ബെനോനി (സൗത്താഫ്രിക്ക): ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ഉദയ് സഹരണും കൂട്ടിന് സച്ചിന്‍ ദാസും മിന്നിച്ചപ്പോള്‍ ഐസിസി അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ഫൈനലില്‍. ടൂര്‍ണമെന്റില്‍ ഒരു കളി പോലും തോല്‍ക്കാതെയാണ് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യന്‍ യുവനിര കലാശപ്പോരിനു ടിക്കറ്റെടുത്തിരിക്കുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ആതിഥേയരായ സൗത്താഫ്രിക്കയെ ഇന്ത്യ രണ്ടു വിക്കറ്റിനു തകര്‍ത്തുവിടുകയായിരുന്നു.
245 റണ്‍സിന്റെ വിജയലക്ഷ്യമാണ് 50 ഓവറില്‍ സൗത്താഫ്രിക്കന്‍ ടീം ഇന്ത്യക്കു നല്‍കിയത്. നാലാം നമ്പറില്‍ ഇറങ്ങിയ സച്ചിന്‍ ദാസിന്റെയും (96) ക്യാപ്റ്റന്‍ ഉദയുടെയും (81) ഫിഫ്റ്റികള്‍ ഏഴു ബോളുകള്‍ ബാക്കിനില്‍ക്കെ 48.5 ഓവറില്‍ എട്ടു വിക്കറ്റിനു ഇന്ത്യയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.

95 ബോളില്‍ 11 ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് സച്ചിന്റെ ഇന്നിങ്‌സ്. ഉദയ് 124 ബോളില്‍ ആറു ഫോറുകളുമടിച്ചു. മറ്റാരും ഇന്ത്യന്‍ നിരയില്‍ 15 റണ്‍സ് പോലും തികച്ചില്ല. സ്‌കോര്‍: സൗത്താഫ്രിക്ക 50 ഓവറില്‍ ഏഴിന് 244, ഇന്ത്യ 48.5 ഓവറില്‍ എട്ടിനു 248. ഓസ്‌ട്രേലിയയും പാകിസ്താനും തമ്മിലുള്ള സെമിയിലെ വിജയികളാണ് ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.
വിജയക്ഷ്യം അത്ര വലുതല്ലായിരുന്നെങ്കിലും റണ്‍ചേസില്‍ ഇന്ത്യയുടെ തടക്കം തകര്‍ച്ചയോടെയായിരുന്നു. 12 ഓവറാവുമ്പോഴക്കും നാലു വിക്കറ്റുകള്‍ കൈവിട്ട ഇന്ത്യ നാലു വിക്കറ്റിനു 32 റണ്‍സിലേക്കു കൂപ്പുകുത്തിയിരുന്നു. ആദര്‍ശ് സിങ് (ഗോള്‍ഡന്‍ ഡെക്ക്), അര്‍ഷിന്‍ കുല്‍ക്കര്‍ണി (12), മുഷീര്‍ ഖാന്‍ (4), പ്രിയാന്‍ഷു മോളിയ (5) എന്നിവരാണ് തീര്‍ത്തും നിരാശപ്പെടുത്തിയത്.
ഇതോടെ ഇന്ത്യ തോല്‍വി മണത്തെങ്കിലും അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഉദയ്ക്കു കൂട്ടായി സച്ചിനെത്തിയതോടെ ഇന്ത്യ ഉയിര്‍ത്തെഴുന്നേറ്റു. 171 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഈ ജോടി ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. ഇതോടെ ഇന്ത്യന്‍ ടോട്ടല്‍ 200 കടക്കുകയും ചെയ്തു. എന്നാല്‍ ടീം സ്‌കോര്‍ 203ല്‍ വച്ച് സച്ചിന്‍ പുറത്തായതിനു ശേഷം ഇന്ത്യക്കു വീണ്ടുമൊരു തകര്‍ച്ച നേരിട്ടു.

അഞ്ചിനു 203ല്‍ നിന്നും ഇന്ത്യ ഏഴിന് 227ലേക്കും എട്ടിനു 244ലേക്കും വീണു. പക്ഷെ പേസര്‍ രാജ് ലിംബാനി ബൗണ്ടറിയിലൂടെ ഇന്ത്യയുടെ വിജയ റണ്‍സ് കുറിക്കുകയായിരുന്നു. ഒരു കളി പോലും തോല്‍ക്കാതെയാണ് ഉദയും സംഘവും ലോക കിരീടത്തിനു കൈയെത്തുംദൂരത്ത് എത്തിയിരിക്കുന്നത്.
ഗ്രൂപ്പ് എയിലെ ആദ്യ കളിയില്‍ മുന്‍ ചാംപ്യന്‍മാരായ ബംഗ്ലാദേശിനെ 84 റണ്‍സിനു തകര്‍ത്തുകൊണ്ടാണ് ഇന്ത്യയുടെ തുടക്കം. അയര്‍ലാന്‍ഡിനെ 201 റണ്‍സിനും അമേരിക്കയെ ഇതേ സ്‌കോറിനും മുക്കി ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായി മുന്നേറുകയായിരുന്നു. സൂപ്പര്‍ സിക്‌സില്‍ രണ്ടു മല്‍സരങ്ങളാണ് ഇന്ത്യക്കുണ്ടായിരുന്നത്.
ഗ്രൂപ്പ് ഒന്നിലെ ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിനെ 214 റണ്‍സിനാണ് ഇന്ത്യ തരിപ്പണമാക്കിയത്. രണ്ടാമത്തെ കളിയില്‍ നേപ്പാളിനെ 132 റണ്‍സിനും തുരത്തുകയായിരുന്നു. തുടര്‍ന്നാണ് സെമിയിലേക്കു ഇന്ത്യ ടിക്കറ്റ് വാങ്ങിയത്. ടൂര്‍ണമെന്റില്‍ ആദ്യമായി ഇന്ത്യക്കു അല്‍പ്പമെങ്കിലും വിയര്‍ക്കേണ്ടി വന്നത് സെമിയില്‍ മാത്രമാണ്. ബാക്കിയുള്ളവയിലെല്ലാം തികച്ചും അനായാസമാണ് ഇന്ത്യ ജയിച്ചുകയറിയത്.