വിറച്ചു, പിന്നെ ജയിച്ചു- അഫ്ഗാന്‍റെ അട്ടിമറി മോഹം തകര്‍ത്ത് ഇന്ത്യ സെമി ഫൈനലില്‍
ദുബായ്: നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീം അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്കു ടിക്കറ്റെടുത്തു. ക്വാര്‍ട്ടര്‍ ഴഫൈനലിനു തുല്യമായ ഗ്രൂപ്പ് എയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ അഫ്ഗാനിസ്താനെ നാലു വിക്കറ്റിനു തോല്‍പ്പിച്ചാണ് ഇന്ത്യയുടെ സെമി പ്രവേശനം. ത്രില്ലിങ് റണ്‍ചേസിനൊടുവിലായിരുന്നു യഷ് ധൂല്‍ നയിച്ച ഇന്ത്യന്‍ യുവനിരയുടെ വിജയം.
മൂന്നു മല്‍സരങ്ങളില്‍ നിന്നും രണ്ടു ജയവും ഒരു തോല്‍വിയുമടക്കം നാലു പോയിന്റോടെ ഗ്രൂപ്പിലെ റണ്ണറപ്പായാണ് ഇന്ത്യ സെമിയിലെത്തിയത്. കളിച്ച മൂന്നു മല്‍സരങ്ങളും ജയിച്ച പാകിസ്താനാണ് ഗ്രൂപ്പ് ചാംപ്യന്‍മാര്‍. ആദ്യ കളിയില്‍ യുഎഇയെ തോല്‍പ്പിച്ച് തുടങ്ങിയ ഇന്ത്യക്കു പക്ഷെ രണ്ടാമത്തെ മല്‍സരത്തില്‍ ചിരവൈരികളായ പാകിസ്താനു മുന്നില്‍ അടിതെറ്റുകയായിരുന്നു. ഇതോടെയാണ് അഫ്ഗാനെതിരായ മല്‍സരം ഇന്ത്യക്കു ജീവന്മരണ പോരാട്ടമായി മാറിയത്.

ത്രസിപ്പിക്കുന്ന റണ്‍ചേസിനൊടുവിലായിരുന്നു അഫ്ഗാനിസ്താനെതിരേ ഇന്ത്യയുടെ വിജയം. വളരെ നന്നായി തുടങ്ങിയ ഇന്ത്യ പക്ഷെ ഒരു ഘട്ടത്തില്‍ പതറിയിരുന്നു. എന്നാല്‍ ലോവര്‍ ഓര്‍ഡറിന്റെ മികച്ച പ്രകടനം ഇന്ത്യയെ രക്ഷിക്കുകയായിരുന്നു.
260 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു അഫ്ഗാന്‍ ഇന്ത്യക്കു നല്‍കിയത്. ഇന്ത്യ 48.2 ഓവറില്‍ ആറു വിക്കറ്റിനു ഇതു മറികടക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ടഅഫ്ഗാനെ മികച്ച ടോട്ടലിലെത്തിച്ചത് രണ്ടു മധ്യനിര ബാറ്റര്‍മാരുടെ ഫിഫ്റ്റികളായിരുന്നു. പുറത്താവാതെ 86 റണ്‍സെടുത്ത ഇജാസ് അഹമ്മദാണ് ടീമിന്റെ ടോപ്‌സ്‌കോററായത്. 68 ബോളില്‍ ഏഴു സിക്‌സറും ഒരു ബൗണ്ടറിയുമടക്കമായിരുന്നു ഇത്. നായകന്‍ സുലൈമാന്‍ സാഫിയാണ് (73) മറ്റൊരു സ്‌കോറര്‍. 86 ബോൡ ഏഴു ബൗണ്ടറിയും ഒരു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഇന്ത്യക്കു വേണ്ടി രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍, രാജ് ബവ, വിക്കി ഒസ്ത്വാല്‍, കൗശല്‍ താംബെ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

റണ്‍ചേസില്‍ ഓപ്പണര്‍ ഹര്‍നൂര്‍ സിങാണ് ഇന്ത്യയുടെ ടോപ്‌സ്‌കോററായത്. താരം 65 റണ്‍സ് നേടി. 74 ബോളുകളില്‍ നിന്നും ഒമ്പത് ബൗണ്ടറികളോടെയായിരുന്നു ഇത്. രാജ് ബവ (43*), കൗശല്‍ താംബെ (35*), രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ (35), നായകന്‍ യഷ് ധൂല്‍ (26) എന്നിവരും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.

വിക്കറ്റ് നഷ്ടമില്ലാതെ 103 റണ്‍സെന്ന നിലയില്‍ നിന്നും ഒരു ഘട്ടത്തില്‍ ഇന്ത്യ ആറു വിക്കറ്റിന് 197 റണ്‍സിലേക്കു വീണിരുന്നു. അനായാസം ജയിക്കുമെന്ന് കരുതപ്പെട്ടിരുന്ന മല്‍സരത്തില്‍ ഇന്ത്യ തോല്‍ക്കുമോയെന്നു പോലും ഭയപ്പെട്ട നിമിഷമായിരുന്നു ഇത്. എന്നാല്‍ അപരാജിതമായ ഏഴാം വിക്കറ്റില്‍ ബവ-താംബെ ജോടി ഇന്ത്യയുടെ രക്ഷകരായി മാറി. 65 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി ഈ സഖ്യം ഇന്ത്യക്കു വിജയവും ഒപ്പം സെമി ഫൈനല്‍ ബെര്‍ത്തും സമ്മാനിക്കുകയായിരുന്നു. 55 ബോളില്‍ രണ്ടു ബൗണ്ടറികളോടെയാണ് ബവ 43 റണ്‍സ് നേടിയത്. താംബെയാവട്ടെ 29 ബോളില്‍ നാലു ബൗണ്ടറികള്‍ പായിച്ചാണ് 35 റണ്‍സ് നേടിയത്. ബംഗ്ലാദേശിനു വേണ്ടി നൂര്‍ അഹമ്മദ് നാലു വിക്കറ്റുകള്‍ വീഴ്ത്തി.

അതേസമയം, ഇതേ ഗ്രൂപ്പിലെ മറ്റൊരു മല്‍സരത്തില്‍ ആതിഥേരായ യുഎഇയെ തകര്‍ത്താണ് പാകിസ്താന്‍ ഗ്രൂപ്പ് ജേതാക്കളായത്. ആദ്യ രണ്ടും കളിയും ജയിച്ച പാക് പട നേരത്തേ തന്നെ സെമിയില്‍ കടന്നിരുന്നു. യുഎഇക്കെതിരേ 21 റണ്‍സിന്റെ വിജമയാണ് പാകിസ്താന്‍ ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റിന് 219 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ കാസിം അക്രമിന്റെ (50) ഇന്നിങ്‌സാണ് പാകിസ്താനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 67 ബോളില്‍ അഞ്ചു ബൗണ്ടറികള്‍ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഹസീബുള്ള (39), അഹമ്മദ് ഖാന്‍ (34*) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി. മറുപടിയില്‍ യുഎഇയെ ഒമ്പത് വിക്കറ്റിനു 198 റണ്‍സില്‍ ഒതുക്കിയാണ് പാകിസ്താന്‍ ഹാട്രിക്ക് വിജയമാഘോഷിച്ചത്. ബാറ്റിങിനൊപ്പം മൂന്നു വിക്കറ്റുകളുമായി കാസിം ബൗളിങിലും മികച്ചുനിന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications