കേപ്ടൗണ്‍: അണ്ടര്‍ 19 ഏകദിന ലോകകപ്പിന്റെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ പോവുകയാണ്. ലോക ക്രിക്കറ്റിനെ അടക്കിഭരിക്കാന്‍ സാധ്യതയുള്ളവര്‍ അണിനിരിക്കുന്ന അണ്ടര്‍ 19 ലോകകപ്പിലേക്ക് ആകാംക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ദക്ഷിണാഫ്രിക്ക വേദിയാവുന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കും പ്രതീക്ഷകളേറെയാണ്. ഇന്ന് ബംഗ്ലാദേശിനെതിരേയാണ് ഇന്ത്യയുടെ ആദ്യത്തെ മത്സരം. ഇന്നത്തെ ഇന്ത്യയുടെ പല സൂപ്പര്‍ താരങ്ങളും അണ്ടര്‍ 19 ലോകകപ്പിലൂടെ വളര്‍ന്നവരാണ്.
മുഹമ്മദ് കൈഫ്, യുവരാജ് സിങ്, വിരാട് കോലി എന്നിവരെല്ലാം ഉള്‍പ്പെടുന്ന അണ്ടര്‍ 19 ലോകകപ്പ് ഹീറോകളുടെ പട്ടികയിലേക്കെത്താന്‍ ഇത്തവണ നിരവധി യുവതാരങ്ങള്‍ കാത്തിരിക്കുകയാണ്. ഇന്ത്യക്കൊപ്പം പ്രതിഭാശാലികളായ നിരവധി യുവതാരങ്ങളുണ്ടെന്നതാണ് എടുത്തു പറയേണ്ടത്. ഇതില്‍ എല്ലാവരും കൂടുതല്‍ ശ്രദ്ധയോടെ വീക്ഷിക്കുന്ന താരം ഇന്ത്യന്‍ നായകന്‍ ഉദയ് സഹരനാണ്. വിരാട് കോലിയുടെ കടുത്ത ആരാധകനായ ഉദയ് അടുത്ത വിരാട് കോലിയാവാന്‍ പ്രതിഭയുള്ളവനാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടുത്ത മുഖമാവാന്‍ സാധ്യതയുള്ള ഉദയ് സഹരനെക്കുറിച്ച് എല്ലാം അറിയാം. ആയുര്‍വേദ ഡോക്ടറുടെ മകനായി രാജസ്ഥാനിലെ ഗംഗാനഗറിലാണ് ഉദയ് ജനിച്ചത്. ഡോക്ടറുടെ മകന്‍ എന്ന നിലയില്‍ പൊതുവേ ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നത് പൊതുരീതി. എന്നാല്‍ ഉദയ്ക്ക് ചെറുപ്പം മുതല്‍ ക്രിക്കറ്റിനോട് വലിയ താല്‍പര്യമായിരുന്നു. ഇത് തിരിച്ചറിഞ്ഞ മാതാ പിതാക്കള്‍ ഉദയ്ക്ക് വലിയ പിന്തുണയും നല്‍കി.
മകന് ക്രിക്കറ്റില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനായി ഉദയ്ക്ക് 11 വയസുള്ളപ്പോള്‍ രാജസ്ഥാനില്‍ നിന്ന് പഞ്ചാബിലേക്ക് ഇവര്‍ താമസം മാറി. പഞ്ചാബ് ടീമിനൊപ്പം അണ്ടര്‍ 14, 16, 19 ക്രിക്കറ്റ് കളിക്കാന്‍ ഉദയ്ക്ക് സാധിച്ചു. ലഭിച്ച അവസരങ്ങളിലെല്ലാം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച് കൈയടി നേടിയെടുക്കാന്‍ ഉദയ്ക്ക് സാധിച്ചിരുന്നു. 2023ലെ അണ്ടര്‍ 19 ചലഞ്ചര്‍ ട്രോഫിയില്‍ ഉദയ് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. അഞ്ച് മത്സരത്തില്‍ നിന്ന് 297 റണ്‍സാണ് യുവതാരം നേടിയത്.

