ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ അണ്ടര്‍ 19 ടീം അവിശ്വസനീയ ബാറ്റിങ് വിരുന്നിലൂടെ ആരാധകരെ ഞെട്ടിച്ചിരുക്കുകയാണ്. കഴിഞ്ഞ ഐപിഎല്ലിലെ കണ്ടെത്തലുകളായ വൈഭവ് സൂര്യവംശിയും ആയുഷ് മാത്രയുമടങ്ങുന്ന ഇന്ത്യന്‍ യുവനിരയാണ് ഇംഗ്ലണ്ടിലുള്ളത്. ടീമിനെ നയിക്കുന്നതാവട്ടെ മാത്രെയാണ്.
ഇംഗ്ലണ്ടിന്റെ അണ്ടര്‍ 19 ടീമുകളുമായി വ്യത്യസ്ത ഫോര്‍മാറ്റുകളുടെ പരമ്പരയില്‍ ഇന്ത്യ ഏറ്റുമുട്ടുകയും ചെയ്യും. അതിനു മുന്നോടിയായി ഇന്ത്യന്‍ ടീം കളിച്ച ഒരു സ്ന്നാഹ മല്‍സരത്തിന്റെ സ്‌കോര്‍ കാര്‍ഡ് കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. അതിനൊരു കാരണം കടിയുണ്ട്. അതു എന്താണെന്നു നോക്കാം.

റണ്‍മഴയുമായി യുവനിര
ഇംഗ്ലണ്ടിലെത്തിയ ആയുഷ് മാത്രെയും സംഘവും യങ് ലയണ്‍സ് ടീമുമായാണ് 50 ഓവര്‍ മാച്ചില്‍ ഏറ്റുമുട്ടിയത്. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനായി ഓപ്പണ്‍ ചെയ്തത് നായകന്‍ ആയുഷ് മാത്രെയും വെടിക്കെട്ട് വീരനായ വൈഭവ് സൂര്യവംശിയുമായിരുന്നു. ഈ ജോടി ഒന്നിച്ചപ്പോള്‍ റണ്‍മഴയാവും ആരാധകര്‍ പ്രതീക്ഷിച്ചതെങ്കില്‍ രണ്ടു പേരും ഫ്‌ളോപ്പായി മാറി. ഒരു റണ്‍സെടുത്ത് മാത്രെ ബൗള്‍ഡായപ്പോള്‍ വൈഭവിനു നേടാനായത് 13 ബോളില്‍ 17 റണ്‍സ് മാത്രം. രണ്ടു ഫോറും ഒരു സിക്‌സറും ഇതിലുള്‍പ്പെടും.
86 റണ്‍സെടുക്കുമ്പോഴേക്കും ഇന്ത്യയുടെ അഞ്ചു മുന്‍നിര വിക്കറ്റുകളും വീണിരുന്നു. 13 ഓവറുകള്‍ കഴിയുമ്പോള്‍ ടീം അഞ്ചു വിക്കറ്റിനു 91 റണ്‍സ്. ഇതോട ഇന്ത്യന്‍ ടീം 200 റണ്‍സ് പോലും തികയ്ക്കാതെ ഓള്‍ഔട്ടായെന്നാണ് കരുതുന്നതെങ്കില്‍ നിങ്ങള്‍ക്കു തെറ്റി.
ഇന്ത്യന്‍ ലോവര്‍ ഓര്‍ഡറും വാലറ്റവും ചേര്‍ന്ന് എതിരാളികളെ നിലംപരിശാക്കുകയായിരുന്നു. 50 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ കണ്ടത് ഒമ്പതു വിക്കറ്റിന് 444 റണ്‍സ്!!.
ഒമ്പതാം നമ്പറില്‍ ഇറങ്ങിയ ഹര്‍വാന്‍ഷ് പന്‍ഗാലിയയുടെ കിടിലന്‍ അപരാജിത സെഞ്ച്വറിയാണ് ഇന്ത്യയെ അപ്രതീക്ഷിത ടോട്ടലിലെത്തിച്ചത്. 103 റണ്‍സോടെ താരം പുറത്താവാതെ നിന്നു. 52 ബോളില്‍ ഒമ്പതു സിക്‌സറും എട്ടു ഫോറുകളുമുള്‍പ്പെട്ടതാണ് ഹര്‍വാന്‍ഷിന്റെ ഇന്നിങ്‌സ്.

അവസാന നാലു ബോളില്‍ മാത്രം താരം 20 റണ്‍സ് വാരിക്കൂട്ടി. അദ്ദേഹം മാതമ്രല്ല ആറു മുതല്‍ എട്ടു വരെ സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്ത താരങ്ങളെല്ലാം 70 പ്ലസ് റണ്‍സുമായി മിന്നിക്കുകയും ചെയ്തു.
രാഹുല്‍ കുമാര്‍ 75 (63 ബോള്‍, 4 ഫോര്‍, 5 സിക്‌സ്), കനിഷ്‌ക് ചൗഹാന്‍ 79 (64 ബോള്‍, 5 ഫോര്‍, 5 സിക്‌സ്), ആര്‍എസ് അംബ്രിഷ് 72 (47 ബോള്‍, 6 ഫോര്‍, 4 സിക്‌സ്) എന്നിങ്ങനെയാണ് തൊട്ടുമുകളിലുള്ള മൂന്നു പേരുടെയും ബാറ്റിങ് പ്രകടനം. ആറാം വിക്കറ്റില്‍ രാഹുല്‍-കനിഷ്‌ക് സഖ്യം ചേര്‍ന്നെടുത്ത 140 റണ്‍സാണ് ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്.
മറുപടിയില്‍ യങ് ലയണ്‍സിനെ എറിഞ്ഞിട്ട ഇന്ത്യന്‍ യുവനിര കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. 445 റണ്‍സെന്ന അസാധ്യമായ വിജയലക്ഷ്യം പിന്തുടര്‍ന്ന ലയണ്‍സ് ടീം വെറും 211 റണ്‍സിനു കൂടാരത്തില്‍ തിരിച്ചെത്തി.
ഇതോടെ 231 റണ്‍സിന്റെ വമ്പന്‍ ജയം ഇന്ത്യ ആഘോഷിക്കുകയും ചെയ്തു. ഇനി ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമുമായുള്ള ഏകദിന പരമ്പരയാണ് ഇന്ത്യ അടുത്തതായി കളിക്കുക. വെള്ളിയാഴ്ചയാണ് ആദ്യ ഏകദിനം.