ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു കഴിഞ്ഞെങ്കിലും ബൗളിങില്‍ പഴയ തീപ്പൊരി ഇപ്പോഴും തന്നില്‍ ബാക്കിയുണ്ടെന്നു മിന്നുന്ന പ്രകടനത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മലയാളി പേസര്‍ ശ്രീശാന്ത്. ക്രിക്കറ്റില്‍ നിന്നും പൂര്‍ണമായി വിരമിക്കല്‍ പ്രഖ്യാപിച്ച ശേഷം വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍ സ്ഥിരം സാന്നിധ്യമായിരിക്കുകയാണ് അദ്ദേഹം. അമേരിക്കയില്‍ നടക്കുന്ന യുഎസ് ടി10 മാസ്റ്റേഴ്‌സ് ലീഗിലാണ് ശ്രീ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഫ്‌ളോറിഡയില്‍ നടന്ന മല്‍സരത്തില്‍ മോറിസ്‌വില്ലെ യൂനിറ്റി ടീമിനു വേണ്ടി കളിക്കാനിറങ്ങിയ ശ്രീശാന്ത് തീപ്പൊരി ബൗളിങായിരുന്നു കാഴ്‌ചവച്ചത്. തന്‍റെ ആദ്യ ഓവറില്‍ രണ്ടു വിക്കറ്റുകള്‍ പിഴുത അദ്ദേഹം കളിയില്‍ നാലു വിക്കറ്റുകളാണ് പോക്കറ്റിലാക്കിയത്. ഇന്ത്യയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ് നയിച്ച ടീമിനായി ബൗളിങില്‍ ഏറ്റവും മികച്ചുനിന്നതും ശ്രീയായിരുന്നു.

ടെക്‌സസ് ചാര്‍ജേഴ്‌സുമായുള്ള മല്‍സരത്തിലായിരുന്നു ശ്രീയുടെ മാജിക്കല്‍ ബൗളിങ് പ്രകടനം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്. ആദ്യ ഓവറില്‍ പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ മുഹമ്മദ് ഹഫീസ്, മറ്റൊരു മുന്‍ പാക് താരം മുഖ്താര്‍ അഹമ്മദ് എന്നിവരെയാണ് ശ്രീ പുറത്താക്കിയത്. ആറു ബോളില്‍ നിന്നും എട്ടു റണ്‍സെടുത്ത ഹഫീസിനെ ക്രിസ് ഗെയ്‌ലിന്റ കൈകളിലെത്തിച്ചാണ് ശ്രീ വിക്കറ്റ് വേട്ടയ്ക്കു തുടക്കമിട്ടത്.
ഒരോവറില്‍ ശ്രീശാന്ത് രണ്ടു വിക്കറ്റുകളെടുക്കുന്ന വീഡിയോ കാണാം
വമ്പന്‍ ഷോട്ടിനു ശ്രമിച്ച മുഖ്താറിനെ നാലാമത്തെ ബോളിലും ശ്രീ മടക്കുകയായിരുന്നു. മൂന്നു ബോളില്‍ രണ്ടു റണ്‍സ് മാത്രമെടുത്ത പാക് താരത്തെ പിയെനാര്‍ പിടികൂടുകയായിരുന്നു. അതിനുശേഷം രണ്ടു വിക്കറ്റുകള്‍ കൂടി ശ്രീ തന്റൈ പേരിലേക്കു കൂട്ടിച്ചേര്‍ത്തു.
ശ്രീലങ്കയുടെ മുന്‍ താരം ഉപുല്‍ തരംഗ (13), ഇംഗ്ലണ്ടിന്റെ ഡാരന്‍ സ്റ്റീവന്‍സ് (36) എന്നിവരായിരുന്നു മലയാളി താരത്തിന്റെ ഇരകള്‍. മല്‍സരത്തില്‍ രണ്ടോവറില്‍ 12 റണ്‍സ് മാത്രം വിട്ടു നല്‍കിയാണ് ശ്രീ നാലു വിക്കറ്റുകള്‍ പോക്കറ്റിലാക്കിയത്.

പക്ഷെ ശ്രീയുടെ ഗംഭീര ബൗളിങ് പ്രകടനം ടീമിനെ രക്ഷിച്ചില്ല. മല്‍സരത്തില്‍ അദ്ദേഹത്തിന്റെ ടീമായ മോറിസ്‌വില്ലെ യൂനിറ്റി ടീം 34 റണ്‍സിന്റെ പരാജയമേറ്റു വാങ്ങുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ടെക്‌സസ് ചാര്‍ജേഴ്‌സ് നിശ്ചിത 10 ഓവറില്‍ ഏഴു വിക്കറ്റിനു 109 റണ്‍സാണ് നേടിയത്. 18 ബോളില്‍ നിന്നും നാലു ഫോറും രണ്ടു സിക്‌സുമടക്കം 36 റണ്‍സെടുത്ത സ്റ്റീവന്‍സാണ് അവരെ മികച്ച സ്‌കോറിലെത്തിച്ചത്.
പക്ഷെ റണ്‍ചേസില്‍ ഗെയ്‌ലും കോറി ആന്‍ഴേ്‌സനുമുള്‍പ്പെട്ട ഹര്‍ഭജന്റെ ടീം നിരാശപ്പെടുത്തി. 10 ഓവറില്‍ എട്ടു വിക്കറ്റിനു 75 റണ്‍സെടുത്ത് അവര്‍ മല്‍സരം അടിയറവയ്ക്കുകയായിരുന്നു. രണ്ടു പേര്‍ മാത്രമേ ബാറ്റിങ് ലൈനപ്പില്‍ രണ്ടക്ക സ്‌കോര്‍ നേടിയുള്ളൂ.
22 റണ്‍സെടുത്ത മുന്‍ ശ്രീലങ്കന്‍ താരം ഷെഹാന്‍ ജയസൂര്യയാണ് ടോപ്‌സ്‌കോര്‍. ആന്‍ഡേഴ്‌സന്‍ പുറത്താവാതെ 16 റണ്‍സുമെടുത്തു. ഗെയ്ല്‍ ആറു റണ്‍സ് മാത്രമെടുത്ത് മടങ്ങുകയായിരുന്നു. ഗെയ്‌ലും മുന്‍ ഇന്ത്യന്‍ താരം പാര്‍ഥീവ് പട്ടേലും ചേര്‍ന്നാണ് ഓപ്പണ്‍ ചെയ്തത്. പക്ഷെ പാര്‍ഥീവ് ഗോള്‍ഡന്‍ ഡെക്കാവുകയായിരുന്നു.