ബുലാവായോ: ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ മുന്‍ ജേതാക്കളും അഞ്ചു തവണ ചാംപ്യന്‍മാരുമായ ഇന്ത്യ വിജയത്തോടെ തന്നെ തുടങ്ങിയിരിക്കുകയാണ്. ഗ്രൂപ്പ് എയില്‍ മഴ രസം കെടുത്തിയ മല്‍സരത്തില്‍ ഡെക്ക് വര്‍ത്ത് ലയിസ് നിയമപ്രകാര ആറു വിക്കറ്റിന്റെ വിജയമാണ് ആയുഷ് മാത്രെ നയിച്ച ഇന്ത്യന്‍ യുവനിര സ്വന്തമാക്കിയത്.
കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശി (2) ഫ്‌ളോപ്പായെങ്കിലും അതു ടീമിനു വലിയ ക്ഷീണമായില്ല. കാരണം ടോസ് നഷ്ടമായി ബാറ്റിങിന് അയക്കപ്പെട്ട അമേരിക്കയെ 50 ഓവര്‍ പോലും ക്രീസില്‍ നില്‍ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. 35.2 ഓവറില്‍ വെറും 107 റണ്‍സിനു അമേരിക്കയെ ഇന്ത്യ എറിഞ്ഞിട്ടിരുന്നു.
മറുപടിയില്‍ നാലോവറില്‍ ഒരു വിക്കറ്റിനു 21 റണ്‍സില്‍ നില്‍ക്കവെ മഴ കാരണം മല്‍സരം ഏറെ നേരം നിര്‍ത്തിവയ്‌ക്കേണ്ടതായി വന്നു. കളി പുനരാരംഭിച്ചപ്പോള്‍ ഇന്ത്യന്‍ ലക്ഷ്യം 96 റണ്‍സായി പുനര്‍നിശ്ചയിച്ചു.

വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുണ്ഡുവിന്റെ (41 ബോളില്‍ 42*) ഇന്നിങ്‌സിലേറി 17.2 ഓവറില്‍ നാലു വിക്കറ്റിന് ഇന്ത്യ വിജയ റണ്‍സും കുറിക്കുകയായിരുന്നു. വൈഭവിനെ കൂടാതെ മാത്രെ (19), വേദാന്ദ് ത്രിവേദി (2), വിഹാന്‍ മല്‍ഹോത്ര (18) എന്നിവരെയാണ് ടീമിനു നഷ്ടമായത്. കുണ്ഡുവും കനിഷ് ചൗഹാനും (10) ചേര്‍ന്ന് ടീമിന്റെ ജയവും പൂര്‍ത്തിയാക്കി.
നേരത്തേ അമേരിക്കന്‍ ബാറ്റിങ് നിരയുടെ നടുവൊടിച്ചത് വലംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഹെനില്‍ പട്ടേലാണ്. അഞ്ചു വിക്കറ്റുകള്‍ പിഴുത താരമാണ് അമേരിക്കയുടെ അന്തകനായത്. ഏഴോവറില്‍ ഒരു മെയ്ഡടനടക്കം വെറും 16 റണ്‍സ് വിട്ടു കൊടുത്തായിരുന്നു ഹെനിലിന്റെ മാജിക്കല്‍ പ്രകടനം.
വാലറ്റത്ത് നിതീഷ് സുഡിനിയുടെ ഒറ്റയാള്‍ പോരാട്ടമാണ് ടീമിന്റെ മാനംകത്തത്. അല്ലായിരുന്നെങ്കില്‍ അവര്‍ 100 റണ്‍സ് പോലും തികയ്ക്കില്ലായിരുന്നു. 52 ബോളില്‍ നാലു ഫോറടക്കം 36 റണ്‍സോടെ താരം ടീമിന്റെ ടോപ്‌സ്‌കോററായി. അമേരിക്കന്‍ നിരയില്‍ 20ന് മുകളില്‍ നേടിയ ഏക താരവും നിതീഷാണ്.
മലയാളി താരങ്ങളായ മുന്‍നിര ബാറ്റര്‍ ആരോണ്‍ ജോര്‍ജും സ്പിന്നര്‍ മുഹമ്മദ് ഇനാനും ഇന്ത്യന്‍ ടീമിന്റെ ഭാഗമാണെങ്കിലും രണ്ടു പേര്‍ക്കും ഈ മല്‍സരത്തില്‍ പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചില്ല. ഇന്ത്യയുടെ അടുത്ത ഗ്രൂപ്പ് മല്‍സരങ്ങള്‍ ശനിയാഴ്ച ബംഗ്ലാദേശിനെതിരേയും അടുത്ത ശനിയാഴ്ച (ജനുവരി 24) കരുത്തരായ ന്യൂസിലാന്‍ഡിനെതിരേയുമാണ്.
ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡ്
ആയുഷ് മാത്രെ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, ആര്‍എസ് അംബ്രീഷ്, കനിഷ്‌ക് ചൗഹാന്‍, ദീപേഷ് ദേവേന്ദ്രന്‍, മുഹമ്മദ് ഇനാന്‍, ആരോണ്‍ ജോര്‍ജ്, അഭിഗ്യാന്‍ കുണ്ഡു (വിക്കറ്റ് കീപ്പര്‍), കിഷന്‍ കുമാര്‍ സിംഗ്, വിഹാന്‍ മല്‍ഹോത്ര, ഉദ്ധവ് മോഹന്‍, ഹെനില്‍ പട്ടേല്‍, ഖിലാന്‍ എ പട്ടേല്‍, ഹര്‍വന്‍ഷ് പംഗാലിയ (വിക്കറ്റ് കീപ്പര്‍), വേദാന്ത് ത്രിവേദി.