മുംബൈ: ഐപിഎല്ലിന്റെ സെന്‍ട്രല്‍ സ്‌പോണ്‍സറായി എജ്യുക്കേഷന്‍ ടെക് കമ്പനിയായ അണ്‍അക്കാദമി വരുന്നു. ഇന്‍സൈഡ് സ്‌പോര്‍ട്ടാണ് ഇതു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നു പിന്‍മാറിയ ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ പകരക്കാരായാണ് അണ്‍അക്കാദമി ഐപിഎല്ലിലെത്തുന്നത്. മൂന്നു വര്‍ഷത്തെ കരാറിലാണ് അവര്‍ ഒപ്പുവച്ചിരിക്കുന്നതെന്നാണ് വിവരം. ഇതുപ്രകാരം ഈ കാലഘട്ടത്തില്‍ 120-130 കോടി രൂപ അണ്‍അക്കാദമി ബിസിസിഐയ്ക്കു നല്‍കും. ഇതു സംബന്ധിച്ച് ബിസിസിഐയുടെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാവും. ബിസിസിഐ ഒഫീഷ്യലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ഈ സീസണിലെ ഐപിഎല്ലിന്റെ സ്‌പോണ്‍സര്‍ഷിപ്പിലേക്കു വരുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബ്രാന്‍ഡ് കൂടിയാണ് അണ്‍അക്കാദമി. നേരത്തേ ടൂര്‍ണമെന്റിന്റെ മുഖ്യ സ്‌പോണ്‍സര്‍മാരായി ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനിയായ ഡ്രീം 11 മാറിയിരുന്നു. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ കമ്പനിയായ വിവോയ്ക്കു പകരമാണ് ഡ്രീം 11 മുഖ്യ സ്‌പോണ്‍സര്‍മാരായത്. അണ്‍അക്കാദമി, ബൈജൂസ് എന്നിവരെ പിന്തള്ളിയാണ് ഡ്രീം 11 ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായത്.
നേരത്തേ സെന്‍ട്രല്‍ സ്‌പോണ്‍സര്‍മാരായിരുന്ന ഡ്രീം 11 ഇപ്പോള്‍ മുഖ്യ സ്‌പോണ്‍സര്‍മാരായതോടെ സെന്‍ട്രല്‍ സ്‌പോണ്‍സര്‍മാരായി പുതിയൊരു കമ്പനിയെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബിസിസിഐ. ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റ് കമ്പനിയായ ക്രെഡുമായി (CRED) ഇതു സംബന്ധിച്ച് ബിസിസിഐ ചര്‍ച്ച നടത്തുന്നുണ്ട്.
സെന്‍ട്രല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നായി കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ നിന്നും ബിസിസിഐയ്ക്കു ലഭിച്ച വരുമാനം 618 കോടി രൂപയായിരുന്നു. ഇതില്‍ 440 കോടി രൂപ മുഖ്യ സ്‌പോണ്‍സര്‍മാരായ വിവോയില്‍ നിന്നായിരുന്നു. ഒഫീഷ്യല്‍ പാട്‌നര്‍മാരായ ടാറ്റ മോട്ടോഴ്‌സ്, എഫ്ബിബി, ഡ്രീം 11 എന്നിവരില്‍ നിന്നു 120 കോടി രൂപയും അംപയര്‍ സ്‌പോണ്‍സറായ പേടിഎമ്മില്‍ നിന്നും 28 കോടി രൂപയും സ്ട്രാറ്റെജിക് ടൈംഔട്ട് പാര്‍ട്‌നറായ സിയറ്റില്‍ നിന്നും 30 കോടി രൂപയുമാണ് ബിസിസിഐയ്ക്കു ലഭിച്ചത്. എന്നാല്‍ ഇത്തവണ വിവോയുടെ പിന്‍മാറ്റത്തോടെ വരുമാനത്തില്‍ സെന്‍ട്രല്‍ സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നുള്ള വരുമാനത്തില്‍ ബിസിസിഐയ്ക്കു 40 ശതമാനം നഷ്ടമാണ്ടായിട്ടുണ്ട്.
നേരത്തെ ചൈനാ വിരുദ്ധ മനോഭാവം ഇന്ത്യയില്‍ ശക്തമായതിനെത്തുടര്‍ന്നാണ് ചൈനീസ് കമ്പനിയായ വിവോ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയത്. 2019ല്‍ അഞ്ച് വര്‍ഷത്തെ കരാറാണ് വിവോയുമായി ബിസിസിഐ ഒപ്പിട്ടത്. ഇന്ത്യയില്‍ സുപരിചിതമായ ഡ്രീം11 ന്റെ അംബാസഡര്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയാണ്.