Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Under 19 World Cup 2024: ബംഗ്ലാ കടുവകളെ തുരത്തി, മിന്നും ജയവുമായി ഇന്ത്യ തുടങ്ങി

ബ്ലോംഫൊണ്ടെയ്ന്‍: നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീം ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ തകര്‍പ്പന്‍ ജയവുമായി തുടങ്ങി. ഗ്രൂപ്പ് എയിലെ മല്‍സരത്തില്‍ ബംഗ്ലാദേശിനെയാണ് ഇന്ത്യന്‍ യുവനിര 84 റണ്‍സിനു കെട്ടുകെട്ടിച്ചത്. ബാറ്റിങില്‍ വലിയ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ കഴിഞ്ഞില്ലെങ്കിലും ബൗളര്‍മാരുടെ ഉജ്ജ്വല പ്രകടനം ഇന്ത്യക്കു തിളക്കമാര്‍ന്ന വിജയം സമ്മാനിക്കുകയായിരുന്നു.

ടോസിനു ശേഷം ബൗളിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് ഇന്ത്യയെ 50 ഓവറില്‍ ഏഴു വിക്കറ്റിനു 251 റണ്‍സില്‍ ഒതുക്കുകയായിരുന്നു. മറുപടിയില്‍ കളിയുടെ ഒരു ഘട്ടത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ബംഗ്ലാ കടുവളെ മുന്നില്‍ കടക്കാന്‍ അനുവദിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് പിഴുത ഇന്ത്യ അവരെ ബാക്ക്ഫൂട്ടിലാക്കുകയായിരുന്നു. ഒടുവില്‍ 45.5 ഓവറില്‍ 167 റണ്‍സ് മാത്രമെടുത്ത് ബംഗ്ലാദേശ് കൂടാരം കയറുകയും ചെയ്തു.

INDIA

മുഹമ്മദ് ഷിഹാബ് ജെയിംസ് (54), ആരിഫുല്‍ ഇസ്ലാം (41) എന്നിവരൊഴികെ മറ്റാരും ബംഗ്ലാ നിരയില്‍ ചെറുത്തുനിന്നില്ല. 15 ഓവറാവുമ്പേഴേക്കും നാലു വിക്കറ്റിനു 50 റണ്‍സിലേക്കു വീണ ബംഗ്ലാദേശിനു പിന്നീടൊരു തിരിച്ചുവരവ് ദുഷ്‌കരമായിരുന്നു. അഞ്ചാം വിക്കറ്റില്‍ 77 റണ്‍സിന്‍സിന്റെ കൂട്ടുകെട്ടുമായി ഷിഹാബ്- ആരിഫുല്‍ ജോടി ബംഗ്ലാദേശിനെ രക്ഷിച്ചെങ്കിലും 35ാം ഓവറില്‍ ആരിഫ് വീണതോടെ ബംഗ്ലാദേശ് ചീട്ടുകൊട്ടാരം കണക്കെ തകരുകയായിരുന്നു.

അഞ്ചിനു 127ല്‍ നിന്നും അവര്‍ എട്ടിനു 157ലേക്കു കൂപ്പുകുത്തി. ഏഴു ബൗളര്‍മാരെയാണ് മല്‍സരത്തില്‍ ഇന്ത്യ പരീക്ഷിച്ചത്. ഇവരില്‍ സൗമി പാണ്ഡെ നാലു വിക്കറ്റുകള്‍ പിഴുതപ്പോള്‍ മുഷീര്‍ ഖാനു രണ്ടു വിക്കറ്റുകളും ലഭിച്ചു.

നേരത്തേ ഓപ്പണര്‍ ആദര്‍ശ് സിങിന്റെയും നാലാം നമ്പറില്‍ ബാറ്റ് ചെയ്ത ക്യാപ്റ്റന്‍ ഉദയ് സഹരണിന്റെയും ഫിഫ്റ്റികളാണ് ഇന്ത്യയെ ഭേദപ്പെട്ട ടോട്ടലിലെത്തിച്ചത്. 76 റണ്‍സോടെ ആദര്‍ശ് ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 96 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ ആറു ഫോറുകളുള്‍പ്പെട്ടിരുന്നു. 94 ബോളില്‍ നാലു ഫോറടക്കം 64 റണ്‍സ് നേടിയാണ് ഉദയ് ക്രീസ് വിട്ടത്. ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും 30 റണ്‍സ് തികയ്ക്കാനായില്ല.

TOSS

സച്ചിന്‍ ദാസ് (26*), പ്രിയാന്‍ഷു മോളിയ (23), അറാവെല്ലി അവിനാഷ് (23) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍. അര്‍ഷിന്‍ കുല്‍ക്കര്‍ണിക്കും (7) മുഷീര്‍ ഖാനും (3) ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനായില്ല. എട്ടോവര്‍ ആവുമ്പോഴേക്കും ഇന്ത്യ രണ്ടു വിക്കറ്റിനു 31 റണ്‍സെന്ന നിലയില്‍ പതറിയിരുന്നു.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ആദര്‍ശ്- ഉദയ് ജോടി 116 റണ്‍സിന്റെ സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യയെ കളിയിലേക്കു തിരികെ കൊണ്ടു വരികയായിരുന്നു. ടീം സ്‌കോര്‍ 147ല്‍ വച്ച് ആദര്‍ശ് പുറത്തായതോടെയാണ് ഈ ജോടി വേര്‍പിരിഞ്ഞത്. പിന്നാലെ ഉദയും മടങ്ങി (169/4). എന്നാല്‍ ലോവര്‍ ഓര്‍ഡറിലെ മൂന്നു പേരുടെ പ്രകടനം ഇന്ത്യയെ 250 കടത്തുകയായിരുന്നു.

ഏറ്റവുമധികം തവണ ജേതാക്കളായി റെക്കോര്‍ഡിട്ട ഇന്ത്യ ആറാം കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ സൗത്താഫ്രിക്കയിലെത്തിയിരിക്കുന്നത്. ഇന്ത്യയുടെ അടുത്ത മല്‍സരം 25നു വ്യാഴാഴ്ച അയര്‍ലാന്‍ഡുമായിട്ടാണ്. ഈ കളിയില്‍ വിജയിക്കാനായാല്‍ ഇന്ത്യക്കു അടുത്ത റൗണ്ടിലേക്കു ടിക്കറ്റെടുക്കാം.

Story first published: Saturday, January 20, 2024, 21:11 [IST]
Other articles published on Jan 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+