IPL 2026: സൂര്യവംശിയുടെ അടി കണ്ട് കണ്ണ് തള്ളി മഹേള ജയവർധനെ, വളർച്ച അത്ഭുതപ്പെടുത്തുന്നതെന്നു മുംബൈ കോച്ച്
താൻ പരിശീലിപ്പിക്കുന്ന മുംബൈ ടീമിനെ അടിച്ചുപറത്തിയ ശത്രുപക്ഷത്തെ 15-കാരൻ വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി മുംബൈ ഇന്ത്യൻസ് പരിശീലകൻ മഹേല ജയവർധനെ. ഗുവാഹത്തിയിൽ നടന്ന മഴ കളിച്ച മത്സരത്തിൽ 14 പന്തിൽ 39 റൺസെടുത്ത സൂര്യവംശിയുടെ പ്രകടനത്തെ "ഫാസിനേറ്റിംഗ്" (ആകർഷകം) എന്നാണ് മഹേല വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ബൗളറായ ജസ്‌പ്രീത് ബുംറയെ പോലും ഭയമില്ലാതെ നേരിടാനുള്ള ആത്മവിശ്വാസം ഈ പ്രായത്തിൽ അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
"ബുംറയെ അവൻ ശരിക്കും പഠിച്ചു!"
മത്സരശേഷം നടന്ന വാർത്താസമ്മേളനത്തിൽ മഹേല ജയവർധനെ സൂര്യവംശിയുടെ ബാറ്റിംഗ് വീര്യത്തെക്കുറിച്ച് വാചാലനായി:

"സൂര്യവംശി മികച്ച പ്രതിഭയാണെന്ന് കഴിഞ്ഞ സീസണിലെ പ്രകടനത്തിലൂടെ തന്നെ ഞങ്ങൾക്കറിയാമായിരുന്നു. അന്ന് ഞങ്ങൾക്ക് അവനെ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു, എന്നാൽ ഇത്തവണ അവൻ കൂടുതൽ കരുത്തനായി തിരിച്ചുവന്നിരിക്കുന്നു. ബുംറയുടെ പന്തിൽ ലെങ്ത് അല്പം മാറിയപ്പോൾ തന്നെ അവൻ അതിനായി തയ്യാറെടുത്തിരുന്നു. ഞങ്ങളുടെ ബൗളർമാരെ അവൻ ശരിക്കും കൈകാര്യം ചെയ്തു. വരും കാലങ്ങളിൽ സൂര്യവംശിയുടെ വളർച്ച കാണുന്നത് വലിയൊരു അനുഭവമായിരിക്കും."
യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗും മത്സരത്തിൽ നിർണ്ണായകമായെന്നും, ആദ്യ മൂന്ന് ഓവറിൽ തന്നെ ജയ്‌സ്വാൾ കളി രാജസ്ഥാന്റെ പക്ഷത്തേക്ക് തിരിച്ചുവെന്നും മഹേല കൂട്ടിച്ചേർത്തു.
ബുംറയുടെ ഓവറിൽ രണ്ട് പടുകൂറ്റൻ സിക്സറുകൾ!
ആദ്യമായാണ് സൂര്യവംശി ബുംറയെ നേരിട്ടതെങ്കിലും അതിന്റെ യാതൊരു പതർച്ചയും ആ 15-കാരനിൽ കണ്ടില്ല. തന്റെ ആദ്യ ഓവർ എറിയാനെത്തിയ ബുംറയെ രണ്ട് കൂറ്റൻ സിക്സറുകൾക്കാണ് സൂര്യവംശി പറത്തിയത്. ഈ പ്രഹരത്തോടെയാണ് രാജസ്ഥാൻ റോയൽസ് പവർപ്ലേയിൽ ആധിപത്യം സ്ഥാപിച്ചത്. വെറും 30 പന്തിൽ നിന്ന് ജയ്‌സ്വാളും സൂര്യവംശിയും ചേർന്ന് 80 റൺസ് അടിച്ചുകൂട്ടി മുംബൈയുടെ ആത്മവീര്യം കെടുത്തി.
ഐപിഎൽ 2026-ലെ സൂര്യോദയം!
സീസണിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് 40.67 ശരാശരിയിൽ 122 റൺസാണ് സൂര്യവംശി ഇതുവരെ നേടിയത്. സ്ട്രൈക്ക് റേറ്റാകട്ടെ സ്ഫോടനാത്മകവും! 15 പന്തിൽ അർദ്ധസെഞ്ച്വറി നേടി നേരത്തെ തന്നെ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ച ഈ അത്ഭുതബാലൻ, രാജസ്ഥാനെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
മഴ മൂലം 11 ഓവറായി ചുരുക്കിയ മത്സരത്തിൽ രാജസ്ഥാൻ ഉയർത്തിയ 150/3 എന്ന കൂറ്റൻ സ്കോർ പിന്തുടർന്ന മുംബൈയ്ക്ക് 123/9 റൺസ് മാത്രമേ എടുക്കാൻ സാധിച്ചുള്ളൂ. ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെ (32 പന്തിൽ 77)* തകർപ്പൻ ഇന്നിംഗ്‌സും 15-കാരൻ വൈഭവ് സൂര്യവംശിയുടെ (14 പന്തിൽ 39) വെടിക്കെട്ടുമാണ് രാജസ്ഥാന് കരുത്തായത്. വെറും 16 പന്തിൽ ടീം സ്കോർ 50 കടത്തിക്കൊണ്ട് ജസ്‌പ്രീത് ബുംറയടക്കമുള്ള മുംബൈ ബൗളർമാരെ ഇവർ തല്ലിച്ചതച്ചു. 27 റൺസിന്റെ തകർപ്പൻ വിജയത്തോടെ രാജസ്ഥാൻ തങ്ങളുടെ ജൈത്രയാത്ര തുടരുകയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications