
ഷാര്‍ജ: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയായി. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയുടെ എതിരാളികള്‍ ബംഗ്ലാദേശാണെങ്കില്‍ മറ്റൊരു സെമിയില്‍ പാകിസ്താനും ശ്രീലങ്കയും ഏറ്റുമുട്ടും. രണ്ടു മല്‍സരങ്ങളും വ്യാഴാഴ്ചയാണ്. ഇന്ത്യന്‍ സമയം രാവിലെ 11 മണിക്കാണ് രണ്ടു സെമി ഫൈനലുകളും നടക്കുന്നത്. ഇന്ത്യ- ബംഗ്ലാദേശ് സെമി ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലും പാകിസ്താന്‍- ലങ്ക സെമി ദുബായിലെ ഐസിസി അക്കാഡമി ഗ്രൗണ്ടിലുമാണ്.
ഇന്നാണ് ഗ്രൂപ്പുഘട്ട മല്‍സരങ്ങള്‍ അവസാനിച്ചത്. ഗ്രൂപ്പ് ബിയില്‍ രണ്ടു മല്‍സരങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇവയില്‍ ബംഗ്ലാദേശും ശ്രീലങ്കയും തമ്മിലുള്ള മല്‍സരം ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഈ മല്‍സരം പാതിവഴിയില്‍ വച്ചാണ് നിര്‍ത്തിവയ്ക്കപ്പെടുകയും തുടര്‍ന്ന് ഉപേക്ഷിക്കപ്പെടുകയും ചെയ്തത്. രണ്ട് ഒഫീഷ്യലുകള്‍ക്കു കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു മല്‍സരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നാലു വിക്കറ്റിന് 130 റണ്‍സെടുത്തു നില്‍ക്കെയാണ് കളി തടസ്സപ്പെട്ടത്.
ആദ്യത്തെ രണ്ടു മല്‍സരങ്ങലും ജയിച്ച് ഇരുടീമുകളും നേരത്തേ തന്നെ സെമിയില്‍ സ്ഥാനമുറപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ഗ്രൂപ്പ് ജേതാക്കളെ തീരുമാനിക്കുന്നതായിരുന്നു ബംഗ്ലാദേശ്- ശ്രീലങ്ക മല്‍സരം. ഈ കളി ഉപേക്ഷിക്കപ്പെട്ടതോടെ ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിടുകയായിരുന്നു. അഞ്ച് പോയിന്റുമായി ബംഗ്ലാദേശും ലങ്കയും ഒപ്പം നിന്നതോടെ നെറ്റ് റണ്‍റേറ്റ് നിര്‍ണാടകമായി മാറി. മികച്ച നെറ്റ് റണ്‍റേറ്റിന്റെ കരുത്തില്‍ ബംഗ്ലാദേശ് ഗ്രൂപ്പ് ചാംപ്യന്മാരായപ്പോള്‍ ലങ്ക റണ്ണറപ്പുകളുമായി മാറി.
ഇന്ത്യയുടെ പ്രകടനം
കിരീട ഫേവറിറ്റുകളായ ഇന്ത്യ തകര്‍പ്പന്‍ വിജയത്തോടെയാണ് ടൂര്‍ണമെന്റില്‍ തുടങ്ങിയത്. യഷ് ധൂല്‍ നയിച്ച ഇന്ത്യന്‍ കൗമാര ടീം ആദ്യ കളിയില്‍ ആതിഥേയരായ യുഎഇയെ കെട്ടുകെട്ടിക്കുകയായിരുന്നു. 154 റണ്‍സിനാണ് യുഎഇയെ ഇന്ത്യ വാരിക്കളഞ്ഞത്. പക്ഷെ ചിരവൈരികളായ പാകിസ്താനെതിരായ രണ്ടാമങ്കത്തില്‍ ഇന്ത്യക്കു പിഴച്ചു. രണ്ടു വിക്കറ്റിനാണ് പാകിസ്താന്‍ ഇന്ത്യയെ തകര്‍ത്തുവിട്ടത്.
ഇതോടെ അഫ്ഗാനിസ്താനുമായുള്ള മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ഇന്ത്യക്കു ജീവന്‍മരണ പോരാട്ടമായി മാറി. ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ പോരാട്ടത്തില്‍ അഫ്ഗാനെ നാലു വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഒരു ഘട്ടത്തില്‍ ഇന്ത്യ പരാജയം മുന്നില്‍ കണ്ടെങ്കിലും അപരാജിതമായ ഏഴാം വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു.