
ആന്റിഗ്വെ (വെസ്റ്റ് ഇന്‍ഡീസ്: അണ്ടര്‍ 19 ലോകകപ്പ് കിരീടം നേടാന്‍ ഇന്ത്യക്ക് മുന്നില്‍ 190 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 44.5 ഓവറില്‍ 189 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു. തുടക്കം മുതല്‍ മികവ് കാട്ടിയ ഇന്ത്യയുടെ ബൗളര്‍മാര്‍ ഇംഗ്ലണ്ട് നിരയെ ചുരുട്ടിക്കൂട്ടിയെന്ന് പറയാം. ഇന്ത്യക്കായി രാജ് ബാവ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവി കുമാര്‍ നാലും കൗശല്‍ താംബെ ഒരു വിക്കറ്റും വീഴ്ത്തി. വലിയ തകര്‍ച്ചയിലേക്ക് പോയ ഇംഗ്ലണ്ടിനെ ജെയിംസ് റേവിന്റെയും (95) ജെയിംസ് സേല്‍സിന്റെയും പ്രകടനമാണ് രക്ഷിച്ചത്.

തുടക്കം മുതല്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ മികവ് കാട്ടിയതോടെ ഇംഗ്ലണ്ട് ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. രണ്ടാം ഓവറില്‍ത്തന്നെ ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് ഇന്ത്യ പിഴുതു. ജേക്കബ് ബെതലിനെ (2) രവി കുമാര്‍ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. നായകന്‍ ടോം പ്രെസ്റ്റിനെ (0) അക്കൗണ്ട് തുറക്കും മുമ്പെ രവി കുമാര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. ഓപ്പണര്‍ ജോര്‍ജ് തോമസിനെ (27) രാജ് ബാവ യഷ് ധൂലിന്റെ കൈകളിലെത്തിച്ചപ്പോള്‍ വില്യം ലക്‌സറ്റനെ (4) ബാവ വിക്കറ്റ് കീപ്പര്‍ ദിനേഷ് ബാനയുടെ കൈകളിലുമെത്തിച്ചു. ജോര്‍ജ് ബെല്ലിനെ (0) അക്കാണ്ട് തുറക്കും മുമ്പെ ബാവ മടക്കി. റിഹാന്‍ അഹ്‌മദും (10) ബാവക്ക് മുന്നില്‍ വീണതോടെ 16.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 61 എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകര്‍ന്നു.

വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട ഇംഗ്ലണ്ടിന് കരുത്തായത് ജെയിംസ് റേവിന്റെ (95) പ്രകടനമാണ്. 116 പന്തുകള്‍ നേരിട്ട് 12 ബൗണ്ടറികള്‍ ഉള്‍പ്പെട്ട മികച്ച ഇന്നിങ്‌സ് തന്നെയായിരുന്നു ഇത്. സെഞ്ച്വറിക്ക് അഞ്ച് റണ്‍സകലെ രവി കുമാറാണ് റേവിനെ പുറത്താക്കിയത്. ജെയിംസ് സേല്‍സ് (34*) വാലറ്റത്ത് പുറത്താവാതെ നിന്നു. ഇരുവരുടെയും ഇന്നിങ്‌സാണ് വലിയ നാണക്കേടില്‍ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചതെന്ന് പറയാം. ഇന്ത്യക്കായി രാജ് ബാവ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവി കുമാര്‍ നാലും കൗശല്‍ താംബെ ഒരു വിക്കറ്റും വീഴ്ത്തി.
ഇന്ത്യ പ്ലേയിങ് 11: ആംക്രിഷ് രഘുവംശി, ഹര്‍നൂര്‍ സിങ്, ഷെയ്ഖ് റഷീദ്, യഷ് ധൂല്‍ (ക്യാപ്റ്റന്‍), നിഷാന്ത് സിന്ധു, ദിനേഷ് ബാന (വിക്കറ്റ് കീപ്പര്‍), രാജ് അംഗാദ് ബാവ, കൗശല്‍ താംബെ, രാജ്വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, വിക്കി ഓസ്ത്വാല്‍, രവി കുമാര്‍.
ഇംഗ്ലണ്ട്: ജോര്‍ജ് തോമസ്, ജേക്കബ് ബെതല്‍, ടോം പ്രെസ്റ്റ്, ജെയിംസ് റേവ്, വില്യം ലക്സ്റ്റന്‍, ജോര്‍ജ് ബെല്‍, റെഹാന്‍ അഹ്‌മദ്, അലക്സ് ബോര്‍ട്ടന്‍, തോമസ് അസ്പിന്‍വാള്‍, ജെയിംസ് സേല്‍സ്, ജോഷ്വാ ബോയ്ഡന്‍.

