ബുലാവായോ: സിംബാബ്‌വെയില്‍ പുരോഗമിക്കുന്ന ഐസിസിയുടെ അണ്ടര്‍ 19 ഏകദിന ലോകകപ്പില്‍ (U19 WC 2026) സെമി ഫൈനലിനു തൊട്ടരികെ നില്‍ക്കുകയാണ് ടീം ഇന്ത്യ. ആയുഷ് മാത്രെയ്ക്കു കീഴിലിറങ്ങിയ യുവനിര ഒരു കളി പോലും തോല്‍ക്കാതെയാണ് കുതിക്കുന്നത്. ഇതിനകം കളിച്ച നാലു മല്‍സരങ്ങളിലും ഇന്ത്യ ജയിച്ചു കഴിഞ്ഞു.
ഇനി ലോക കിരീടത്തിലേക്കുള്ള ദൂരം വെറും മൂന്നു കളിലാണ്. ചിരവൈരികളായ പാകിസ്താനുമായുള്ള സൂപ്പര്‍ സിക്‌സ് പോരാട്ടവും അതിനു ശേഷം സെമി ഫൈനലും ഫൈനലുമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടായി മാറുമെന്നു ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത് 15 കാരനായ ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയായിരുന്നു.

പക്ഷെ വൈഭവിനെ ഓവര്‍ടേക്ക് ചെയ്ത് പുതിയൊരു ഹീറോ ഈ ടൂര്‍ണമെന്റില്‍ ഉയര്‍ന്നു വന്നിരിക്കുകയാണ്. ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ വൈസ് ക്യാപ്റ്റന്‍ വിഹാന്‍ മല്‍ഹോത്രയാണ് ഈ സര്‍പ്രൈസ് താരം. ഈ ലോകകപ്പില്‍ ഇന്ത്യ ഇതിനകം കളിച്ച നാലു മല്‍സരങ്ങളില്‍ രണ്ടിലും പ്ലെയര്‍ ഓഫ് ദി മാച്ചായത് വിഹാനാണ്. ടീമിന്റെ പുതിയ മാച്ച് വിന്നറായി മാറിയ ഈ താരം ആരാണെന്നറിയാം.
വരവറിയിച്ച് വിഹാന്‍
ഇത്തവണത്തെ അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലാദേശുമായുള്ള രണ്ടാമത്തെ ഗ്രൂപ്പ് മല്‍സരത്തിലാണ് വിഹാന്‍ മല്‍ഹോത്ര ഇന്ത്യന്‍ കുപ്പായത്തില്‍ ആദ്യത്തെ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയത്. താരം മിന്നിച്ചത് പക്ഷെ ബാറ്റിങിലല്ല, ബൗളിങിലാണെന്നു മാത്രം.
ബംഗ്ലാദേശിനെതിരേ നാലാം നമ്പറില്‍ ബാറ്റിങിന് ഇറങ്ങിയ വിഹാന് 24 ബോളുകള്‍ വെറും ഏഴു റണ്‍സ് മാത്രമേ നേടാനായുള്ളൂ. പക്ഷെ ബൗളിങില്‍ താരം ടീമിന്റെ ഹീറോയായി മാറി.
നാലോവര്‍ ബൗള്‍ ചെയ്ത വിഹാന്‍ വെറും 3.5 ഇക്കോണമി റേറ്റില്‍ 14 റണ്‍സ് വിട്ടുകൊടുത്ത ശേഷം പിഴുതത് നാലു വിക്കറ്റുകളാണ്. മഴ നിയപ്രകാരം ബംഗ്ലാദേശിനെതിരേ ഇന്ത്യ 18 റണ്‍സിന്റെ വിജയം സ്വന്തമാക്കിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ചായതും വിഹാന്‍ തന്നെ.
അതിനു ശേഷം ആതിഥേയരായ സിംബാബ്‌വെയ്‌ക്കെതിരേയുള്ള സിക്‌സിലെ ആദ്യ കൡയില്‍ ഇന്ത്യ 204 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയപ്പോഴും പ്ലെയര്‍ ഓഫ് ദി മാച്ചായി താരം തിരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ ബൗളിങിലല്ല, മറിച്ച് ബാറ്റിങാണ് വിഹാന്റെ മാജിക്ക് കണ്ടത്.
സെഞ്ച്വറിയോടെയാണ് താരം ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ സെഞ്ച്വറി വീരനായും യുവ ബാറ്റര്‍ മാറി. പുറത്താവാതെ 109 റണ്‍സ് വിഹാന്‍ അടിച്ചെടുത്തു. 107 ബോളില്‍ ഏഴു ഫോറുകളുടെ അകമ്പടിയോടെയാണിത്. ബൗളിങില്‍ പക്ഷെ താരത്തെ ക്യാപ്റ്റന്‍ ആയുഷ് മാത്രെയ്ക്ക് ഉപയോഗിക്കേണ്ടി വന്നില്ല.
വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുണ്ഡു (215 റണ്‍സ്), വൈഭവ് സൂര്യവംശി (166) എന്നിവര്‍ കഴിഞ്ഞാല്‍ ഈ ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സെടുത്ത മൂന്നാത്തെ താരം കൂടിയാണ് വിഹാന്‍. നാലിന്നിങ്‌സില്‍ 75.50 ശരാശരിയില്‍ 151 റണ്‍സ് താരം സ്‌കോര്‍ ചെയ്തു. ബൗളിങിലാവട്ടെ ഒരിന്നിങ്‌സില്‍ നാലു വിക്കറ്റുകളും പോക്കറ്റിലാക്കി.

ആരാണ് വിഹാന്‍?
പഞ്ചാബിലെ പട്യാലയില്‍ 2007 ജനുവരി ഒന്നിനാണ് വിഹാന്‍ മല്‍ഹോത്ര ജനിച്ചത്. ഇടംകൈയന്‍ ബാറ്ററും വലംകൈ ഓഫ് ബ്രേക്ക് ബൗളറുമായ താരം ആഭ്യന്തര ക്രിക്കറ്റില്‍ വ്യത്യസ്ത പ്രായ കാറ്റഗറിയിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെയാണ് ഉയര്‍ന്നു വരുന്നത്.
ഇതു താരത്തെ ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലെത്തിക്കുകയായിരുന്നു. അവിടെയും വിഹാന്‍ ഫോം തുടര്‍ന്നു. അണ്ടര്‍ 19 ഏഷ്യാ കപ്പിലെയും ഇംഗ്ലണ്ട് പര്യടനത്തിലെയും ശ്രദ്ധേയമായ പ്രകടനങ്ങള്‍ താരത്തെ ടീമിലെ അവിഭാജ്യഘടകമാക്കി മാറ്റി.
ഇത് കഴിഞ്ഞ ഐപിഎല്‍ മിനി ലേലത്തില്‍ നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമില്‍ വിഹാന എത്തിക്കുകയും ചെയ്തു. 30 ലക്ഷം രൂപയ്ക്കാണ് 19 കാരനെ ആര്‍സിിബി സ്വന്തമാക്കിയത്.