ബുലാവായോ: ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പിലെ (U19 world cup 2026) സൂപ്പര്‍ സിക്‌സില്‍ വമ്പന്‍ ജയം കൊയ്തിരിക്കുകയാണ് ആയുഷ് മാത്രെയുടെ യുവ ഇന്ത്യ. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ ആതിഥേയരായ സിംബാബ്‌വെയെ 204 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തുവിട്ടത്. വിഹാന്‍ മല്‍ഹോത്രയുടെ (109*) അപരാജിത സെഞ്ച്വറിയിലേറി ഇന്ത്യ 50 ഓവറില്‍ 352 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ മല്‍സരവിധി ഉറപ്പായിരുന്നു.
റണ്‍ചേസില്‍ ഇന്നിങ്‌സിലെ ആദ്യ ബോളില്‍ തന്നെ വിക്കറ്റ് നഷ്ടത്തോടെ തുടങ്ങിയ സിംബാബ്‌വെ ഒരു ഘട്ടത്തിലും വെല്ലുവിളിയുര്‍ത്താതെയാണ് കീഴടങ്ങിയത്. 37.4 ഓവറില്‍ 148 റണ്‍സുമായി അവരുടെ പോരാട്ടം അവസാനിപ്പിക്കുകയും ചെയ്തു. ലീറോയ് ചിവൗല (62) മാത്രമേ സിംബാബ്‌വെ നിരയില്‍ പിടിച്ചുനിന്നുള്ളൂ.

ഈ ജയത്തോടെ സെമി ഫൈനലിലേക്കു ഇന്ത്യ ഒരുപടി കൂടി അടുത്തിരിക്കുകയാണ്. മൂന്നു വിക്കറ്റ് വീതമെടുത്ത ഉദ്ദവ് മോഹനും നായകന്‍ ആയുഷ് മാത്രെയുമാണ് സിംബാബ്‌വെ എറിഞ്ഞിട്ടത്. ചിരവൈരികളായ പാകിസ്താനുമായി ഞായറാഴ്ചയാണ് ഇന്ത്യയുടെ അവസാനത്തെ സൂപ്പര്‍ ഫോര്‍ പോരാട്ടം. അതില്‍ വിജയിക്കാനായാല്‍ ഇന്ത്യക്ക് സെമിയിലക്കു ടിക്കറ്റെടുക്കുകയും ചെയ്യാം.
റണ്‍മഴ പെയ്യിച്ച് ഇന്ത്യ
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ശേഷം ഇന്ത്യയുടെ റണ്‍മഴ തന്നെയാണ് കണ്ടത്. എട്ടു വിക്കറ്റുകള്‍ നഷ്ടത്തിലാണ് യുവനിര എട്ടു വിക്കറ്റിന് 352 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഇന്ത്യന്‍ സ്‌കോറിങിനു ചുക്കാന്‍ പിടിച്ചതാവട്ടെ കഴിഞ്ഞ ഐപിഎല്‍ ലേലത്ത്ില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിലെത്തിയ വിഹാന്‍ മല്‍ഹോത്രയാണ്.
107 ബോളിലാണ് ഏഴു ഫോറുകളുടെ അകമ്പടിയോടെ ഇടംകൈയന്‍ ബാറ്റര്‍ പുറത്താവാതെ 109 റണ്‍സ് സ്‌കോര്‍ ചെയ്തത്. വിഹാനെ കൂടാതെ വിക്കറ്റ് കീപ്പര്‍ അഭിഗ്യാന്‍ കുണ്ഡുവിന്റെയും (61) കൗമാര ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയുടെയും (52) ഫിഫ്റ്റികളും ഇന്ത്യക്കു കരുത്തായി.
62 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് കുണ്ഡുവിന്റെ ഇന്നിങ്‌സ്. വൈഭവ് 30 ബോളിലാണ് 52 റണ്‍സ് വാരിക്കൂട്ടിയത്. നാലു വീതം ഫോറും സിക്‌സറുമടക്കമാണിത്. ഓപ്പണറും മലയാളി താരവുമായ ആരോണ്‍ ജോര്‍ജ് 23 റണ്‍സിനും ക്യാപ്്റ്റന്‍ ആയുഷ് മാത്രെ 21 റണ്‍സിനും ക്രീസ് വിട്ടു.
ഭേദപ്പെട്ട തുടക്കമാണ് വൈഭവും ആരോണും ചേര്‍ന്ന് ഇന്ത്യക്ക് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 44 റണ്‍സ് ഇവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ 11ാം ഓവറില്‍ മാത്രെയെയും പിന്നാലെ വൈഭവിനെയും നഷ്ടമായതോടെ ഇന്ത്യ മൂന്നിന് 101 റണ്‍സെന്ന നിലയില്‍ ചെറുതായൊന്നു പതറി.
എന്നാല്‍ അഞ്ചാം വിക്കറ്റില്‍ വിഹാനും കുണ്ഡുവും സെഞ്ച്വറി കൂട്ടുകെട്ടുണ്ടക്കിയതോടെ ഇന്ത്യ പിടമുറുക്കി. 115 ബോളില്‍ 113 റണ്‍സാണ് ഇരുവരും ടീം ടോട്ടലിലേക്കു ചേര്‍ത്തത്. 36ാം ഓവറില്‍ അഞ്ചാമനായി കുണ്ഡു മടങ്ങുമ്പോഴേക്കും ഇന്ത്യന്‍ സ്‌കോര്‍ 243ലെത്തിയിരുന്നു. ഏഴാം വിക്കറ്റില്‍ വിഹാനും അംബ്രീഷും ചേര്‍ന്ന് 50 ബോളില്‍ നേടിയ 52റണ്‍സാണ് ഇന്ത്യയെ 300 കടത്തിയത്.
അതേസമയം, നേരത്തേ ഗ്രൂപ്പ് ബിയിലെ മന്നൂ മല്‍സസങ്ങളിലും ജയിച്ച് ഒന്നാംസ്ഥാനക്കാരായിട്ടാണ് ഇന്ത്യ സൂപ്പര്‍ ഫോറിലേക്കു മുന്നേറിയത്. ആദ്യ മാച്ചില്‍ മഴ നിയമപ്രകാരം അമേരിക്കയെ ആറു വിക്കറ്റിനു തകര്‍ത്താണ് ഇന്ത്യയുടെ തുടക്കം.
രണ്ടാമങ്കത്തില്‍ ഡിഎല്‍എസ് നിയമപ്രകാരം ബംഗ്ലാദേശിനെ 18 റണ്‍സിനു ഇന്ത്യ മറികടന്നു. അവസാന ഗ്രൂപ്പ് മല്‍സരത്തില്‍ വീണ്ടും ഡിഎല്‍എസ് പ്രകാരം ന്യൂസിലാന്‍ഡിനെ ഏഴു വിക്കറ്റിനും ഇന്ത്യ തുരത്തുകയായിരുന്നു.