മുംബൈ: അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 2 വിക്കറ്റിന് തകര്‍ത്തിരിക്കുകയാണ്. ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 7 വിക്കറ്റിന് 244 റണ്‍സെടുത്തപ്പോള്‍ 7 പന്ത് ബാക്കിയാക്കിയാണ് ഇന്ത്യ ത്രില്ലിങ് ജയം നേടിയത്. ഒരു ഘട്ടത്തില്‍ 4 വിക്കറ്റിന് 32 റണ്‍സെന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നിരുന്നു. എന്നാല്‍ ഇവിടെ നിന്ന് സച്ചിന്‍ ദാസും (96) നായകന്‍ ഉദയ് സഹരനും (81) നടത്തിയ ചെറുത്തിനില്‍പ്പാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.
ഇന്ത്യയുടെ ടോപ് സ്‌കോററായത് സച്ചിന്‍ ദാസാണ്. സമ്മര്‍ദ്ദ സാഹചര്യത്തില്‍ 95 പന്ത് നേരിട്ട് 11 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 96 റണ്‍സാണ് സച്ചിന്‍ ദാസ് നേടിയത്. 101.5 സ്‌ട്രൈക്ക് റേറ്റിലാണ് താരം കസറിയത്. കളിയിലെ താരമായത് നായകന്‍ സഹരന്‍ ആണെങ്കിലും ആരാധകരുടെ കൈയടി നേടിയത് സച്ചിന്‍ ദാസാണ്. ആരാണ് സച്ചിന്‍ ദാസെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഇന്ത്യയുടെ അടുത്ത സച്ചിനാണ് സച്ചിന്‍ ദാസ് എന്നെല്ലാം ആരാധകര്‍ പ്രശംസിക്കുന്നു.
ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന യുവതാരത്തെക്കുറിച്ച് എല്ലാം അറിയാം. മഹാരാഷ്ട്രക്കാരനായ സച്ചിന്‍ ദാസ് സൂപ്പര്‍ സിക്‌സില്‍ നേപ്പാളിനെതിരേ സെഞ്ച്വറി നേടിയാണ് എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയത്. മധ്യനിരയില്‍ ധൈര്യത്തോടെ വമ്പനടി നടത്താന്‍ കഴിവുള്ള താരമാണ് സച്ചിന്‍ ദാസ്. ചെറുപ്പം മുതല്‍ ക്രിക്കറ്റിലേക്കാണ് താരത്തിന്റെ ശ്രദ്ധ. കുടൂംബവും സച്ചിന്‍ ദാസിന്റെ ആഗ്രഹത്തിനൊപ്പം നിന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറോടുള്ള ആരാധനയാണ് സച്ചിന്‍ ദാസില്‍ ക്രിക്കറ്റ് താരമാകാനുള്ള ആഗ്രഹം സൃഷ്ടിച്ചത്.
സച്ചിന്റെ പിതാവും കടുത്ത സച്ചിന്‍ ആരാധകനായിരുന്നു. ഇതാണ് മകന് സച്ചിന്‍ എന്ന് പേരിടാന്‍ കാരണമെന്നാണ് അദ്ദേഹം പറഞ്ഞത്. 'ഞാന്‍ സുനില്‍ ഗവാസ്‌ക്കറിന്റെയും സച്ചിന്‍ ടെണ്ടുല്‍ക്കറിന്റേയും വലിയ ആരാധകനാണ്. എന്നാല്‍ മകന് പേരിട്ടപ്പോള്‍ സച്ചിന്റെ പേരിടുകയായിരുന്നു. അവന്‍ വളരുമ്പോള്‍ സച്ചിന്റെ പേരുമായി ബന്ധപ്പെട്ട് വളരട്ടേയെന്നാണ് കരുതി. കാരണം ഇന്നത്തെ തലമുറക്ക് സുനില്‍ ഗവാസ്‌ക്കറെ എത്രമാത്രം മനസിലാകുമെന്ന് അറിയില്ല. അവന്‍ വളര്‍ന്നത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ക്രിക്കറ്റ് കണ്ടാണ്.

അവന്‍ 10ാം നമ്പര്‍ ജേഴ്‌സി അണിയുന്നത് സച്ചിനോടുള്ള കടുത്ത ആരാധനകൊണ്ടാണ്' സച്ചിന്‍ ദാസിന്റെ പിതാവ് സഞ്ജയ് പറഞ്ഞു. മഹാരാഷ്ട്രയില്‍ ആരോഗ്യ വിഭാഗത്തിലാണ് സഞ്ജയ് ജോലി ചെയ്യുന്നത്. മകന്റെ മികച്ച പ്രകടനം കാണുമ്പോള്‍ അഭിമാനം തോന്നുന്നുവെന്നാണ് സച്ചിന്റെ പിതാവം പറയുന്നത്. അവന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നും ഇനിയും ഒരുപാട് ദൂരം മുന്നോട്ട് പോകാനുണ്ടെന്നും സച്ചിന്‍ ദാസിന്റെ പിതാവ് പറയുന്നു.
ഇന്ത്യന്‍ നായകന്‍ ഉദയ് സഹരന്‍ 124 പന്ത് നേരിട്ട് 6 ബൗണ്ടറി ഉള്‍പ്പെടെ പിടിച്ചുനിന്ന് കളിക്കാന്‍ ശ്രമിച്ചപ്പോള്‍ സച്ചിനായിരുന്നു റണ്‍സുയര്‍ത്താനുള്ള ഉത്തരവാദിത്തം. അത് ഭംഗിയായി താരം ചെയ്തുവെന്നും പറയാം. സച്ചിന്‍ നേരത്തെ പുറത്തായെങ്കിലും ടീം സ്‌കോര്‍ ഒപ്പമെത്തിച്ച ശേഷമാണ് സഹരന്‍ പുറത്തായത്. അതേ സമയം ഇന്ത്യയുടെ ടോപ് ഓഡര്‍ നിരാശപ്പെടുത്തിയാണ് മടങ്ങിയത്. ആദര്‍ശ് സിങ് ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണി 12 റണ്‍സിലും മുഷീര്‍ ഖാന്‍ 4 റണ്‍സിലും മടങ്ങി.
പ്രിയന്‍ഷു മോലിയ 5 റണ്‍സാണ് നേടിയത്. വാലറ്റത്ത് രാജ് ലിംബാനി നടത്തിയ വെടിക്കെട്ടും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായി. 4 പന്തില്‍ 1 സിക്‌സും ഫോറും ഉള്‍പ്പെടെ 13 റണ്‍സാണ് ലിംബാനി നേടിയത്. താരത്തിന്റെ ഓള്‍റൗണ്ട് മികവ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായകമായി. രാജ് ലിംബാനി 3 വിക്കറ്റുകളും വീഴ്ത്തി. മുഷീര്‍ ഖാന്‍ ബാറ്റുകൊണ്ട് തിളങ്ങിയില്ലെങ്കിലും രണ്ട് വിക്കറ്റുമായി ബൗളിങ്ങില്‍ ശോഭിച്ചു.