
രക്ഷകനായി ഷെയ്ഖ് റഷീദ്
സെമി ഫൈനലില്‍ ഇന്ത്യക്കെതിരേ ബംഗ്ലാദേശിനായിരുന്നു ടോസ്. ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 243 റണ്‍സാണ് ഇന്ത്യക്കു നേടാനായത്. ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ രക്ഷിച്ചത് മൂന്നാമനായി ഇറങ്ങിയ ഷെയ്ഖ് റഷീദാണ്. പുറത്താവാതെ 90 റണ്‍സാണ് അദ്ദേഹം നേടിയത്. 108 ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്രീസിന്റെ മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നെങ്കിലും റഷീദ് കുലുങ്ങിയില്ല. മാച്ച് വിന്നിങ് പ്രകടനവുമായി അദ്ദേഹം ടീമിനെ രക്ഷിക്കുകയായിരുന്നു. ബംഗ്ലാദേശിനു വേണ്ടി ക്യാപ്റ്റന്‍ റാക്വിബുല്‍ ഹസന്‍ മൂന്നു വിക്കറ്റുകളെടുത്തു.
ക്യാപ്റ്റന്‍ യഷ് ധൂല്‍ 26ഉം രാജ് ബവ 23 റണ്‍സും നേടി. ഗ്രൂപ്പുഘട്ടത്തിലെ മൂന്നു മല്‍സരങ്ങളിലും തകര്‍പ്പന്‍ പ്രകടനം നടത്തിയ ഓപ്പണര്‍ ഹര്‍നൂര്‍ സിങിന് പക്ഷെ സെമിയില്‍ തിളങ്ങാനായില്ല. 15 റണ്‍സെടുക്കാനെ താരത്തിനായുള്ളൂ.

ബംഗ്ലാദേശ് തരിപ്പണം
റണ്‍ചേസില്‍ ബംഗ്ലാദേശ് പൊരുതാന്‍ പോലുമാവാതെയാണ് കീഴടങ്ങിയത്. 38.2 ഓവറില്‍ വെറും 140 റണ്‍സിന് ബംഗ്ലാദേശ് ഓള്‍ഔട്ടായി. 42 റണ്‍സെടുത്ത ആരിഫുല്‍ ഇസ്ലാമാണ് ബംഗ്ലാദശ് നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. 77 ബോളില്‍ ഒരു ബൗണ്ടറിയോടെയാണ് താരം 42 റണ്‍സെടുത്തത്. ഓപ്പണര്‍ മഹ്ഫിജുല്‍ ഇസ്ലാമാണ് (26) 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരാള്‍.
ഭേദപ്പെട്ട തുടക്കമായിരുന്നു ബംഗ്ലാദേശിന്റേത്. ആദ്യ വിക്കറ്റില്‍ അവര്‍ 31 റണ്‍സെടുത്തിരുന്നു. പിന്നീടായിരുന്നു ബംഗ്ലാദേശിന്റെ കൂട്ടത്തകര്‍ച്ച. ഏഴു വിക്കറ്റിന് 87 റണ്‍സിലേക്കു കൂപ്പുകുത്തിയ ബംഗ്ലാദേശിന് പിന്നീടൊരു തിരിച്ചുവരവുണ്ടായില്ല.

ബൗളര്‍മാര്‍ മിന്നിച്ചു
ഇന്ത്യക്കു വേണ്ടി ബൗള്‍ ചെയ്തവരെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ആറു പേരെയാണ് ഇന്ത്യന്‍ നായകന്‍ ധൂല്‍ ഈ മല്‍സരത്തില്‍ പരീക്ഷിച്ചത്. എല്ലാവര്‍ക്കും വിക്കറ്റ് ലഭിക്കുകയും ചെയ്തു.
രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, രവി കുമാര്‍, രാജ് ബവ, വിക്കി ഓസ്ത്വാല്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം പങ്കിടുകയായിരുന്നു. നിഷാന്ത് സിന്ധുവും കൗശല്‍ താംബെയും ഓരോ വിക്കറ്റ് വീതം നേടി.

സ്വപ്ന ഫൈനല്‍ ഇല്ല
ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സ്വപ്ന ഫൈനലായിരുന്നു അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ക്രിക്കറ്റ് പ്രേമികള്‍ പ്രതീക്ഷിച്ചത്. നേരത്തേ ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യക്കെതിരേ പാകിസ്താന്‍ രണ്ടു വിക്കറ്റിന്റെ വിജയം ആഘോഷിച്ചിരുന്നു. ഡ്രീം ഫൈനല്‍ നടന്നിരുന്നെങ്കില്‍ അന്നത്തെ തോല്‍വിക്ക് കണക്കുതീര്‍ക്കാനുള്ള അവസരം കൂടിയായിരുന്നു ഇന്ത്യയെ കാത്തിരുന്നത്. പക്ഷെ പാകിസ്താന്റെ ഫൈനല്‍ പ്രതീക്ഷ ലങ്ക അവസാനിപ്പിക്കുകയായിരുന്നു.
ബൗങിങ് മികവിലാണ് പാകിസ്താനെതിരേ സെമിയില്‍ ലങ്ക സ്തബ്ധരാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലങ്കയെ 44.5 ഓവറില്‍ 147 റണ്‍സിനു പാകിസ്താന്‍ എറിഞ്ഞൊതുക്കിയിരുന്നു. പാക് ടീം അനായാസം ഈ സ്‌കോര്‍ ചേസ് ചെയ്യുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. പക്ഷെ ലങ്കയുടെ ബൗളിങ് കൊടുങ്കാറ്റില്‍ പാകിസ്താന്‍ കടപുഴകി. മൂന്നു ബോളുകള്‍ ബാക്കിനില്‍ക്കെ വെറും 125 റണ്‍സിനു പാകിസ്താന്‍ ഓള്‍ഔട്ടാവുകയായിരുന്നു.


Click it and Unblock the Notifications











