U 19 World Cup: കിരീടം ചൂടി ഇന്ത്യ, അഭിനന്ദന പ്രവാഹം, ട്വീറ്റുമായി ഗാംഗുലിയും യുവരാജും ധവാനും

ആന്റിഗ്വെ: ചരിത്രത്തിന്റെ പുസ്തകത്തിലേക്ക് ഇന്ത്യയുടെ മറ്റൊരു യുവനിരകൂടി നടന്നുകയറിയിരിക്കുകയാണ്. ഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്താണ് ഇന്ത്യ അഞ്ചാം കിരീടം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 190 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 47.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഫൈനലില്‍ ബാറ്റിങ് വെടിക്കെട്ട് പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് ബൗളിങ് നിരയാണ് വിരുന്നൊരുക്കിയത്. രാജ് ബാവയുടെ ഓള്‍റൗണ്ട് മികവ് ഇന്ത്യക്ക് കരുത്തായി. അഞ്ച് വിക്കറ്റും 35 റണ്‍സുമാണ് അദ്ദേഹം നേടിയത്.

പൃഥ്വി ഷാക്ക് ശേഷം ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിപ്പിക്കുന്ന നായകനായി യഷ് ധൂല്‍ മാറിയിരിക്കുകയാണ്. അഞ്ചാം കിരീടം നേടിയ ഇന്ത്യക്ക് അഭിനന്ദന പ്രവാഹമാണ്. മുതിര്‍ന്ന ഇന്ത്യന്‍ താരങ്ങളെല്ലാം ഇന്ത്യക്ക് ട്വിറ്ററിലൂടെ അഭിനന്ദനം നേര്‍ന്നിട്ടുണ്ട്. 'ഇത്രയും മനോഹരമായ രീതിയില്‍ ഇന്ത്യ ലോകകപ്പ് നേടിയതില്‍ ടീമിനെയും സപ്പോര്‍ട്ടിങ് സ്റ്റാഫിനെയും സെലക്ടര്‍മാരെയും അഭിനന്ദിക്കുന്നു. അവരുടെ അധ്വാനത്തിന് വിലയിടാനാവില്ലെങ്കിലും പ്രോത്സാഹനമെന്ന നിലയിലാണ് 40 ലക്ഷം സമ്മാനമായി പ്രഖ്യാപിച്ചത്'- ബിസിസി ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലി പറഞ്ഞു.

'അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയ നീല ജേഴ്‌സിയിലെ ആണ്‍കുട്ടികള്‍ക്ക് രാജ്യം മുഴുവന്‍ അഭിനന്ദനം നേരുകയാണ്. രവി കുമാറിന്റെയും രാജ് ബവയുടെയും അത്ഭുത സ്‌പെല്ലുകള്‍, ഇന്ത്യയുടെ ഭാവിയും തിളക്കമുള്ളതാണ്. നന്നായി കളിച്ചു. അഭിമാനം' എന്നാണ് യുവരാജ് സിങ് കുറിച്ചത്. അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടിയതിന് അഭിനനന്ദനം, അര്‍ഹിച്ച കിരീടമെന്നാണ് ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ ട്വിറ്ററില്‍ കുറിച്ചത്. യുവരാജും മായങ്കുമെല്ലാം അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്നുവന്ന താരങ്ങളാണ്.
'അര്‍ഹിച്ച കിരീടം, നന്നായി അധ്വാനിച്ചു, അഭിനന്ദനം ആണ്‍കുട്ടികള്‍' എന്നാണ് ശ്രേയസ് അയ്യര്‍ കുറിച്ചത്. ശ്രദ്ധേയമായ നേട്ടം കൈവരിച്ച ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന് അഭിനന്ദനം എന്നാണ് ശിഖര്‍ ധവാന്‍ ട്വിറ്ററില്‍ കുറിച്ചത്. നവദീപ് സൈനി, മുഹമ്മദ് കൈഫ്, വിവിഎസ് ലക്ഷ്മണ്‍ തുടങ്ങിയവരെല്ലാം തന്നെ ഇന്ത്യന്‍ ടീമിനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചിട്ടുണ്ട്.

അഭിമാനിക്കാവുന്ന നേട്ടം തന്നെയാണ് ഇന്ത്യ നേടിയെടുത്തത്. 2020ല്‍ ബംഗ്ലാദേശിനോട് ഫൈനലില്‍ തോല്‍ക്കേണ്ടി വന്നതിന്റെ ക്ഷീണം ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് കിരീടം തേടി ഇന്ത്യ മാറ്റിയിരിക്കുകയാണ്. ടൂര്‍ണമെന്റിലുടെനീളം കൂട്ടായ മികവ് കാട്ടാന്‍ ഇന്ത്യക്കായി. ഇന്ത്യയുടെ ഭാവി ഭദ്രമെന്ന് തോന്നിപ്പിക്കുന്ന നിരവധി താരങ്ങള്‍ ഇത്തവണ മികവ് കാട്ടി ഉയര്‍ന്നുവന്നുവെന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. നായകന്‍ യഷ് ധൂല്‍, വൈസ് ക്യാപ്റ്റന്‍ ഷെയ്ഖ് റഷീദ്, രവി കുമാര്‍, രാജ് ബവ, രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ എന്നിവരെല്ലാം അധികം വൈകാതെ ഇന്ത്യയുടെ സീനിയര്‍ ടീമിലേക്കെത്താന്‍ മികവുള്ളവരാണ്.

ഫൈനലില്‍ ഇന്ത്യയുടെ ബൗളിങ് പ്രകടനമാണ് ശ്രദ്ധേയമായത്. ടോസ് നേടി പ്രതീക്ഷയോടെ ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ഇന്ത്യന്‍ ബൗളര്‍മാര്‍ നാണംകെടുത്തുകയായിരുന്നു. രാജ് ബവ 9.5 ഓവറില്‍ 31 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ 9 ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് രവി കുമാര്‍ നേടിയത്. കൗശല്‍ താംബെ ഒരു വിക്കറ്റും സ്വന്തമാക്കി. ഷെയ്ഖ് റഷീദ് (50), നിഷാന്ത് സിന്ധു (50*) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്.

പേസ് ഓള്‍റൗണ്ടര്‍ രാജ് ബവയുടെ വളര്‍ച്ച ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. മികച്ചൊരു പേസ് ഓള്‍റൗണ്ടറുടെ അഭാവം ഇന്ത്യയുടെ സീനിയര്‍ ടീമിലുണ്ട്. ഈ അവസരത്തില്‍ ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമാണ് രാജ് ബവ. ഇത്തവണത്തെ അണ്ടര്‍ 19 ടീമില്‍ ഉള്‍പ്പെട്ട ഒട്ടുമിക്ക താരങ്ങളും ഭാവിയില്‍ ഇന്ത്യയുടെ സീനിയര്‍ ടീമിനായി കളിക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications