Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അണ്ടര്‍ 19 ലോകകപ്പിന് നാളെ തുടക്കം, 'ഇന്ത്യ കപ്പടിക്കുമോ?', ഗ്രൂപ്പുകള്‍, ഷെഡ്യൂള്‍, ടീമുകള്‍, എല്ലാം ഇതാ

1

ഗുയാന: ഈ വര്‍ഷം നിരവധി പ്രധാന ക്രിക്കറ്റ് ടൂര്‍ണമെന്റുകളാണ് നടക്കാന്‍ പോകുന്നത്. അണ്ടര്‍ 19 ലോകകപ്പില്‍ തുടങ്ങുന്ന ആവേശം വനിതാ ഏകദിന ലോകകപ്പിലേക്കും പിന്നീട് പുരുഷ ടി20 ലോകകപ്പിലേക്കുമെത്തും. ലോക ക്രിക്കറ്റിലെ ഭാവി വാഗ്ദാനങ്ങളെ കണ്ടെത്തുന്ന അണ്ടര്‍ 19 ലോകകപ്പിന് നാളെയാണ് തുടക്കമാവുന്നത്. വെസ്റ്റ് ഇന്‍ഡീസിലാണ് ഇത്തവണ അണ്ടര്‍ 19 ലോകകപ്പ് നടക്കുന്നത്. സന്നാഹ മത്സരങ്ങളെല്ലാം പൂര്‍ത്തിയായതിനാല്‍ ഇനി കിരീടത്തിനായുള്ള പോരാട്ടമാണ് നടക്കാനുള്ളത്.

16 ടീമുകളാണ് അണ്ടര്‍ 19 ലോകകപ്പില്‍ പങ്കെടുക്കുന്നത്. ന്യൂസീലന്‍ഡ് ലോകകപ്പില്‍ പങ്കെടുക്കുന്നില്ല. പകരം സ്‌കോട്ട്‌ലന്‍ഡിനാണ് അവസരം ലഭിച്ചത്. കോവിഡിന്റെ നിയന്ത്രണങ്ങള്‍ കടുപ്പമായതിനെത്തുടര്‍ന്നാണ് ന്യൂസീലന്‍ഡ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. 48 മത്സരങ്ങള്‍ നീണ്ടുനില്‍ക്കുന്ന പോരാട്ടത്തിനൊടുവിലാവും വിജയികളെ കണ്ടെത്തുക. ബംഗ്ലാദേശാണ് നിലവിലെ ചാമ്പ്യന്മാര്‍. ഇത്തവണയും നിരവധി യുവ പ്രതിഭകളുള്ളതിനാല്‍ ആവേശപോരാട്ടം തന്നെ പ്രതീക്ഷിക്കാം.

നാല് ഗ്രൂപ്പുകള്‍

നാല് ഗ്രൂപ്പുകള്‍

നാല് ഗ്രൂപ്പുകളാണ് അണ്ടര്‍ 19 ലോകകപ്പിലുള്ളത്. ഗ്രൂപ്പ് എയില്‍ ബംഗ്ലാദേശ്, കാനഡ, ഇംഗ്ലണ്ട്, യുഎഇ എന്നിവര്‍ ഉള്‍പ്പെടുമ്പോള്‍ ഗ്രൂപ്പ് ബിയില്‍ ഇന്ത്യയും അയര്‍ലന്‍ഡും ദക്ഷിണാഫ്രിക്കയും ഉഗാണ്ടയും കരുത്ത് പരീക്ഷിക്കും. ഗ്രൂപ്പ് സിയില്‍ അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, പപ്പുവ ന്യൂ ഗ്വിനിയ, സിംബാബ്‌വെ എന്നിവരും ഗ്രൂപ്പ് ഡിയില്‍ ഓസ്‌ട്രേലിയ, സ്‌കോട്ട്‌ലന്‍ഡ്, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരുമാണുള്ളത്. ഗ്രൂപ്പ് ഡി തന്നെയാണ് മരണ ഗ്രൂപ്പ്. ഓസ്‌ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും ശ്രീലങ്കയും ശക്തി പരീക്ഷിക്കുമ്പോള്‍ പോരാട്ടം കടുക്കും.

നാളെ വെസ്റ്റ് ഇന്‍ഡീസും ഓസ്‌ട്രേലിയയും ശ്രീലങ്കയും സ്‌കോട്ട്‌ലന്‍ഡും തമ്മില്‍ നടക്കുന്ന മത്സരത്തോടെയാവും ലോകകപ്പിന് ആരംഭമാവുക. ഗുയാനയിലെ രണ്ട് വേദികളിലായാണ് മത്സരം. ഈ മാസം 25ന് ക്വാര്‍ട്ടര്‍ ഫൈനല്‍ ആരംഭിക്കും. ഫെബ്രുവരി 1,2 തീയ്യതികളിലായി സെമി ഫൈനലും ഫെബ്രുവരി അഞ്ചിന് ഫൈനലും നടക്കും.