അഞ്ചാം കിരീടമാണ് ഇന്ത്യയുടെ യുവനിര ലക്ഷ്യമിടുന്നത്. 2020ല്‍ നടന്ന അവസാന ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫൈനല്‍ കളിച്ചെങ്കിലും ബംഗ്ലാദേശിനോട് പരാജയപ്പെടുകയായിരുന്നു. പ്രിയം ഗാര്‍ഗിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങിയ ഇന്ത്യ മിന്നും പ്രകടനം തന്നെയാണ് കാഴ്ചവെച്ചതെങ്കിലും കിരീടം നേടാനായില്ല. ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് കണക്കുതീര്‍ത്ത ഇന്ത്യ കലാശപ്പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് അഞ്ചാം കിരീടം ഉയര്‍ത്തുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ.
2000ല്‍ മുഹമ്മദ് കൈഫിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ 2006ലെ ലോകകപ്പില്‍ റണ്ണറപ്പുകളായി. രവികാന്ത് ശുക്ലയായിരുന്നു അന്ന് ഇന്ത്യന്‍ നായകന്‍. 2008ല്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഇന്ത്യ കപ്പില്‍ മുത്തമിട്ടു. 2012ല്‍ ഉന്മുക്ത് ചന്ദിനും ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാനായി. 2016ല്‍ ഇഷാന്‍ കിഷന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങിയ ഇന്ത്യ ഫൈനലില്‍ തോറ്റു. 2018ല്‍ പൃഥ്വി ഷാ ഇന്ത്യയെ വീണ്ടും കിരീടത്തിലേക്ക് എത്തിച്ചു. രാഹുല്‍ ദ്രാവിഡായിരുന്നു അന്ന് ഇന്ത്യയുടെ പരിശീലകന്‍. 2020ല്‍ ഫൈനലില്‍ വീണ ഇന്ത്യ ഇത്തവണ കിരീടത്തോടെ തന്നെ തിരിച്ചെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചരിത്രവും വ്യക്തമാക്കുന്നത് അത് തന്നെയാണ്.

നായകന്‍ യഷ് ധൂല്‍ തന്നെയാണ് ടീമിന്റെ നട്ടെല്ല്. ആംക്രിഷ് രഘുവംശി, ഹര്‍നുല്‍ സിങ്, വൈസ് ക്യാപ്റ്റന്‍ ഷെയ്ഖ് റഷീദ്, രാജ് അംഗാദ് ബാവ എന്നിവരെല്ലാം വലിയ പ്രതീക്ഷ നല്‍കുന്നു. രവി കുമാര്‍, രാജ്വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ എന്നിവരുടെ ബൗളിങ്ങും ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നതാണ്. ദക്ഷിണാഫ്രിക്കയെ തകര്‍ത്തുതുടങ്ങിയ ഇന്ത്യ അയര്‍ലന്‍ഡ്, ഉഗാണ്ട എന്നിവരെയും വീഴ്ത്തി ക്വാര്‍ട്ടര്‍ ടിക്കറ്റെടുത്തു. ക്വാര്‍ട്ടറില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച ഇന്ത്യ സെമിയില്‍ മുന്‍ ജേതാക്കളായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയാണ് ഫൈനല്‍ ടിക്കറ്റെടുത്തത്.
അത്ഭുത കുതിപ്പ് നടത്തിയ ഇംഗ്ലണ്ടും കളിച്ച അഞ്ച് മത്സരവും ജയിച്ചാണ് ഫൈനലിലിറങ്ങുന്നത്. ബംഗ്ലാദേശ്, കാനഡ, യുഎഇ, ദക്ഷിണാഫ്രിക്ക എന്നിവരെയെല്ലാം വീഴ്ത്തിയ ഇംഗ്ലണ്ട് അഫ്ഗാനിസ്ഥാനെ സെമിയില്‍ തോല്‍പ്പിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്. രണ്ട് ടീമിനൊപ്പവും മികച്ച താരനിരയുള്ളതിനാല്‍ ഫൈനലില്‍ തീപാറുമെന്നുറപ്പ്.