99ന് മുകളിലായിരുന്നു ശരാശരി. ഇന്ത്യ ഡി ടീമിന്റെ നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ ഉദയ്ക്കായി. ഉദയുടെ പിതാവ് സഞ്ജീവ് സഹരന്‍ മകന്റെ ആഗ്രഹത്തിനൊപ്പം നിന്നു. കാരണം തന്റെ ചെറുപ്പത്തില്‍ ക്രിക്കറ്റ് താരമാകണമെന്ന് സഞ്ജീവ് അതിയായി ആഗ്രഹിച്ചിരുന്നു. എന്നാല്‍ അന്ന് അവസരം ലഭിച്ചിരുന്നില്ല. വലിയ അവസരങ്ങള്‍ ലഭിക്കാതെ വന്നതോടെ ഈ മോഹം പൊലിഞ്ഞു. അതുകൊണ്ടുതന്നെ മകനിലൂടെ തന്റെ ആഗ്രഹം സാധിച്ചെടുക്കാനാണ് പിതാവ് ശ്രമിക്കുന്നത്.
'അവന്‍ ക്രിക്കറ്റ് താരമാകണമെന്ന് ഏറ്റവും ആഗ്രഹിക്കുന്നത് ഞാനാണ്. കാരണം ക്രിക്കറ്റ് താരമാകാന്‍ ആഗ്രഹിച്ച് തോറ്റുപോയ ആളാണ് ഞാന്‍. അതുകൊണ്ടുതന്നെ എന്റെ മകനെ ക്രിക്കറ്റ് താരമാക്കാന്‍ ആഗ്രഹിക്കുന്നു. വളരെ ചെറുപ്പം മുതലേ ക്രിക്കറ്റ് താരമാവാന്‍ അവന്‍ വലിയ താല്‍പര്യം കാട്ടിയിരുന്നു. ഞാന്‍ അതിനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. അവന്റെ ക്രിക്കറ്റിനെ ഗൗരവത്തോടെയാണ് കാണുന്നത്. ഉദയ് കഠിനമായി അധ്വാനിക്കുന്നുണ്ട്.
കോവിഡ് വ്യാപനം ഉണ്ടായ സമയത്തും പരിശീലനം മുടക്കാതെ അവന്‍ കഠിനമായി പ്രയത്‌നിച്ചിരുന്നു'- സഞ്ജീവ് പറഞ്ഞു. വിവിഎസ് ലക്ഷ്മണിന്റെ പരിശീലനം ലഭിച്ചത് ഉദയുടെ മത്സരത്തെ കാര്യമായി മാറ്റിയിട്ടുണ്ടെന്നും സഞ്ജീവ് പറഞ്ഞു. 'വിവിഎസ് ലക്ഷ്മണൊപ്പമുള്ള ക്യാംപിന് ശേഷം പ്രത്യേക ആത്മവിശ്വാസം അവനില്‍ കാണാന്‍ സാധിച്ചു.
അദ്ദേഹത്തിന്റെ അനുഭവസമ്പത്തില്‍ നിന്നുള്ള പാഠങ്ങളും ഉപദേശങ്ങളും ക്രിക്കറ്റ് താരമെന്ന നിലയില്‍ വളരാനും എന്തും നേടിയെടുക്കാന്‍ സാധിക്കുമെന്നുമുള്ള ആത്മവിശ്വാസം അവനിലുണ്ടാക്കി. വിരാട് കോലിയാണ് ഉദയുടെ റോള്‍ മോഡല്‍. തോല്‍ക്കുന്നതിനെപ്പറ്റി അവന്‍ ആലോചിക്കാറേയില്ല'- സഞ്ജീവ് കൂട്ടിച്ചേര്‍ത്തു.