മുംബൈ: ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ചിടത്തോളം വില്ലനായ അംപയറാണ് നിധിന്‍ മേനോന്‍. ഇന്ത്യയുടെ മത്സരങ്ങളില്‍ പലപ്പോഴും നിധിന്റെ തീരുമാനങ്ങള്‍ പിഴക്കാറുണ്ട്. അതുകൊണ്ടുതന്നെ നിധിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ശത്രുവായാണ് ആരാധകര്‍ കാണുന്നത്. ഇന്ത്യയുടെ സൂപ്പര്‍ താരമായ വിരാട് കോലിക്കെതിരേ നിധിന്‍ മേനോനെടുത്ത പല തീരുമാനങ്ങളും വിവാദമായിട്ടുണ്ട്. കോലി നിധിനോട് കയര്‍ക്കുന്ന സാഹചര്യങ്ങള്‍ പോലുമുണ്ടായിട്ടുണ്ട്.
റിവ്യൂ സംവിധാനത്തിന്റെ വരവോടെ ഒരു പരിധിവരെ അംപയറുടെ തെറ്റായ തീരുമാനങ്ങളെ ചോദ്യം ചെയ്യാനുള്ള അവസരം ഉണ്ട്. എന്നാല്‍ റിവ്യൂ ചെയ്യുന്നതില്‍ നിയന്ത്രണമുള്ളതിനാല്‍ത്തന്നെ പിഴവുകള്‍ സംഭവിക്കുന്നത് തുടരുന്നു. ഇപ്പോഴിതാ ഇന്ത്യക്കെതിരായ മത്സരം നിയന്ത്രിക്കുമ്പോഴുള്ള വെല്ലുവിളിയെക്കുറിച്ചും എങ്ങനെയാണ് സമ്മര്‍ദ്ദം സൃഷ്ടിക്കപ്പെടുന്നതെന്നും ഐസിസി എലൈറ്റ് പാനല്‍ അംപയറായ നിധിന്‍ മേനോന്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.
'ഇന്ത്യ നാട്ടില്‍ കളിക്കുമ്പോള്‍ എപ്പോഴും വലിയ പ്രചാരം മത്സരങ്ങള്‍ക്ക് ലഭിക്കാറുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ താരങ്ങള്‍ നിരവധിയാണ്. അവരെല്ലാം എപ്പോഴും അംപയര്‍മാര്‍ക്ക് സമ്മര്‍ദ്ദം നല്‍കാന്‍ ശ്രമിക്കുകയും ചെയ്യും. 50-50 വരുന്ന തീരുമാനങ്ങളെല്ലാം അവര്‍ക്ക് അനുകൂലമാക്കാനാണ് ഇന്ത്യന്‍ താരങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ സമ്മര്‍ദ്ദം ഉണ്ടാവുമ്പോള്‍ അംപയര്‍മാര്‍ക്ക് നിയന്ത്രണം നഷ്ടമാവും.
ചെയ്യുന്ന കാര്യത്തില്‍ ശ്രദ്ധ നല്‍കാന്‍ സാധിക്കാതെ വരും. പക്ഷെ താരങ്ങള്‍ നല്‍കുന്ന സമ്മര്‍ദ്ദം ഒരിക്കല്‍ പോലും മുഖത്ത് കാട്ടാതെ മുന്നോട്ട് പോകാനാണ് ശ്രമിക്കാറ്. അങ്ങനെ ചെയ്യുന്നത് വലിയ ആത്മവിശ്വാസം നല്‍കും. ഇന്ത്യയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഐസിസി എലൈറ്റ് പാനലിലേക്കെത്തിയപ്പോള്‍ എനിക്ക് വലിയ അനുഭവസമ്പത്തില്ലായിരുന്നു. എന്നാല്‍ അവസാന മൂന്ന് വര്‍ഷംകൊണ്ട് അംപയറെന്ന നിലയില്‍ മെച്ചപ്പെടാന്‍ സാധിച്ചു'- നിധിന്‍ പറഞ്ഞു.
അവസാന രണ്ട് ടി20 ലോകകപ്പിലും അംപയറായി നിധിന്‍ മേനോനുണ്ടായിരുന്നു. ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക പരമ്പരയിലും അദ്ദേഹം അംപയറായി. ഇതിനോടകം 15 ടെസ്റ്റും 24 ഏകദിനവും 20 ടി20യുമാണ് അദ്ദേഹം നിയന്ത്രിച്ചത്. 2020 ജൂണിലാണ് അദ്ദേഹം എലൈറ്റ് പാനല്‍ അംപയറായത്. ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും മുഖ്യ പരിഗണന ലഭിക്കുന്ന അംപയര്‍മാരിലൊരാളാണ് നിധിന്‍. തീരുമാനമെടുക്കുമ്പോള്‍ സൂപ്പര്‍ താരങ്ങളില്ലെന്നും നിഷ്പക്ഷമായി തീരുമാനമെടുക്കാനാണ് ശ്രമിക്കുന്നതെന്നുമാണ് നിധിന്‍ പറഞ്ഞത്.
ഇപ്പോള്‍ ആഷസ് ടെസ്റ്റിലും അംപയറിങ് പാനലില്‍ നിധിന്‍ മേനോനുണ്ട്. 'അംപയറെന്ന നിലയില്‍ നിഷ്പക്ഷമായി തീരുമാനമെടുക്കാനാണ് ശ്രമിക്കുന്നത്. ഇംഗ്ലണ്ടില്‍ ദക്ഷിണാഫ്രിക്കയുടെ പരമ്പര നടന്നപ്പോള്‍ ഞാന്‍ ഇംഗ്ലണ്ടിലുണ്ടായിരുന്നു. അവിടെവെച്ച് ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലി കണ്ടതാണ്. അതുകൊണ്ട് തന്നെ എങ്ങനെയാണ് ആഷസ് നടക്കുകയെന്നത് അറിയാം. ഓസ്‌ട്രേലിയക്ക് മികച്ച ബൗളര്‍മാരുണ്ട്. ഇംഗ്ലണ്ട് കളിക്കുന്നത് വ്യത്യസ്തമായ ടെസ്റ്റ് ശൈലിയിലുമാണ്.

എന്നാല്‍ മത്സരം ഏത് ശൈലിയാണെങ്കിലും ബാറ്റും ബോളും തമ്മിലാണ് മത്സരം. പന്തിനെ നോക്കി ലളിതമായി തീരുമാനമെടുക്കാനാണ് ശ്രമിക്കുന്നത്. ആഷസ് നിയന്ത്രിക്കുകയെന്നത് വലിയ സ്വപ്‌നമാണ്. ഇതിന് മുമ്പുള്ള ആഷസില്‍ ഇത് സംഭവിക്കേണ്ടതായിരുന്നെങ്കിലും കോവിഡിനെത്തുടര്‍ന്ന് സാധിക്കാതെ പോയി. പ്രതീക്ഷയോടെയാണ് മുന്നോട്ട് പോകുന്നത്. ഇത്തവണ മികച്ച തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്'- നിധിന്‍ മേനോന്‍ കൂട്ടിച്ചേര്‍ത്തു.
വിരാട് കോലിയുടെ പേരിലാണ് നിധിന്‍ കൂടുതല്‍ വിമര്‍ശനം നേരിട്ടിട്ടുള്ളത്. കോലി ഇന്ത്യയുടെ സൂപ്പര്‍ താരമാണ്. അതുകൊണ്ട് തന്നെ കോലിയുടെ വിക്കറ്റ് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. കോലി ബാറ്റുചെയ്യുമ്പോള്‍ അംപയര്‍മാര്‍ക്ക് സ്വാഭാവിക സമ്മര്‍ദ്ദം ഉണ്ടാവും. ഇതോടെ തെറ്റുപറ്റാനുള്ള സാധ്യതയും കൂടുന്നു. കോലിക്ക് മാത്രമല്ല സച്ചിന്‍ ടെണ്ടുല്‍ക്കറിനും ഇത്തരത്തില്‍ നിരവധി തവണ തെറ്റായ തീരുമാനങ്ങളെത്തുടര്‍ന്ന് പുറത്താവേണ്ടി വന്നിട്ടുണ്ട്.
ഇപ്പോള്‍ സാങ്കേതികത വളര്‍ന്നതിനാല്‍ കൂടുതല്‍ കൃത്യതയോടെ തീരുമാനങ്ങളെടുക്കാന്‍ സാധിച്ചേക്കും. എന്നാല്‍ ഓണ്‍ഫീല്‍ഡ് അംപയര്‍ക്ക് എപ്പോഴും സമ്മര്‍ദ്ദം കൂടുതലായിരിക്കും. സെക്കന്റുകള്‍ക്കുള്ളില്‍ ഒരു പന്ത് ബാറ്റ്‌സ്മാനടുത്തേക്കെത്തുമ്പോള്‍ കൃത്യമായ തീരുമാനമെടുക്കുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്.