാധാന്യം നൽകുന്ന വൈഭവിന്റെ ഈ വാക്കുകളെ ക്രിക്കറ്റ് ലോകം വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
സ്വപ്ന തുല്യമായ ടൂർണമെന്റായിരുന്നു വൈഭവ് സൂര്യവംശിയെ സംബന്ധിച്ചെടുത്തോളം 2026 ഐപിഎൽ. തന്റെ ടീമായ രാജസ്ഥാൻ റോയൽസിനായി 200ൽ കൂടുതൽ സ്ട്രൈക്ക് റേറ്റിൽ വൈഭവ് അടിച്ച് കൂട്ടിയത് 776 റൺസാണ്. ഓറഞ്ച് ക്യാപ്, വാല്യുബിൾ പ്ലെയർ, മോസ്റ്റ് സിക്സസ്, പവർ സ്ട്രൈക്കർ തുടങ്ങി നിരവധി അവാർഡുകളാണ് ഈ പതിനഞ്ചുകാരൻ ടൂർണമെന്റിൽ നേടിയെടുത്തത്. രാജസ്ഥാൻ റോയൽസിനെ പ്ലേ ഓഫിലേക്ക് എത്തിക്കുന്നതിലും ഫൈനൽ പ്രതീക്ഷ നൽകിയതിലും വൈഭവിന്റെ പങ്ക് വളരെ വലുതാണ്. ഓരോ മത്സരങ്ങളിലും വൈഭവ് നൽകുന്ന തുടക്കമാണ് രാജസ്ഥാന്റെ ജയ-പരാജയങ്ങളെ നിർണയിക്കുക. ഈ ഫോം കണക്കിലെടുത്ത് ഇന്ത്യൻ ടീമിലേക്കും വൈഭവിന് ഉറപ്പായും വിളി വരും എന്നുറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications