ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ആറാം കിരീടം കൈയെത്തുംദൂരത്ത് ഇന്ത്യക്കു നഷ്ടമായിരിക്കുകയാണ്. വീണ്ടുമൊരിക്കല്‍ക്കൂടി ഓസ്‌ട്രേലിയയാണ് കലാശക്കളിയില്‍ ഇന്ത്യയുടെ കണ്ണീര് വീഴ്ത്തിയത്. സൗത്താഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഓസീസിനോടു 79 റണ്‍സിന്റെ പരാജയമാണ് ഇന്ത്യക്കു നേരിട്ടത്. ടൂര്‍ണമെന്റിലുടനീളം ഉജ്ജ്വലമായി കളിച്ച ഇന്ത്യന്‍ യുവനിരയ്ക്കു പക്ഷെ ഫൈനലില്‍ ഈ മികവ് ആവര്‍ത്തിക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു.
എങ്കിലും ഉദയ് സഹരണ്‍ നയിച്ച ഇന്ത്യന്‍ ടീം തീര്‍ച്ചയായും അഭിമാനിക്കാവുന്ന പ്രകടനം തന്നെയാണ് ടൂര്‍ണമെന്റില്‍ കാഴ്ചവച്ചത്. ചില അവിസ്മരണീയ പ്രകടനങ്ങൾ ലോകകപ്പില്‍ കാഴ്ചവയ്ക്കാന്‍ ഇന്ത്യന്‍ യുവനിരയ്ക്കായിട്ടുണ്ട്. ഭാവിയില്‍ ലോക ക്രിക്കറ്റില്‍ സൂപ്പര്‍ താരങ്ങളായി വിലസാന്‍ ശേഷിയുള്ള ചില കളിക്കാര്‍ ടൂര്‍ണമെന്റിലൂടെ ഉയര്‍ന്നു വരികയും ചെയ്തു.

ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള ചില യുവതാരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം. ഇവരില്‍ ചിലര്‍ക്കു അധികം വൈകാതെ ഐപിഎല്ലിലേക്കും അതുവഴി സീനിയര്‍ ടീമിലേക്കും വിളിയെത്താനും സാധ്യതയുണ്ട്. ക്യാപ്റ്റന്‍ ഉദയ് തന്നെയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ബാറ്റിങും മികച്ച ക്യാപ്റ്റന്‍സിയും കൊണ്ട് താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ടൂര്‍ണമെന്റില്‍ റണ്‍വേട്ടയില്‍ തലപ്പത്തെത്തിയത് ഉദയ് ആണ്. ഏഴു മല്‍സരങ്ങളില്‍ നിന്നും 56.71 ശരാശരിയില്‍ 397 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളുമടക്കമാണിത്. ഉയര്‍ന്ന സ്‌കോര്‍ 100 റണ്‍സാണ്. സമ്മര്‍ദ്ദ ഘട്ടത്തിലും വളരെ കൂളായി ബാറ്റ് ചെയ്യാന്‍ കഴിഞ്ഞുവെന്നതാണ് ഉദയെ ശ്രദ്ധേയനാക്കുന്നത്.
ഇന്ത്യന്‍ സീനിയര്‍ ടീമിലെ പുതിയ ഫിനിഷറായ റിങ്കു സിങിനോടായിരുന്നു അദ്ദേഹത്തെ സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍ അടുത്തിടെ താരതമ്യം ചെയ്തത്. മികച്ച മധ്യനിര ബാറ്ററെന്ന നിലയില്‍ മാത്രമല്ല ഭാവി ഇന്ത്യന്‍ ക്യാപ്റ്റനായും ഉയര്‍ന്നു വരാന്‍ സാധിക്കുന്നയാളാണ് ഉദയ്.
മുന്‍നിര ബാറ്ററും ഓള്‍റൗണ്ടറുമായ മുഷീര്‍ ഖാനാണ് ഈ ലിസ്റ്റിലെ രണ്ടാമത്തെയാള്‍. ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീനും അടുത്തിടെ ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കു വിളിയെത്തുകയും ചെയ്ത സര്‍ഫറാസ് ഖാന്റെ സഹോദരന്‍ കൂടിയാണ് മുഷീര്‍. അണ്ടര്‍ 19 ലോകകപ്പില്‍ ഉദയ് കഴിഞ്ഞാല്‍ ഏറ്റവുമധികം റണ്ണെടുത്ത താരമാണ് അദ്ദേഹം. ഏഴു മല്‍സരങ്ങളില്‍ നിന്നും 60 ശരാശരിയില്‍ 98 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ 360 റണ്‍സ് മുഷീര്‍ സ്‌കോര്‍ ചെയ്തിരുന്നു. രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയുമടക്കമാണിത്.
ടൂര്‍ണമെന്റില്‍ കൂടുതല്‍ സെഞ്ച്വറികളടിച്ച താരം കൂടിയാണ് അദ്ദേഹം. ഉയര്‍ന്ന സ്‌കോര്‍ 131 റണ്‍സാണ്. ശിഖര്‍ ധവാനു ശേഷം അണ്ടര്‍ 19 ലോകകപ്പില്‍ ഒന്നിലേറെ സെഞ്ച്വറികള്‍ നേടിയ ഇന്ത്യന്‍ താരമായും മുഷീര്‍ മാറിയിരുന്നു. ബാറ്റിങില്‍ മാത്രമല്ല 3.63 ഇക്കോണമി റേറ്റില്‍ ഏഴു വിക്കറ്റുകള്‍ പിഴുത താരം ബൗളിങിലും തന്റെ മികവ് തെളിയിച്ചിരുന്നു.

സ്പിന്നര്‍ സൗമി പാണ്ഡെയാണ് ഈ ലോകകപ്പില്‍ ഇന്ത്യന്‍ നിരയിലെ മറ്റൊരു മിന്നും താരം. ടൂര്‍ണമെന്റില്‍ ഇത്തവണ ഏറ്റവുമധികം വിക്കറ്റുകള്‍ കൊയ്തത് സൗമിയായിരുന്നു. ഏഴു മല്‍സരങ്ങളില്‍ 2.68 എന്ന കിടിലന്‍ ശരാശരിയില്‍ 18 വിക്കറ്റുകളാണ് വൈസ് ക്യാപ്റ്റന്‍ കൂടിയായ താരം പോക്കറ്റിലാക്കിയത്. ഇതു ഓള്‍ടൈം റെക്കോര്‍ഡ് കൂടിയാണ്. 2020ലെ ലോകകപ്പില്‍ രവി ബിഷ്‌നോയ് 17 വിക്കറ്റുകള്‍ വീഴ്ത്തിയതായിരുന്നു നേരത്തേ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മികച്ച പ്രകടനം. ഇതാണ് സൗമി പഴങ്കഥയാക്കിയത്.
19 റണ്‍സ് വിട്ടുകൊടുത്ത് നാലു പേരെ പുറത്താക്കിയതാണ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം. ഏകദിന ഫോര്‍മാറ്റില്‍ ഇത്രയും മികച്ച ശരാശരിയില്‍ ഇത്രയുമധികം വിക്കറ്റുകള്‍ വീഴ്ത്തുകയെന്നത് എളുപ്പമല്ല. അതുകൊണ്ടു തന്നെ സൗമി തീര്‍ച്ചയായും ഭാവിയില്‍ ഇന്ത്യന്‍ സ്പിന്‍ ബൗളിങിലെ തുറുപ്പുചീട്ടായി വരാന്‍ സാധ്യത കൂടുതലാണ്.
ഫാസ്റ്റ് ബൗളര്‍ രാജ് ലിംബാനിയാണ് ലോകകപ്പില്‍ ഇന്ത്യയുടെ മറ്റൊരു ശ്രദ്ധേയനായ താരം. മികച്ച ന്യൂബോള്‍ ബൗളറായ ലിംബാനി ഫൈനലിലുള്‍പ്പെടെ മൂര്‍ച്ചയേറിയ ബൗളിങാണ് കാഴ്ചവച്ചത്. ഓസ്‌ട്രേലിയയുമായുള്ള ഫൈനലില്‍ ഇന്ത്യന്‍ ബൗളിങ് നിരയില്‍ ഏറ്റവും മികച്ചു നിന്നത് അദ്ദേഹമാണ്. 10 ഓവറില്‍ 38 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ ലിംബാനി വീഴ്ത്തിയിരുന്നു.
ടൂര്‍ണമെന്റില്‍ ആറു മല്‍സരങ്ങളില്‍ നിന്നും 11 വിക്കറ്റുകളാണ് പേസര്‍ വീഴ്ത്തിയത്. 3.87 ഇക്കോണമി റേറ്റിലായിരുന്നു ഇത്. ഫൈനലിലാണ് ലിംബാനിയുടെ ഏറ്റവും മികച്ച പ്രകടനം ലോകം കണ്ടത്.