ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു മുന്നറിയിപ്പുമായി ന്യൂസിലാന്‍ഡിന്റെ മുന്‍ ഇതിഹാസ പേസര്‍ റിച്ചാര്‍ഡ് ഹാഡ്‌ലി. ബുംറയുടെ അസാധാരണമായ ബൗളിങ് ആക്ഷന്‍ ശരീരത്തെ ദോഷമായി ബാധിക്കുമെന്നും പരിക്കുകളേല്‍ക്കാന്‍ സാധ്യത കൂടുതലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബുംറ യുടെ ബൗളിങ് ആക്ഷന്‍ വളരെ വിചിത്രമാണ്. കാണുമ്പോള്‍ റണ്ണപ്പ് വളരെ കുറവാണ്, ബൗളിങ് ആക്ഷനും ടെക്‌നിക്കുമെല്ലാം നമ്മള്‍ മുമ്പ് കണ്ടു പരിചയമില്ലാത്തതാണ്. ബുംറയുടെ ടെക്‌നിക്കില്‍ നമുക്ക് സംശയം തോന്നിയേക്കാം, പക്ഷെ അതു വളരെ ഫലപ്രദമാണെന്നു തെളിഞ്ഞു കഴിഞ്ഞതാണ്. തോള്‍ കൊണ്ട് ബൗള്‍ ചെയ്യുന്ന ബൗളറാണ് ബുംറയെന്നാണ് എന്റെ അഭിപ്രായം. ബോള്‍ കൈകളില്‍ നിന്നും വിടുന്നതിന് തൊട്ടുമുമ്പാണ് അദ്ദേഹം മുഴുവന്‍ വേഗവും കരുത്തുമെല്ലാം പുറത്തുവിടുന്നതെന്നും ഹാഡ്‌ലി നിരീക്ഷിച്ചു.

ദൈര്‍ഘ്യമേറിയ അന്താരാഷ്ട്ര കരിയര്‍ ബംറയ്ക്കു ഉണ്ടാവുമോയെന്ന കാര്യം സംശയമാണ്. പല പരിക്കുകളും ഭാവിയില്‍ അദ്ദേഹത്തെ പിടികൂടാന്‍ സാധ്യതയുണ്ടെന്നു ഞാന്‍ സംശയിക്കുന്നു. കൂടുതല്‍ ക്ലാസിക്കലായിട്ടുള്ള, മികച്ച ആക്ഷനും ടെക്‌നിക്കുകളുമുള്ള പേസര്‍മാരേക്കാള്‍ വേഗത്തില്‍ ബുംറയ്ക്കു പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ടെന്നും ഹാഡ്‌ലി വിലയിരുത്തി.
സ്വന്തം ശരീരത്തിനുമേല്‍ ബുംറയുണ്ടാക്കുന്ന സമ്മര്‍ദ്ദങ്ങള്‍ കാരണം ചില പരിക്കുകള്‍ ഗുരുതരമാവാന്‍ സാധ്യതയുണ്ട്. ഏതു തരത്തിലുള്ള പരിക്കായാലും അതു അദ്ദേഹത്തിന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ മാത്രം ഗൗരവമുള്ളത് ആവരുതെന്നു ഞാന്‍ ആഗ്രഹിക്കുന്നു. കാരണം ബുംറയുടെ ബൗളിങ് കണ്ണിന് ആനന്ദം പകരുന്ന കാഴ്ചയാണ്. അപ്രതീക്ഷിത പേസ്, ബൗണ്‍സ്, ബോള്‍ മൂവ്‌മെന്റ് എന്നിവയിലൂടെ ബാറ്റ്‌സ്മാന്‍മാര്‍ക്കു എല്ലാ തരത്തിലുമുള്ള പ്രശ്‌നങ്ങള്‍ അദ്ദേഹം സൃഷ്ടിക്കാറുണ്ടെന്നും ഹാഡ്‌ലി കൂട്ടിച്ചേര്‍ത്തു.

2016ല്‍ അരങ്ങേറിയ ശേഷം ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായി മാറിയ താരമാണ് ബുംറ. ടി20യിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം പിന്നീട് ഏകദിനത്തിലും അരങ്ങേറുകയായിരുന്നു. വൈകിയാണ് ബുംറ ടെസ്റ്റില്‍ കളിച്ചത്. 83 വിക്കറ്റുകള്‍ ഇതിനകം അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. നാട്ടിലേക്കാള്‍ വിദേശത്താണ് ബുംറ കൂടുതല്‍ ടെസ്റ്റുകള്‍ കളിച്ചിട്ടുള്ളത്. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ് പര്യടനങ്ങളിലെല്ലാം പേസര്‍ പന്തെറിഞ്ഞിരുന്നു.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിലൂടെ ഉയര്‍ന്നു വന്ന താരം കൂടിയാണ് ബുംറ. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടിനെതിരായ അഞ്ചു ടെസ്റ്റുകളുടെ പരമ്പര എന്നിവയിലാണ് അദ്ദേഹം അടുത്തതായി കളിക്കുക. ജൂണ്‍ 18നാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കലാശപ്പോര്. അതിനു ശേഷമാണ് ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പര.