ക്വലാലംപൂര്‍: ക്രിക്കറ്റിലെ പ്രധാന ടൂര്‍ണമെന്റുകളുടെ ആദ്യ എഡിഷനില്‍ ചാംപ്യന്‍മാരാവുകയെന്ന പതിവ് ആവര്‍ത്തിച്ചിരിക്കുകയാണ് ഇന്ത്യ. 2007ലെ പ്രഥമ ഐസിസി ടി20 ലോകകപ്പില്‍ എംഎസ് ധോണിക്കു കീഴില്‍ ചാംപ്യന്‍മാരായ ഇന്ത്യ ഇപ്പോഴിതാ മറ്റൊരു ടൂര്‍ണമെന്റിന്റെ കന്നി എഡിഷനില്‍ കിരീടമുയര്‍ത്തിയിരിക്കുകയാണ്.
പ്രഥമ അണ്ടര്‍ 19 വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റിലാണ് ഇന്ത്യയുടെ ചുണക്കുട്ടികള്‍ ജേതാക്കളായിരിക്കുന്നത്. ബൗളര്‍മാര്‍ മിന്നിച്ച ഫൈനലില്‍ ബംഗ്ലാദേശിനെ 41 റണ്‍സിനു തകര്‍ത്താണ് നിക്കി പ്രസാദ് നയിച്ച ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. കിരീടം നേടിയ ടീമില്‍ വയനാട്ടുകാരിയായ വിജെ ജോഷിതയും ഉള്‍പ്പെട്ടിട്ടുണ്ടെന്നത് കേരളത്തിനും അഭിമാനിക്കാന്‍ വക നല്‍കുന്നു.

എറിഞ്ഞൊതുക്കി
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കു നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് മാത്രമേ നേടാനായുള്ളൂ. ഓപ്പണര്‍ ജി തൃഷയുടെ (52) ഇന്നിങ്‌സ് മാറ്റി നിര്‍ത്തിയാല്‍ മറ്റാര്‍ക്കും ഇംപാക്ടുണ്ടാക്കാനായില്ല. 47 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു.
മറ്റാരും ഇന്ത്യന്‍ നിരയില്‍ 20 റണ്‍സ് പോലും തികച്ചില്ല. മിതില വിനോദ് (17), ക്യാപ്റ്റന്‍ നിക്കി (12), ആയുഷി ശുക്ല (10) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍. നാലു വിക്കറ്റുകളെടുത്ത ഫര്‍ജാന ഇസ്മിനാണ് ഇന്ത്യയെ എറിഞ്ഞൊതുക്കിയത്.
മറുപടിയില്‍ ഇന്ത്യയും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ ബംഗ്ലാദേശ് ബാറ്റിങ് നിര തരിപ്പണമായി. 18.3 ഓവറില്‍ വെറും 76 റണ്‍സിനു ബംഗ്ലാദേശ് ടീം കൂടാരത്തില്‍ തിരിച്ചെത്തുകയായിരുന്നു. ജുവാരിയ ഫെര്‍ദൂസ് (22), ഫഹോമിദ ചോയ (18) എന്നിവരൊഴികെ മറ്റാരെയും രണ്ടക്കം തികയ്ക്കാന്‍ ഇന്ത്യന്‍ ബൗളിങ് നിര അനുവദിച്ചില്ല.
ഇന്ത്യക്കു വേണ്ടി മലയാളി താരം ജോഷിതയടക്കം ഏഴു പേരാണ് ബൗള്‍ ചെയ്ത്. ഇവരില്‍ മികച്ചു നിന്നത് മൂന്നു വിക്കറ്റുകളെടുത്ത ആയുഷിയാണ്. പരുണിക സിസോദിയയും സോനം യാദവും രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ജോഷിത ഒരു വിക്കറ്റും നേടി.
ഇന്ത്യന്‍ ടോപ്‌സ്‌കോററായ തൃഷയാണ് ഫൈനലിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററും അവര്‍ തന്നെയാണ്. ഇന്ത്യക്കു വേണ്ടി അഞ്ചു മല്‍സരങ്ങളില്‍ നിന്നും 53 ശരാശരിയില്‍ 159 റണ്‍സാണ് തൃഷ സ്‌കോര്‍ ചെയ്തത്. വിക്കറ്റ് വേട്ടയിലും മുന്നില്‍ ഇന്ത്യന്‍ താരമാണ്. അഞ്ചിന്നിങ്‌സുകളില്‍ 10 വിക്കറ്റുകളെടുത്ത ആയുഷിയാണ് തലപ്പത്തുള്ളത്.