ഇന്ത്യയുടെ ആദ്യ എതിരാളി ദക്ഷിണാഫ്രിക്ക

ഇന്ത്യയുടെ ആദ്യ എതിരാളി ദക്ഷിണാഫ്രിക്ക

ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ എതിരാളി ദക്ഷിണാഫ്രിക്കയാണ്. 15നാണ് മത്സരം. 19ന് അയര്‍ലന്‍ഡിനെയും 22ന് ഉഗാണ്ടയേയും ഇന്ത്യ നേരിടും. ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. അവസാന ലോകകപ്പില്‍ രണ്ട് ടീമും ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ കൈയ്യാങ്കളിയിലേക്ക് വരെ കാര്യങ്ങളെത്തിയിരുന്നു. അതുകൊണ്ട് തന്നെ കണക്കുവീട്ടാനുള്ള കാത്തിരിപ്പിലാണ് ഇന്ത്യ.
ചിരവൈരികളായ പാകിസ്താനെതിരായ മത്സരവും ശ്രദ്ധേയമാവും. ഏഷ്യാ കപ്പില്‍ ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചിരുന്നു. ഇതിന് കണക്കുവീട്ടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. സന്നാഹ മത്സരത്തില്‍ ഗംഭീര പ്രകടനം നടത്തിയാണ് ഇന്ത്യയിറങ്ങുന്നത്. ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനെയും കരുത്തരായ ഓസ്‌ട്രേലിയയേയും തകര്‍ത്ത ഇന്ത്യ വലിയ പ്രതീക്ഷ നല്‍കുന്നു.

പ്രതീക്ഷയോടെ ഇന്ത്യ ഇറങ്ങുന്നു

പ്രതീക്ഷയോടെ ഇന്ത്യ ഇറങ്ങുന്നു

അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ ടീമാണ് ഇന്ത്യ. നാല് തവണയാണ് ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടത്. അവസാനമായി രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴില്‍ പൃഥ്വി ഷാ നായകനായ ടീമാണ് ലോകകപ്പ് ഇന്ത്യയുടെ അലമാരയിലെത്തിച്ചത്. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ യുവരാജ് സിങ്,മുഹമ്മദ് കൈഫ്,രവീന്ദ്ര ജഡേജ, വിരാട് കോലി, ഇഷാന്ത് ശര്‍മ എന്നിവരെല്ലാം അണ്ടര്‍ 19 ലോകകപ്പിലൂടെ ഉയര്‍ന്നുവന്നവരാണ്.
ഇത്തവണ യഷ് ധൂലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഇന്ത്യ ഇറങ്ങുന്നത്. ക്ലാസിക് താരമായ യഷ് ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങളിലൊന്നായി ഇതിനോടകം മാറിക്കഴിഞ്ഞു. ഡല്‍ഹിക്കുവേണ്ടിയും ശ്രദ്ധേയ പ്രകടനം അദ്ദേഹം നടത്തിയിട്ടുണ്ട്. ഹര്‍നൂര്‍ സിങ്, രാജ് അംഗാദ് ബവ,ഷെയ്ഖ് റഷീദ്,രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ തുടങ്ങി എടുത്തുപറയാവുന്ന നിരവധി താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. വലിയ പ്രതീക്ഷയോടെ തന്നെയാണ് ഇന്ത്യന്‍ ടീം ഇത്തവണ ഇറങ്ങുന്നത്.

ഇന്ത്യന്‍ ടീമില്‍ ഇവര്‍

ഇന്ത്യന്‍ ടീമില്‍ ഇവര്‍

യഷ് ധൂല്‍ (ക്യാപ്റ്റന്‍), ഹര്‍നൂര്‍ സിങ്, അംഗ്രിഷ് രഖുവംശി, എസ്‌കെ റഷീദ് (വൈസ് ക്യാപ്റ്റന്‍), നിഷാന്ദ് സിന്ധു, സിദ്ധാര്‍ഥ് യാദവ്, അനീഷ്വര്‍ ഗൗതം, ദിനേശ് ബാന (വിക്കറ്റ് കീപ്പര്‍), ആരാധ്യ യാദവ് (വിക്കറ്റ് കീപ്പര്‍), രാജ് അംഗദ് ബവ, മാനവ് പ്രകാശ്, കൗശല്‍ താംബെ, ആര്‍എസ് ഹംഗര്‍ഗേക്കര്‍, വസു വത്സ്, വിക്കി ഒസ്ത്വാല്‍, രവികുമാര്‍, ഗര്‍വ് സങ്വാന്‍. സ്റ്റാന്റ്‌ബൈ താരങ്ങള്‍- റിഷിത് റെഡ്ഡി, അന്‍ഷ് ഗോസായ്, അമൃത് രാജ് ഉപാധ്യായ്, പിഎം സിങ് റാഥോര്‍.

Story first published: Thursday, January 13, 2022, 9:24 [IST]
Other articles published on Jan 13, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+