അണ്ടര്‍ 19 ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയുടെ യുവനിര പൊരുതി വീണിരിക്കുകയാണ്. കലാശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയയോട് 79 റണ്‍സിനാണ് ഇന്ത്യയുടെ യുവനിര നാണംകെട്ടത്. ആദ്യം ബാറ്റു ചെയ്ത ഓസ്‌ട്രേലിയ 7 വിക്കറ്റിന് 253 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 43.5 ഓവറില്‍ 174 റണ്‍സില്‍ ഓള്‍ഔട്ടാവുകയായിരുന്നു. ഫൈനലില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റ്‌സ്മാന്‍മാരെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്.
ഇന്ത്യയുടെ കിരീടം പ്രതീക്ഷിച്ചിരുന്നവരെയെല്ലാം നിരാശപ്പെടുത്തുന്ന തോല്‍വിയാണ് യുവനിര ഏറ്റുവാങ്ങിയത്. എന്നാല്‍ ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളായ യുവനിരക്ക് ആശ്വാസ വാക്കുകളേകുകയാണ് ക്രിക്കറ്റ് ലോകം. ഇപ്പോഴിതാ ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിച്ച നായകനും നിലവില്‍ അമേരിക്കയുടെ താരവുമായ ഉന്മുക്ത് ചന്ദ് ഇന്ത്യയുടെ യുവതാരങ്ങള്‍ക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ്. 'ഉള്‍ക്കൊള്ളാന്‍ പ്രയാസമുള്ള കാര്യമാണിത്.
എന്നാല്‍ എല്ലാ താരങ്ങള്‍ക്കും മികച്ച ടൂര്‍ണമെന്റായിരുന്നു ഇത്. യുവതാരങ്ങള്‍ കളിച്ച രീതി വളരെ മികച്ചതായിരുന്നു. ഇതൊരു തുടക്കം മാത്രമാണ്. തല ഉയര്‍ത്തിത്തന്നെ നില്‍ക്കുക. തെറ്റുകളില്‍ നിന്ന് പഠിച്ച് മുന്നോട്ട് പോവുക. നിങ്ങളെ സ്വയം പിന്തുണച്ച് മുന്നോട്ട് പോവുക. ടീമിലെ എല്ലാവരേയും ഓര്‍ത്ത് അഭിമാനം' എന്നാണ് എക്‌സിലൂടെ ഉന്മുക്ത് കുറിച്ചത്. 2012ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യന്മാരാക്കാന്‍ ഉന്മുക്തിനായിരുന്നു.
ഫൈനലില്‍ മുന്നില്‍ നിന്ന് നയിച്ച ഉന്മുക്ത് 111 റണ്‍സുമായി ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. ഫൈനലില്‍ ഓസ്‌ട്രേലിയയെയാണ് അന്ന് ഇന്ത്യ തോല്‍പ്പിച്ചത്. ഇത്തവണ അണ്ടര്‍ 19 ലോകകപ്പില്‍ കമന്ററി പറയാന്‍ ഉന്മുക്തുണ്ടായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം വലിയ ഭാവി കല്‍പ്പിക്കപ്പെട്ട താരമാണ് ഉന്മുക്ത് ചന്ദ്. എന്നാല്‍ മോശം ഫോമിലേക്കെത്തിയതോടെ പതിയെ തഴയപ്പെട്ടു. ഇന്ത്യന്‍ സീനിയര്‍ ടീമിനായി ഒരു മത്സരം പോലും കളിക്കാന്‍ അദ്ദേഹത്തിനായില്ല.

ഐപിഎല്ലിലും സീറ്റ് ലഭിക്കാതെ വന്നതോടെ ദേശീയ ടീമിലെ അരങ്ങേറ്റം സ്വപ്‌നം മാത്രമാകുമെന്ന് ഉന്മുക്ത് തിരിച്ചറിഞ്ഞു. ഇതോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അമേരിക്കന്‍ ടീമിലേക്ക് ഉന്മുക്ത് ചേക്കേറിയത്. ഇന്ന് അമേരിക്കന്‍ ടീമിലെ പ്രധാന താരങ്ങളിലൊരാളാണ് ഉന്മുക്ത് ചന്ദ്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ആതിഥേയരെന്ന നിലയില്‍ അമേരിക്കയും കളിക്കുന്നുണ്ട്. ഇതോടെ ഇന്ത്യക്കെതിരേ ഉന്മുക്ത് കളിക്കുമെന്നുറപ്പായിരിക്കുകയാണ്.
ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലെ പല താരങ്ങളും ഭാവിയില്‍ ഇന്ത്യക്കായി കളിക്കാന്‍ ശേഷിയുള്ളവരാണ്. എന്നാല്‍ ഇവരെല്ലാം ഇന്ത്യക്കായി കളിക്കാന്‍ സാധ്യതയില്ലെന്നും പറയാം. ഐപിഎല്ലിലടക്കം മികവ് കാട്ടി ആരൊക്കെ ദേശീയ ടീമിലേക്ക് വളരുമെന്നതാണ് കണ്ടറിയേണ്ടത്. ഭാവിയില്‍ ആരെങ്കിലും ഉന്മുക്തിന്റെ പാത പിന്തുടര്‍ന്ന് ദേശീയ ടീം വിട്ട് മറ്റൊരു ടീമിലേക്ക് എത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മിക്ക താരങ്ങളും ഇത്തരമൊരു മാറ്റം ആഗ്രഹിച്ചേക്കില്ല.
ഇത്തവണത്തെ ഫൈനലില്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചെങ്കിലും ബാറ്റ്‌സ്മാന്‍മാരാണ് ചതിച്ചത്. ഓപ്പണര്‍ ആദര്‍ശ് സിങ് 47 റണ്‍സോടെ ഇന്ത്യയുടെ ടോപ് സ്‌കോററായപ്പോള്‍ മധ്യനിരയില്‍ മുരുഗന്‍ അഭിഷേക് 42 റണ്‍സുമായി പൊരുതി. എന്നാല്‍ ആരും പിന്തുണച്ചില്ലെന്നതാണ് ഇന്ത്യ പിന്നോട്ട് പോവാന്‍ കാരണം. മൂന്നാം നമ്പറില്‍ കളിച്ച മുഷീര്‍ ഖാന്‍ 22 റണ്‍സും നേടി. ഏഴ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരാണ് രണ്ടക്കം കാണാതെ പുറത്തായത്.
നായകന്‍ ഉദയ് സഹരന്‍ എട്ട് റണ്‍സ് നേടി പുറത്തായപ്പോള്‍ സച്ചിന്‍ ദാസ് 9 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ നെടുന്തൂണുകളായ ഇരുവരും നിരാശപ്പെടുത്തിയതാണ് ടീമിന്റെ തോല്‍വിക്ക് കാരണമായത്. എന്തായാലും ഇന്ത്യക്ക് വലിയ നാണക്കേടാവുന്ന തോല്‍വിയാണിതെന്ന് നിസംശയം പറയാം. ഓസ്‌ട്രേലിയ വീണ്ടും വീണ്ടും ഇന്ത്യയുടെ വില്ലനായി മാറുകയാണ്.