അണ്ടര്‍ 19 വനിതാ ടി20 ക്രിക്കറ്റ് ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ഇന്ത്യക്ക് വമ്പന്‍ ജയം. 9 വിക്കറ്റിനാണ് ഇന്ത്യ വിന്‍ഡീസിനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ 13.2 ഓവറില്‍ 44 റണ്‍സില്‍ ഇന്ത്യ പുറത്താക്കി. മറുപടിക്കിറങ്ങിയ ഇന്ത്യ 4.2 ഓവറില്‍ 47 റണ്‍സില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. ഈ തീരുമാനം ശരിവെക്കുന്ന തരത്തിലുള്ള ബൗളിങ് പ്രകടനമാണ് ഇന്ത്യയുടെ യുവ ബൗളര്‍മാര്‍ കാഴ്ചവെച്ചത്.
ക്യാപ്റ്റന്‍ സമാറ രാംനാദിനെ (3) പുറത്താക്കി മലയാളി താരം ജോഷിത വിജെയാണ് വിന്‍ഡീസിന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. നയ്ജാനി കുംബര്‍ബാച്ച്, ജഹ്‌സാറ ക്ലാസ്റ്റന്‍, ബ്രിയാന ഹരിചരണ്‍ എന്നിവര്‍ ഡെക്കിന് പുറത്തായി. ഓപ്പണര്‍ അസ്ബായി കലണ്ടര്‍ 12 റണ്‍സില്‍ മടങ്ങിയപ്പോള്‍ കെനിക കാസര്‍ 15 റണ്‍സോടെ വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്‌കോററായി. അബിഗെയ്ല്‍ ബ്രെയ്‌സ് (1), അമിയ ഗില്‍ബെര്‍ട്ട് (1), ക്രിസ്റ്റിയന്‍ സുതര്‍ലാന്‍ഡ് (0), സെലീന റോസ് (0) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. അഞ്ച് വെസ്റ്റ് ഇന്‍ഡീസ് താരങ്ങളാണ് ഡെക്കിന് പുറത്തായത്.

photocredit: https://x.com/BCCIWomen/status/1880842623058899182/photo/1
13.2 ഓവറില്‍ 44 റണ്‍സില്‍ വെസ്റ്റ് ഇന്‍ഡീസ് കൂടാരം കയറി. ഇന്ത്യക്കായി പരുണിക സിസോഡിയ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജോഷിത വിജെയും ആയുഷി ശുക്ലയും രണ്ട് വിക്കറ്റുകള്‍ വീതവും പങ്കിട്ടു. വെസ്റ്റ് ഇന്‍ഡീസിന്റെ മൂന്ന് താരങ്ങള്‍ റണ്ണൗട്ടായാണ് പുറത്തായത്. മറുപടിക്കിറങ്ങിയ ഇന്ത്യ അതിവേഗം വിജയത്തിലേക്കെത്താനാണ് ശ്രമിച്ചത്. എന്നാല്‍ ഇന്ത്യയുടെ തുടക്കം പാളി. ആദ്യ പന്തില്‍ ബൗണ്ടറി പായിച്ച ഗൊങ്കാഡി തൃഷ രണ്ടാം പന്തില്‍ പുറത്തായി.
എന്നാല്‍ വിക്കറ്റ് കീപ്പര്‍ ജി കമാലിനിയും (16) സനിക ചാല്‍കെയും (18) ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. കമാലിനി 13 പന്തില്‍ മൂന്ന് ബൗണ്ടറിയടക്കം പായിച്ചപ്പോള്‍ സനിക 11 പന്തില്‍ മൂന്ന് ബൗണ്ടറിയോടെയാണ് ക്രീസില്‍ തുടര്‍ന്നത്. ഗ്രൂപ്പ് എയില്‍ ആദ്യ മത്സരം തന്നെ ജയിച്ച് തുടങ്ങാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. ശ്രീലങ്കയും മലേഷ്യയും വെസ്റ്റ് ഇന്‍ഡീസുമാണ് ഗ്രൂപ്പിലെ ഇന്ത്യയുടെ മറ്റ് എതിരാളികള്‍. കപ്പിലേക്കെത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നതാണ് കാത്തിരുന്ന് കണ്ടറിയേണ്ടത്. മലയാളി താരം ജോഷിത വരുന്ന മത്സരങ്ങളിലും ഇതേ മികവ് തുടരുമെന്ന് തന്നെ പ്രതീക്ഷിക്കാം.