ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തി യുവ താരം വൈഭവ് സൂര്യവന്‍ഷി. ഗ്രൂപ്പ് എയില്‍ പാകിസ്താനെതിരേ ഇറങ്ങിയ വൈഭവ് 9 പന്ത് നേരിട്ട് 1 റണ്‍സെടുത്താണ് പുറത്തായത്. അലി റാസയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്‍കിയാണ് വൈഭവ് പുറത്തായത്. രാജസ്ഥാന്റെ ചങ്കിടിപ്പേറ്റുന്ന പ്രകടനമാണ് 13കാരന്‍ കാഴ്ചവെച്ചതെന്ന് പറയാം. ആഭ്യന്തര ക്രിക്കറ്റില്‍ അത്ഭുത പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള കളിക്കാരനാണ് വൈഭവ്.
അതുകൊണ്ടുതന്നെ മെഗാ ലേലത്തില്‍ വൈഭവനായി ഒന്നിലധികം ടീമുകള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാവരേയും മറികടന്ന് 1.10 കോടിക്ക് വൈഭവിനെ രാജസ്ഥാന്‍ ടീമിലെത്തിക്കുകയായിരുന്നു. ലേലത്തിന് പിന്നാലെയുള്ള ഏഷ്യാ കപ്പില്‍ വൈഭവ് പ്രകടന മികവ് കാട്ടി കൈയടി വാങ്ങുമെന്നാണ് കരുതിയിരുന്നതെങ്കിലും അതിനൊത്ത പ്രകടനം നടത്താന്‍ വൈഭവിന് സാധിച്ചിട്ടില്ലെന്നത് സഞ്ജു സാംസണിന്റെ രാജസ്ഥാനെ ആശങ്കപ്പെടുത്തുന്ന കാര്യമാണ്.
രാജസ്ഥാനിലേക്കെത്തിയത് സര്‍പ്രൈസായി
ഇതിനോടകം മികച്ച പ്രകടനങ്ങള്‍ നടത്തി വാര്‍ത്തകളില്‍ ഇടം പിടിച്ച താരമാണ് വൈഭവ്. അതുകൊണ്ടുതന്നെ ലേലത്തില്‍ എല്ലാ ടീമുകളും വൈഭവിനെ നോട്ടമിട്ടിരുന്നു. ലേലത്തിന് മുമ്പ് തന്നെ രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും വൈഭവിനെ ട്രയല്‍സിന് ക്ഷണിച്ചിരുന്നു. നാഗ്പൂരില്‍ നടന്ന ട്രയല്‍സില്‍ ഒരോവറില്‍ 17 റണ്‍സ് നേടുകയെന്ന വെല്ലുവിളിയാണ് വൈഭവിന് മുന്നില്‍ വെച്ചത്. മൂന്ന് സിക്‌സറുകളോടെ താരം ടീമുകളെ ഞെട്ടിക്കുകയായിരുന്നു.
എന്നാല്‍ ഈ മികവ് പാകിസ്താനെതിരേ കാട്ടാന്‍ വൈഭവിന് സാധിക്കാതെ പോയി. ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ ഓസ്‌ട്രേലിയക്കെതിരായ യൂത്ത് ടെസ്റ്റ് മത്സരത്തില്‍ ഗംഭീര പ്രകടനത്തോടെ വൈഭവ് ഞെട്ടിച്ചിരുന്നു. 62 പന്തില്‍ 104 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. ഈ പ്രകടനവും ലേലത്തില്‍ മികച്ച നേട്ടത്തിലേക്കെത്താന്‍ വൈഭവിനെ സഹായിച്ചു. എന്നാല്‍ ഇന്ത്യന്‍ ടീമിനൊപ്പം പ്രതീക്ഷക്കൊത്തുയരാന്‍ വൈഭവിന് സാധിക്കാതെ പോയി.

വൈഭവിന്റെ പദ്ധതി പാളി
പാകിസ്താന്‍ യുവനിരയുടെ പേസാക്രമണം ശക്തമായിരുന്നു. അതുകൊണ്ടുതന്നെ കരുതലോടെ കളിക്കാനാണ് വൈഭവ് ശ്രമിച്ചത്. ആയുഷ് മാത്ര അതിവേഗം റണ്‍സുയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ 14 പന്തില്‍ 20 റണ്‍സുമായി മടങ്ങി. ഇതോടെ വൈഭവ് അല്‍പ്പം കൂടി കരുതലോടെ കളിക്കാനാണ് ശ്രമിച്ചത്. 9 പന്ത് നേരിട്ട താരം നിലയുറപ്പിച്ച ശേഷം ആക്രമിക്കാനാണ് തയ്യാറെടുത്തതെങ്കിലും പദ്ധതി പൊളിയുകയായിരുന്നു. പാകിസ്താന്‍ ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനം വൈഭവിന് മടക്ക ടിക്കറ്റ് നല്‍കുകയായിരുന്നു.
51 റണ്‍സിനിടെ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 7 വിക്കറ്റിന് 281 റണ്‍സാണ് അടിച്ചെടുത്തത്. ഓപ്പണര്‍ ഷഹ്‌സൈബ് ഖാന്റെ 159 റണ്‍സും സഹ ഓപ്പണറായ ഉസ്മാന്‍ ഖാന്റെ (60) പ്രകടനവുമാണ് പാകിസ്താന് കരുത്തായത്. ഒന്നാം വിക്കറ്റില്‍ 160 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. ഇന്ത്യയുടെ ബൗളര്‍മാര്‍ പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.
പാകിസ്താനോട് തോറ്റ് ഇന്ത്യ
ഇന്ത്യയുടെ ജൂനിയര്‍ നിരക്ക് പാകിസ്താനോട് തോല്‍ക്കേണ്ടി വന്നുവെന്നതാണ് എടുത്തു പറയേണ്ടത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 7 വിക്കറ്റിന് 281 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 47.1 ഓവറില്‍ 238 റണ്‍സില്‍ പുറത്താവുകയായിരുന്നു. ഇതോടെ ഇന്ത്യ 43 റണ്‍സിന് തോറ്റു. ഇന്ത്യക്കായി നിഖില്‍ കുമാര്‍ 67 റണ്‍സോടെ ചെറിയ പോരാട്ടം നടത്തിയെങ്കിലും ജയത്തിലേക്ക് ഇത് മതിയാകുമായിരുന്നില്ല. മൊഹമ്മദ് ഇനാന്‍ 30 റണ്‍സും നേടി. ഇന്ത്യയുടെ ടോപ് ഓഡര്‍ നിരാശപ്പെടുത്തിയതും ബൗളിങ് നിര മികവ് കാട്ടാത്തതുമാണ് ടീമിന്റെ തോല്‍വിക്ക് കാരണമായത്.