IND vs AUS: ഇതെന്ത് അംപയറിങ്? രഹാനെയെങ്കില്‍ റണ്ണൗട്ട്, പെയ്ന്‍ നോട്ടൗട്ടും! രൂക്ഷ വിമര്‍ശനം
മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ വിവാദ റണ്ണൗട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായി മാറുന്നത്. മൂന്നാം ദിനം രാവിലെയാണ് 112 റണ്‍സെടുത്തു നില്‍ക്കെ രഹാനെ റണ്ണൗട്ടായി മടങ്ങിയത്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ ടിം പെയ്ന്‍ സ്റ്റംപ് ചെയ്യുമ്പോള്‍ രഹാനെയുടെ ബാറ്റ് ക്രീസിലെ ലൈനില്‍ ടച്ച് ചെയ്തിരുന്നു. നേരത്തേ ഓസീസ് നായകന്‍ പെയ്ന്‍ സമാനമായ രീതിയില്‍ റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെട്ടിരുന്നു.
അന്നു നോട്ടൗട്ട് വിധിച്ച തേര്‍ഡ് അംപയര്‍ ഇത്തവണ രഹാനെയ്ക്കു സംശയത്തിന്റെ ആനുകൂല്യം നല്‍കാതെ ഔട്ട് വിളിച്ചതാണ് ഇന്ത്യന്‍ ആരാധകരെ ചൊടിപ്പിച്ചത്. ഇതേ തുടര്‍ന്നു ട്വിറ്ററിലൂടെ നിരവധി പേരാണ് അംപയറുടെ ഇരട്ടത്താപ്പിനെതിരേ ആഞ്ഞടിച്ചത്. ഒരേ സംഭവങ്ങളില്‍ രണ്ടു പേര്‍ക്കും വ്യത്യസ്ത നിയമങ്ങളാണോയെന്നാണ് പലരും ചോദിക്കുന്നത്.

നോട്ടൗട്ട് വിധിക്കണമായിരുന്നു
രഹാനെയുടേത് തേര്‍ഡ് അംപയര്‍ നോട്ടൗട്ട് വിളിക്കണമായിരുന്നു. കഴിഞ്ഞ ദിവസം ടിം പെയ്‌നിന്റെ സംഭവവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒരു വ്യത്യാസവും കാണാനാവില്ല, അംപയറുടെ തീരുമാനത്തില്‍ മാത്രമാണ് വ്യത്യാസമുള്ളതെന്നും ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.
പെയ്ന്‍ 'ഇന്‍' ആയ അതേ മാര്‍ജിനില്‍ തന്നെ രഹാനെ 'ഔട്ട്്' ആയതായി ഒരു യൂസര്‍ പരിഹസിച്ചു.
ഇതു വളരെ സിംപിളാണ്, ഇതിനെയാണ് പക്ഷപാതപരമായ അംപയറിങെന്നു പറയുന്നതെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

ഇതു ചതിയാണ്
ഇതു തീര്‍ച്ചയായും ചതിയാണ്. പെയ്‌നിനു യാതൊരു 'പെയ്‌നും' ഉണ്ടായില്ല, പക്ഷെ രഹാനെയോടു ക്രൂരമായി പെരുമാറി. രണ്ടു സ്റ്റുപുകളിലെയും ബെയ്ല്‍സ് പൊങ്ങിയാല്‍ മാത്രമേ ഔട്ടാവുകയുള്ളൂവെന്നായിരുന്നു നേരത്തേ സൈമണ്‍ ടോഫ് പറഞ്ഞത്. പക്ഷെ രഹാനെയുടെ കാര്യത്തില്‍ അതു കാണാന്‍ കഴിയില്ലെന്നു ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.
ഒരൊറ്റ ഫ്രെയിം കണ്ടപ്പോള്‍ തന്നെ തേര്‍ഡ് അംപയര്‍ പെട്ടെന്നു രഹാനെ ഔട്ടാണെന്നു വിധിച്ചു. പെയ്‌നിന്റെ ഔട്ട് നല്‍കിയതുമില്ല. രണ്ടു പേരും ഒട്ടായിരുന്നുവെന്നാണ് മറ്റൊരു യൂസര്‍ പ്രതികരിച്ചത്.

പെയ്ന്‍ രക്ഷപ്പെട്ടു
ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിങ്‌സില്‍ ടിം പെയ്ന്‍ കഷ്ടിച്ചാണ് റണ്ണൗട്ടില്‍ നിന്നും രക്ഷപ്പെട്ടത്. പെയ്‌നും കാമറോണ്‍ ഗ്രീനും തമ്മിലുള്ള ആശയക്കുഴപ്പായിരുന്നു ഇതിനു വഴിയൊരുക്കിയത്. കവേഴ്‌സില്‍ നിന്നുള്ള ഉമേഷ് യാദവിന്റെ ത്രോയില്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ റിഷഭ് പന്ത് പെയ്‌നിനെ
സ്റ്റംപ് ചെയ്യുകയും ചെയ്തു.
ഒരുപാട് സമയമെടുത്താണ് തേര്‍ഡ് അംപയര്‍ തന്റെ തീരുമാനം പ്രഖ്യാപിച്ചത്. പന്ത് ബെയ്ല്‍സ് തെറിപ്പിക്കുമ്പോള്‍ പെയ്‌നിന്റെ ബാറ്റ് ലൈനിന് മുകളിലായാണ് കാണപ്പെട്ടത്. പല ആംഗിളുകളില്‍ നിന്നും റീപ്ലേ പരിശോധിച്ച ശേഷം തേര്‍ഡ് അംപയര്‍ പെയ്ന്‍ നോട്ടൗട്ടല്ലെന്നു വിധിക്കുകയായിരുന്നു. എന്നാല്‍ രഹാനെയുടെ വിഷയത്തില്‍ വ്യത്യസ്ത ആംഗിളുകളില്‍ നിന്നും പരിശോധിക്കാനൊന്നും മുതിരാതെ തേര്‍ഡ് അംപയര്‍ വളരെ വേഗത്തില്‍ ഔട്ടാണെന്നു വിധിക്കുകയും ചെയ്തു. ഇതാണ് വിവാദത്തിനു വഴിവച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications