ഇന്ത്യന്‍ ക്രിക്കറ്റിലെ വണ്ടര്‍ കിഡെന്നും ഭാവി സൂപ്പര്‍ താരമെന്നും വിശേഷിപ്പിക്കപ്പെടുന്ന വൈഭവ് സൂര്യവംശി തൊടുന്നതെല്ലാം പൊന്നാക്കി മാറ്റുകയാണ്. കഴിഞ്ഞ മാസം ഇന്ത്യന്‍ ജൂനിയര്‍ ടീമിനൊപ്പം ബാറ്റിങില്‍ പല റെക്കോര്‍ഡുകളും കുറിക്കാന്‍ 14കാരനു സാധിച്ചിരുന്നു. ഇപ്പോഴിതാ ബൗളിങിലും അദ്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് ഈ കൗമാര താരം. ഇന്ത്യന്‍ ജൂനിയര്‍ ടീമിനൊപ്പം ഇത്തവണ യൂത്ത് ടെസ്റ്റിലാണ് വൈഭവ് ചരിത്രം കുറിച്ചിരിക്കുന്നത്.
നിലവില്‍ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമുമായി യൂത്ത് ടെസ്റ്റില്‍ കളിക്കുകയാണ് ഇടംകൈയന്‍ താരം. ഈ മല്‍സരത്തിന്റെ രണ്ടാംദിനമാണ് അപൂര്‍വ്വനേട്ടം വൈഭവിനെ തേടിയെത്തിയിരിക്കുന്നത്. തന്റെ പേരില്‍ താരം കുറിച്ച പുതിയ റെക്കോര്‍ഡ് ഏതാണെന്നറിയാം.

പുതിയ നേട്ടം ബൗളിങില്‍
ബാറ്റിങില്‍ റെക്കോര്‍ഡുകളുടെ ചാകര തീര്‍ത്ത ശേഷം വൈഭവ് സൂര്യവംശി ഇപ്പോള്‍ ബൗളിങിലേക്കു കടന്നിരിക്കുകയാണ്. ഇന്ത്യന്‍ അണ്ടര്‍ കുപ്പായത്തില്‍ യൂത്ത് ടെസ്റ്റിലെ ആദ്യ വിക്കറ്റാണ് 14 കാരന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ യൂത്ത് ടെസ്റ്റിന്റെ ചരിത്രത്തില്‍ വിക്കറ്റ് വീഴ്ത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരിക്കുകയാണ് വൈഭവ്. 14 വയസ്സും 107 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ നേട്ടം.
സമനിലയില്‍ കലാശിച്ച രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലാണ് വൈഭവ് മറ്റൊരു റെക്കോര്‍ഡുമായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. മൂന്നാമനായെത്തി സെഞ്ച്വറിയിലേക്കു കുതിച്ച ഇംഗ്ലണ്ട് നായകന്‍ ഹംസ ഷെയ്ഖിനെ 84 റണ്‍സില്‍ വച്ച് ഇന്ത്യന്‍ കൗമാര താരം പുറത്താത്തുകയായിരുന്നു. വൈഭവിന്റെ ബൗളിങില്‍ ഹെന്‍സില്‍ പട്ടേലാണ് ഇംഗ്ലീഷ് ക്യാപ്റ്റനെ മടക്കിയത്.
ഇംഗ്ലണ്ടിനെതിരേ വൈഭവ് ആദ്യ വിക്കറ്റ് നേടുന്നു. വീഡിയോ കാണാം
അതിനു ശേഷം 34 റണ്‍സെടുത്ത തോമസ് റ്യൂവിന്റെ വിക്കറ്റും വൈഭവ് വീഴ്ത്തി. എഡ്ജായ താരത്തെ വിക്കറ്റ് കീപ്പര്‍ കുണ്ഡു പിടികൂടുകയായിരുന്നു. 13 ഓവറുകളാണ് ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സില്‍ ഇടംകൈ സ്പിന്‍ ബൗളര്‍ കൂടിയായ വൈഭവ് ബൗള്‍ ചെയ്തത്. രണ്ടു മെയ്ഡനുള്‍പ്പെടെ 35 റണ്‍സ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റുകളും വൈഭവ് പോക്കറ്റിലാക്കി. രണ്ടാമിന്നിങ്‌സില്‍ ആറോവറുകള്‍ ബൗള്‍ ചെയ്ത താരം 29 റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റുകളൊന്നും ലഭിച്ചില്ല.

നേരത്തേ ഇംഗ്ലണ്ടുമായുള്ള അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യന്‍ ജൂനിയര്‍ ടീം 3-2നു സ്വന്തമാക്കിയപ്പോള്‍ നിര്‍ണായക പങ്കുവഹിച്ചത് വൈഭവാണ്. പരമ്പരയിലെ ടോപ്‌സ്‌കോററായി മാറിയ താരം 355 റണ്‍സാണ് വാരിക്കൂട്ടിയത്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.
യൂത്ത് ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു ഓപ്പണറുടെ എക്കാലത്തെയും മികച്ച രണ്ടാമത്തെ റണ്‍വേട്ട കൂടിയാണിത്. അതു മാത്രമല്ല, അണ്ടര്‍ 19 തലത്തില്‍ ഒരു ഏകദിന പരമ്പരയില്‍ 150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 300ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയ ആദ്യത്തെ താരമായും വൈഭവ് മാറിയിരുന്നു. 174.01 ആയിരുന്നു അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ വൈഭവിന്റെ പ്രഹരശേഷി.