ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന്റെ മെഗാ താരലേലം അവസാനിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ പേരുകളിലൊന്നാണ് വൈഭവ് രഘുവന്‍ഷി. വെറും 13 വയസ് പ്രായം മാത്രമുള്ള വൈഭവ് ഐപിഎല്‍ കരാറിലേക്കെത്തിയെന്നത് എല്ലാവരേയും അത്ഭുതപ്പെടുത്തി. 1.10 കോടിക്ക് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ് വൈഭവിനെ ടീമിലേക്കെത്തിച്ചത്. ഐപിഎല്‍ കരാര്‍ ലഭിക്കുന്ന പ്രായം കുറഞ്ഞ താരമായി മാറാനും വൈഭവിന് സാധിച്ചു.
എന്നാല്‍ ഇതിന് ശേഷം അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം വൈഭവ് നിരാശപ്പെടുത്തുന്ന പ്രകടനം തുടരുകയാണ്. മികവിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ വൈഭവിന് സാധിക്കുന്നില്ല. ജൂനിയര്‍ ബൗളര്‍മാരോട് പോലും മികച്ച പ്രകടനം നടത്താന്‍ സാധിക്കാതെ യുവതാരം പരുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ കരുത്തരായ ബൗളിങ് നിരക്കെതിരേ വൈഭവ് തിളങ്ങുമെന്ന് എങ്ങനെ വിശ്വസിക്കാനാവും. എന്തായാലും താരം പ്രതീക്ഷിച്ച നിലവാരം കാട്ടുന്നില്ല.
വൈഭവിനെ രാജസ്ഥാന്‍ വാങ്ങിയത് മണ്ടത്തരം
വൈഭവ് ഏഷ്യാ കപ്പിലെ ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തിയിരിക്കുകയാണ്. ആദ്യ മത്സരം ചിരവൈരികളായ പാകിസ്താനെതിരേയായിരുന്നു. 9 പന്ത് നേരിട്ട് 1 റണ്‍സാണ് വൈഭവിന് നേടാനായത്. ഇതിന് ശേഷം ഇപ്പോള്‍ ജപ്പാനെതിരേ രണ്ടാം മത്സരത്തിലും കാര്യമായ പ്രകടനം നടത്താനായിട്ടില്ല. 23 പന്ത് നേരിട്ട് 23 റണ്‍സാണ് വൈഭവിന് നേടാനായത്. ജപ്പാന്റെ ബൗളിങ് നിര അത്ര മികവ് അവകാശപ്പെടാന്‍ സാധിക്കുന്നതല്ല.
ഇവര്‍ക്കെതിരേ പോലും വൈഭവിന് അതിവേഗം റണ്‍സുയര്‍ത്താനോ വലിയ സ്‌കോര്‍ നേടാനോ സാധിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ജസ്പ്രീത് ബുംറയും കഗിസോ റബാഡയും മിച്ചല്‍ സ്റ്റാര്‍ക്കുമെല്ലാം ഉള്‍പ്പെടുന്ന പേസ് നിരക്കെതിരേ വൈഭവ് എന്ത് കാട്ടുമെന്നതാണ് ചോദ്യം. നിലവിലെ വൈഭവിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് നിസംശയം പറയാം. രാജസ്ഥാന്‍ യുവതാരത്തെ ടീമിലെടുത്തത് തെറ്റായ തീരുമാനമാണെന്ന് തന്നെ വിലയിരുത്താം.

വൈഭവിന് അനുഭവസമ്പത്ത് ആവശ്യം
യുവതാരത്തിന് ഇപ്പോള്‍ത്തന്നെ അമിത സമ്മര്‍ദ്ദം നല്‍കുന്നത് താരത്തിന്റെ കരിയറിനെ മോശമായി ബാധിക്കാന്‍ സാധ്യതയുണ്ട്. പൃഥ്വി ഷായെ എല്ലാവരും അടുത്ത സച്ചിനായും ലാറയായും സെവാഗായുമെല്ലാം വിശേഷിപ്പിച്ചാണ് വാഴ്ത്തിയത്. എന്നാല്‍ ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലും ഇടം കണ്ടെത്താനാവാത്ത വിധം തഴയപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പൃഥ്വി ഷായുടെ കരിയര്‍ വൈഭവിന് മുന്നിലുള്ള വലിയ പാഠമാണെന്ന് പറയാം.
ഇനിയും ഏറെ അനുഭവസമ്പത്ത് വൈഭവിന് ആവശ്യമാണ്. രാജസ്ഥാന് ഒപ്പം കൂട്ടി വൈഭവിനെ ഭാവിയിലേക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കും. എന്നാല്‍ അതിനായി 1.10 കോടിയെന്നത് അല്‍പ്പം കൂടുതലാണ്. ഈ സീസണിലേക്ക് മികച്ചൊരു ഓള്‍റൗണ്ടറെ രാജസ്ഥാന് കൊണ്ടുവരാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വൈഭവിനായി ഇത്രയും ഉയര്‍ന്ന നല്‍കിയത് മണ്ടന്‍ തീരുമാനമാണെന്ന് തന്നെയാണ് നിലവിലെ സാഹചര്യത്തില്‍ പറയാനാവുക.
ഇന്ത്യക്ക് ഇന്ന് നിര്‍ണ്ണായക മത്സരം
ഇന്ത്യയുടെ യുവ നിരക്ക് ഇന്ന് നിര്‍ണ്ണായകമാണ്. ആദ്യ മത്സരത്തില്‍ ഇന്ത്യ പാകിസ്താനോട് തോറ്റിരുന്നു. അതുകൊണ്ടുതന്നെ ഇന്ന് ഇന്ത്യക്ക് ജപ്പാനെ തോല്‍പ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയുടെ ബാറ്റിങ് നിരയും ബൗളിങ് നിരയും പഴയ നിലവാരം കാട്ടുന്നില്ലെന്നതാണ് വസ്തുത. ഇന്ത്യയുടെ ഭാവി താരങ്ങളെല്ലാം നിരാശപ്പെടുത്തുന്ന പ്രകടനമാണ് ആദ്യ മത്സരത്തില്‍ കാഴ്ചവെച്ചത്.
ജപ്പാനെതിരേ സര്‍വാധിപത്യ ജയം നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിക്കേണ്ടതായുണ്ട്. അതിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. ഇന്ത്യക്ക് പാകിസ്താനോട് ഏല്‍ക്കേണ്ടി വന്ന തോല്‍വിക്ക് മറുപടിയായി കിരീടം ഉയര്‍ത്തേണ്ടതായുണ്ട്. ഇന്ത്യയുടെ സീനിയര്‍ നിരയുടെ മാനം കാക്കുന്ന പ്രകടനം യുവനിര കാട്ടുമെന്ന് തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.