Under 19 World Cup: കംഗാരുക്കളെ 'ഫ്രൈയാക്കി' ഇന്ത്യ ഫൈനലില്‍, കലാശപ്പോരില്‍ ഇംഗ്ലണ്ട് എതിരാളി

കൂളിഡ്ജ് (വെസ്റ്റ് ഇന്‍ഡീസ്): അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. ആവേശ സെമിയില്‍ കരുത്തരായ ഓസ്‌ട്രേലിയയെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 290 എന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ 41.5 ഓവറില്‍ 194 റണ്‍സിന് കംഗാരുക്കളുടെ പോരാട്ടം അവസാനിച്ചു. തകര്‍പ്പന്‍ സെഞ്ച്വറിയോടെ മുന്നില്‍ നിന്ന് നയിച്ച നായകന്‍ യഷ് ധൂലാണ് (110) കളിയിലെ താരം. ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍.
ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച ഓപ്പണിങ് കൂട്ടുകെട്ട് ഇന്ത്യക്ക് സൃഷ്ടിക്കാനായില്ല. അംഗ്കൃഷ് രഘുവന്‍ഷി (6) ആദ്യം മടങ്ങി. 30 പന്തുകള്‍ നേരിട്ട് നിലയുറപ്പിച്ച് വരികയായിരുന്ന താരത്തെ സാല്‍സ്മാന്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. മറ്റൊരു ഓപ്പണറായ ഹര്‍ണൂര്‍ സിങ്ങിനും (16) വലിയ സ്‌കോര്‍ നേടാനായില്ല. 28 പന്തുകള്‍ നേരിട്ട് മൂന്ന് ബൗണ്ടറിയാണ് താരം നേടിയത്. 12.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 37 എന്ന മോശം അവസ്ഥയിലായിരുന്ന ഇന്ത്യയെ മൂന്നാം വിക്കറ്റിലെ യഷ് ധൂല്‍ (110), ഷെയ്ഖ് റഷീദ് (94) കൂട്ടുകെട്ടാണ് കരകയറ്റിയത്. 204 റണ്‍സാണ് ഇവര്‍ കൂട്ടിച്ചേര്‍ത്തത്. 110 പന്തുകള്‍ നേരിട്ട് 10 ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെ വെടിക്കെട്ട് സെഞ്ച്വറി നേടിയ യഷ് ധൂല്‍ റണ്ണൗട്ടായി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 241 എന്ന ഭേദപ്പെട്ട നിലയിലേക്കെത്തിയിരുന്നു.

ധൂല്‍ മടങ്ങിയ തൊട്ടടുത്ത പന്തില്‍ റഷീദും പുറത്തായത് ഇന്ത്യക്ക് അല്‍പ്പം ക്ഷീണമായി. 108 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും പറത്തിയ റഷീദിന് അര്‍ഹിച്ച സെഞ്ച്വറിയാണ് ആറ് റണ്‍സകലെ നഷ്ടമായതെന്ന് പറയാം. അവസാന ഓവറുകളില്‍ ഇന്ത്യയുടെ മധ്യനിര ഭേദപ്പെട്ട പ്രകടനം നടത്തി. രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ (10 പന്തില്‍ 13) പുറത്തായെങ്കിലും നിഷാന്ത് സിന്ദു (10 പന്തില്‍ 12), വിക്കറ്റ് കീപ്പര്‍ ദിനേഷ് ബന (4 പന്തില്‍ 20) എന്നിവര്‍ പുറത്താവാതെ നിന്നു. ബന രണ്ട് വീതം സിക്‌സും ഫോറുമാണ് പറത്തിയത്. ഓസ്‌ട്രേലിയക്കായി ജാക്ക് നിസ്‌ബെറ്റ്, വില്യം സാല്‍സ്മാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.
മറുപടിക്കിറങ്ങിയ ഓസ്‌ട്രേലിയയുടെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളകളില്‍ വീഴ്ത്താന്‍ ഇന്ത്യക്കായി. രണ്ടാം ഓവറില്‍ത്തന്നെ കംഗാരുക്കള്‍ക്ക് ഇന്ത്യ ആദ്യ പ്രഹരം നല്‍കി. ടിഗ്യൂ വെയ്‌ലിയെ (1) മടക്കി രവി കുമാറാണ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കിയത്. രണ്ടാം വിക്കറ്റില്‍ കാംപ്‌ബെല്‍ കെല്ലാവെ (30), കോളി മില്ലര്‍ (38) എന്നിവര്‍ ചേര്‍ന്ന് നേരിയ ചെറുത്ത് നില്‍പ്പ് നടത്തിയെങ്കിലും മില്ലറെ മടക്കി രഘുവന്‍ഷി കൂട്ടുകെട്ട് പൊളിച്ചു. ഓസീസ് നായകന്‍ കൂപ്പര്‍ കൊണോളി (3) പെട്ടെന്ന് മടങ്ങി. ലാച്ച്‌ലാന്‍ ഷാ (51) അര്‍ധ സെഞ്ച്വറിയോടെ ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോററായി.

വാലറ്റത്തെ അതിവേഗം മടക്കാന്‍ ഇന്ത്യക്കായി. നിവേതന്‍ രാധാകൃഷ്ണന്‍ (11), വില്യം സാല്‍സ്മാന്‍ (7), തോബിയാസ് സ്‌നെല്‍ (4), ജാക്ക് സിന്‍ഫീല്‍ഡ് (20), ടോം വിറ്റ്‌നി (19) എന്നിവരെല്ലാം കാര്യമായൊന്നും ചെയ്യാനാവാതെ മടങ്ങി. ഇന്ത്യക്കായി വിക്കി ഒസ്ത്വാല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നിഷാന്ത് സിന്ദു, രവി കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും കൗശല്‍ താംബെ, അംഗ്കൃഷ് രഘുവന്‍ഷി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഇന്ത്യയുടെ തുടര്‍ച്ചയായ നാലാമത്തെ ലോകകപ്പ് ഫൈനലാണിത്. അവസാന ലോകകപ്പില്‍ ബംഗ്ലാദേശിനോട് ഇന്ത്യ ഫൈനലില്‍ തോല്‍ക്കുകയായിരുന്നു. ഇത്തവണ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യക്ക് കിരീടം നേടാനാവുമോയെന്ന് കാത്തിരുന്ന് കാണാം. പന്തുകൊണ്ടും ബാറ്റുകൊണ്ടും വലിയ പ്രതീക്ഷ നല്‍കുന്ന താരനിര തന്നെയാണ് ഇന്ത്യയുടേത്. എന്തായാലും മികച്ച പോരാട്ടം തന്നെ ഫൈനലില്‍ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications